റിയാദ്: സൗദിയില്‍ മലയാളിയായ വീട്ടമ്മയുടെ ബാഗില്‍ നിന്ന് മന്ത്രവാദ രേഖ പിടികൂടി. കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റത്തില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഈ മലയാളിയുവതി രക്ഷപ്പെട്ടത്. പാലക്കാട് സ്വദേശിനിയായ ലൈലയുടെ (37) ബാഗില്‍ നിന്നാണ് പുരോഹിതന്‍ മന്ത്രിച്ച് എഴുതിയ കടലാസ് കഷണം ഇവര്‍ക്ക് വിനയായത്.
സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൗദി മതകാര്യ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്‌പോണ്‍സര്‍ ശമ്പളവും ഭക്ഷണവും നല്‍കുന്നില്ല എന്ന പരാതിയുമായി ലൈല പോലീസില്‍ അഭയം തേടുകയും ,ഇതിനെ തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നതിനിടയിലാണ് ലൈലയുടെ ബാഗ് സ്‌പോണ്‍സര്‍ പരിശോധിക്കുന്നത്.
ബാഗില്‍ നിന്ന് കണ്ടെത്തിയ കടലാസ് രേഖ എന്താണെന്നും ഇത് അറിഞ്ഞ ശേഷമേ നാട്ടില്‍ പോകാന്‍ അനുവദിക്കുകയും ഉള്ളൂവെന്ന നിലപാടാണ് ഇവര്‍ക്ക് വിനയായത്.വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ വെച്ച് തനിക്ക് അസുഖം വന്നപ്പോള്‍ ഉമ്മ പുരോഹിതനോട് എഴുതി വാങ്ങിയ കടലാസാണ് ഇതെന്നും ഇത് ബാഗില്‍ ഉളള കാര്യം അറിയാതെയാണ് സൗദിയില്‍ എത്തിയതെന്നും ലൈല പറഞ്ഞു. സൗദിയിലെ നിയമ പ്രകാരം ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
ലൈലയുടെ കേസില്‍ മുന്‍പ് ഇടപെട്ട സാമൂഹിക പ്രവര്‍ത്തകനായ ഇബ്രാഹിം പട്ടാമ്പിയും സൗദി മതകാര്യ പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഇവരെ വിട്ടയക്കുകയുമായിരുന്നു.