ഡബ്ലിന്‍: ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് രൂക്ഷമാകുന്നു. 49 രോഗികളാണ് രാവിലെ മുതല്‍ ട്രോളിയിലും ചെയറിലുമായി കാത്തിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ തിരിക്ക് അനിയന്ത്രിതമായതിനെതുടര്‍ന്ന് ബ്യൂമണ്ടിലേക്ക് വന്ന ആംബുലന്‍സുകളെ ദോഗ്രഡയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എമര്‍ജന്‍സി വിഭാഗത്തിലെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കി. എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റിലെ തിരക്കിനെ തുടര്‍ന്ന് ദോഗ്രഡ ഒവര്‍ ലേഡി ഹോസ്പിറ്റലിലെ നഴ്‌സുമാരെ ഇന്നലെ വൈകിട്ട് മുതല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്ന് ബ്യൂമണ്ട് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാര്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജോലി ചെയ്യുകയാണെന്ന് ഐറിഷ് നഴസസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഓര്‍ഗനൈസേഷന്‍( INMO) പറഞ്ഞു. ദോഗ്രഡ ഹോസ്പിറ്റലുമായി സഹകരിച്ച് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമം പ്രശ്‌നത്തിന് പരിഹാരമല്ലെന്നും ഇത് എപ്പോഴും പ്രാവര്‍ത്തികമാകില്ലെന്നും INMO ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ഓഫീസര്‍ ലൊറെയ്ന്‍ മൊനഗന്‍ പറഞ്ഞു.
എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് രൂക്ഷമായി തുടരുകയാണ്. അത്യാഹിതവിഭാഗത്തില്‍ ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളില്‍ ഭൂരിഭാഗവും 75 വയസിനുമുകളില്‍ പ്രായമുള്ളവരാണ്. അവശരായ രോഗികളെ അപമാനിക്കുന്നതും മനുഷ്യത്വമില്ലാതെ പെരുമാറുന്നതും അംഗീകരിക്കാനാവില്ലെന്ന് മോനഗന്‍ പറഞ്ഞു. പ്രശ്‌നം നിലവിലുള്ളതിനേക്കാള്‍ ഗുരുതരമാകുമെന്നും INMO മുന്നറിയിപ്പു നല്‍കി. ഹോസ്പിറ്റലിലെ സൗകര്യക്കുറവും ലോംഗ് ടേം നഴ്‌സിംഗ് ഹോം ബെഡുകള്‍ ആവശത്തിന് ഇല്ലാത്തതും പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുകയാണ്. ജീവനക്കാരുടെ കുറവും വലിയ പ്രശ്‌നമായി നിലനില്‍ക്കുകയാണ്. അമിതജോലിഭാരം ജീവനക്കാരെയും സാരമായി ബാധിക്കുന്നുവെന്നും മൊനഗന്‍ വ്യക്തമാക്കി.
തിരക്കിനെ തുടര്‍ന്ന് രോഗികള്‍ക്കും ജീവനക്കാര്‍ക്കുമുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ബ്യൂമണ്ട് ഹോസ്പിറ്റല്‍ വക്താവ് ക്ഷമാപണം നടത്തി. ഏറ്റവും തിരക്കേറിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റാണ് ബ്യൂമണ്ടിലേതെന്നും ഒരോ വര്‍ഷവും 50,000 ത്തിലേറെ രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നതെന്നും 2015 ല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറ്റവും തിരക്കനുഭവപ്പെട്ട വര്‍ഷമായിരുന്നുവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.