വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറിയതിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആദ്യമായി ജൂലൈ 25ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 81 കാരനായ ബൈഡൻ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതൽ ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലെ വസതിയിൽ ഐസൊലേഷനിലായിരുന്നു. ഈ കാലയളവിൽ ബൈഡൻ പൊതുജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രസിഡന്റ് ഉടൻ വൈറ്റ് ഹൗസിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ 5 ന് ആണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്.
“നാളെ വൈകുന്നേരം 8 മണിക്ക് ET, ഓവൽ ഓഫീസിൽ നിന്ന് ഞാൻ രാജ്യത്തെ അഭിസംബോധന ചെയ്യും. എന്താണ് ഇനി സംഭവിക്കാനിരിക്കുന്നതെന്നും അമേരിക്കൻ ജനതയ്‌ക്കായി ഞാൻ എങ്ങനെ ജോലി പൂർത്തിയാക്കുമെന്നും വ്യക്തമാക്കും,” ബൈഡൻ എക്‌സിൽ പങ്കിട്ട പോസ്റ്റിൽ പറഞ്ഞു.