വിദേശ വനിത ലിഗയുടെ മരണം; അധോലോകത്തിലേക്ക് വിരല്‍ച്ചൂണ്ടി രഹസ്യാന്വേഷണ വിഭാഗം. പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ എളുപ്പമല്ലാത്ത കണ്ടൽ കാടിനുള്ളിൽ ലിഗ എത്തിപ്പെട്ടത് എങ്ങനെ?

കൊച്ചി:വിദേശ യുവതി ലിഗയുടെ മരണം കൊലപാതകമാണെന്നു പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറയുന്നു. യുവതിയെ കണ്ടെത്താന്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നു രഹസ്യാന്വേഷണ വിഭാഗം അടിവരയിട്ടുപറയുന്നു.

കേസന്വേഷിക്കുന്ന പ്രത്യേകസംഘം ഇതു മുഖവിലയ്ക്കെടുക്കുന്നില്ല. മുന്‍ കാലങ്ങളില്‍ പോലീസിനു പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ചാരന്‍മാര്‍ ഉണ്ടായിരുന്നു. ക്രിമിനല്‍സംഘങ്ങള്‍ കുറ്റകൃത്യം നടത്തിയാല്‍ ഇവര്‍ വിവരം പോലീസിനു കൈമാറും. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോലോക സംഘത്തിലേക്കെത്താന്‍ പോലീസിനു കഴിയാത്തതു നാണക്കേടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പോലീസിന്റെയും ഒത്താശയില്‍ ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

യുവതിയെ കാണാതായെന്നു പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ഇവിടെ പരിശോധനയ്ക്ക് മുതിര്‍ന്നിരുന്നെങ്കില്‍ മൃതദേഹം ഇത്രയും മോശം അവസ്ഥയിലാകുമായിരുന്നില്ല. നിര്‍ണായക തെളിവുകള്‍ മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് അന്വേഷണ സംഘം. അതിനിടെ, ഫോറന്‍സിക് വിദഗ്ധരോടൊപ്പം ലിഗയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തങ്ങളുടെ കൂട്ടത്തിലുള്ള വിദേശ ഡോക്ടറെക്കൂടി അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് തളളി. നിയമപരമായി പലപ്രശ്നങ്ങള്‍ക്കും ഇത് ഇടയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.ലിഗയുടേതാണ് മൃതദേഹമെങ്കിലും അവര്‍ ധരിച്ച ജാക്കറ്റ് ആരുടേതാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇത് മാത്രമല്ല, മറ്റ് നിരവധി ഘടകങ്ങളും ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു.

തലമുടിയിലെ ഹെയര്‍ക്ലിപ്പ്, ടിഷര്‍ട്ട്, ഹാഫ് പാന്റ്, പല്ലിന്റെ പ്രത്യേകത എന്നിവ കണ്ടാണു സഹോദരി ഇലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാത്രവുമല്ല മൃതദേഹത്തിലുള്ള ജാക്കറ്റും സമീപത്തു കിടന്ന ചെരിപ്പും ലിഗയുടേതല്ല. അന്വേഷണത്തില്‍ തൃപ്തയല്ലെന്ന് ഇലീസ് ചൂണ്ടിക്കാട്ടിയതോടെ പൊലീസിനും ഇനി തലവേദയുടെ നാളുകളായിരിക്കും. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത യുവതിയെ കാണാതായപ്പോള്‍ മുതല്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് പഴുതടച്ച അന്വേഷണം തന്നെ നടത്തേണ്ടി വരും.

ഒറ്റപ്പെട്ട കുറ്റിക്കാട്ടില്‍ ഒരു വിദേശ വനിത ഒറ്റയ്ക്ക് എങ്ങനെയെത്തിയെന്ന ചോദ്യം സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മൃതദേഹം കണ്ട ചെന്തിലാക്കരിയില്‍ പനത്തുറയാറിന് സമീപത്തെ കുറ്റിക്കാട്ടില്‍ നട്ടുകാര്‍ പോകാറില്ല. തന്റെ സഹോദരി ഇവിടെ എങ്ങനെ എത്തിയെന്ന സംശയമാണ് ലിഗയുടെ മരണം കൊലപാതകമാകാമെന്ന ആരോപണമുന്നയിക്കാന്‍ ഇല്‍സിയെ പ്രേരിപ്പിച്ചത്. മൃതദേഹത്തില്‍ കണ്ട ജാക്കറ്റും ചെരിപ്പും ലിഗയുടെതല്ലെന്നതും അവരുടെ സംശയത്തിന് ആക്കം കൂട്ടുന്നു. എന്നാല്‍ മരണകാരണം എന്താണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായാലേ അന്വേഷണം ഏതുവിധത്തിലാകണമെന്ന് തീരുമാനിക്കാനാവൂവെന്നും പൊലീസ് പറയുന്നു. അതേസമയം പൊലീസ് അന്വേഷണം തുടരുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധനകള്‍ തുടരുന്നുണ്ട്. വിശാലമായ പ്രദേശമായതിനാല്‍ അടുത്ത ദിവസങ്ങളിലും അത് തുടരും.

കോവളത്തിനു സമീപം വാഴമുട്ടത്തുനിന്നാണ് ചെന്തിലാക്കരിയിലേക്ക് പോകേണ്ടത്. ഏകദേശം അരക്കിലോമീറ്ററുള്ള റോഡ് പനത്തുറയാറിന്‍കരയില്‍ അവസാനിക്കുന്നു. ഈ റോഡിന് ഇരുഭാഗത്തും നിരവധി വീടുകളുമുണ്ട്. റോഡ് അവസാനിക്കുന്നിടത്തുനിന്ന് മുന്നൂറു മീറ്ററോളം അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം. കാടുപിടിച്ച തെങ്ങിന്‍പുരയിടത്തിലൂടെ മാത്രമേ ഈ ഭാഗത്ത് പോകാനുമാവൂ. ഈ പുരയിടത്തിന്റെ ഭാഗത്ത് രണ്ട് വീടുകളുമുണ്ട്. എന്നാല്‍ സമീപവാസികള്‍ ആരുംതന്നെ കുറ്റിക്കാടിന്റെ ഭാഗത്തേക്ക് പോകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വല്ലപ്പോഴും ചൂണ്ടയിടാന്‍ പോകുന്നവരും വീണുകിടക്കുന്ന തേങ്ങ പെറുക്കാന്‍ പോകുന്നവരും മാത്രമാണ് ഇവിടെ എത്താറുള്ളത്.

അതുകൊണ്ടുതന്നെ അപരിചിതരായ ആരെങ്കിലും ഇതുവഴി പോകുകയാണെങ്കില്‍ സമീപവാസികള്‍ക്ക് കാണാനുമാകും. ഒരു വിദേശസ്ത്രീയെ ഇവിടെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നാട്ടുകാരിയല്ലാത്ത ഒരു സ്ത്രീക്ക് ഈ ഭാഗത്ത് ഒരിക്കലും എത്താനാകില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഏതാനും മാസംമുമ്ബ് ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജീര്‍ണിച്ച്‌ അസ്ഥികൂടം മാത്രമായ അവസ്ഥയിലായിരുന്നു അതെന്നും നാട്ടുകാര്‍ പറഞ്ഞു.

അതേസമയം തിരുവല്ലം ആറ്റിലൂടെ വഞ്ചിയിലോ ബോട്ടിലോ സഞ്ചരിച്ചാല്‍ ഈ ഭാഗത്ത് എത്താനാകും. ഇത്തരത്തില്‍ എത്തിയതാണോ എന്ന സംശയവും നാട്ടുകാര്‍ ഉന്നയിക്കുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ലിഗ ഒറ്റയ്ക്ക് പലപ്പോഴും നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്തരത്തില്‍ ഇവിടെ എത്തിയേക്കാം എന്ന് കരുതാവുന്നതുപോലെ മറ്റാരെങ്കിലും ഇവിടെ എത്തിച്ചതാണോയെന്ന് സംശയിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ലിഗയെ അവസാനമായി കണ്ടത് കോവളത്തുവച്ചായിരുന്നു. പോത്തന്‍കോട്ടു നിന്ന് ഒരു ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയെന്നായിരുന്നു പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് ഇവരെക്കുറിച്ച്‌ വിവരമൊന്നും ഉണ്ടായിരുന്നില്ല.

ലിഗയെ ചികിത്സിച്ച ആയുര്‍വേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാകുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോള്‍ ധരിച്ചിരുന്നത്. നേരിയ ടിഷര്‍ട്ട് ധരിച്ചാണ് ലിഗ അന്നു പുറത്തുപോയത്. തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ, കണ്ടല്‍ക്കാടിലെ വള്ളിപ്പടര്‍പ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീര്‍ണമാണു ശരീരം. ശിരസ് മുറിഞ്ഞു മാറിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണു വിവരം. മൃതദേഹം പഴകിയതിനെത്തുടര്‍ന്ന് തല അടര്‍ന്നു വേര്‍പെട്ടതാകാമെന്നാണു പൊലീസ് നിഗമനം. ശരീരത്തില്‍ മുറിവേറ്റിരുന്നോ എന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ.

മൃതദേഹം കണ്ടതിന് സമീപത്തു നിന്നും സിഗരറ്റ് കവറും വെള്ളക്കുപ്പിയും ലൈറ്ററും പൊലീസിന് ലഭിച്ചിരുന്നു. സിഗരറ്റ് പായ്ക്കറ്റില്‍ രണ്ടെണ്ണം വിദേശ നിര്‍മ്മിതമാണ്. നിരന്തരം പുകവലിക്കുന്ന ശീലമുള്ള ലിഗതന്നെ ഇതുകൊണ്ടുവന്നതാണോ എന്നതും അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.

Top