ദുബൈ: ദുബൈയില്‍ 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബില്‍ തീരുമാനം. സ്പോര്‍ട്സ് മ്യൂസിയം, സ്പോര്‍ട്സ് സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് എന്നിവയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 സീറ്റുകളാണുണ്ടാവുക. നാലാം തലമുറ സാങ്കേതിക വിദ്യയോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുണ്ടാകും. എന്നാല്‍ എവിടെയായിരിക്കും സ്റ്റേഡിയം നിര്‍മിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ദുബൈ കിരീടാവകാശിയും സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തില്‍ മെയ്ദാന്‍ ഹോട്ടലില്‍ നടന്ന സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബിലാണ് ദുബൈയുടെ കായിക രംഗത്തിന് കുതിപ്പേകുന്ന ഒമ്പതിന തീരുമാനങ്ങളെടുത്തത്. എക്സ്പോ 2020 മുന്നില്‍ കണ്ടാണ് തീരുമാനങ്ങള്‍. കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന സ്കൂളുകള്‍ക്ക് ശൈഖ് ഹംദാന്‍െറ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി. വനിതകള്‍ക്കായി കായിക ക്ളബുകളും സ്പോര്‍ട്സ് കോംപ്ളക്സുകളും നിര്‍മിക്കും. രാജ്യത്തിന്‍െറ കായിക ചരിത്രം വിശദമാക്കുന്ന സ്പോര്‍ട്സ് മ്യൂസിയം, സ്പോര്‍ട്സ് മെഡിസിന്‍ സെന്‍റര്‍ എന്നിവയും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. 2021 മുതല്‍ എല്ലാ ഫുട്ബാള്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കും.
ഫണ്ട് അവരവര്‍ കണ്ടത്തെണം. 2017ല്‍ അന്താരാഷ്ട്ര കായിക മത്സരം സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മെയ്ദാന്‍ ഹോട്ടലില്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബ് സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍, ജനറല്‍ സെക്രട്ടറി സഈദ് ഹാരിബ്, യു.എ.ഇ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് അല്‍ കമാലി എന്നിവരും സന്നിഹിതരായിരുന്നു.