സാഹിത്യവേദിയില്‍ ലിജി പുല്ലാപ്പള്ളിയുടെ പുസ്തക പരിചയം

മൊയ്തീന്‍ പുത്തന്‍‌ചിറ
ചിക്കാഗോ: സാഹിത്യവേദിയുടെ 197-ാംമത് യോഗം 2016 ആഗസ്റ്റ് 5-ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം മൗണ്ട് പ്രോസ്‌പക്റ്റിലുള്ള കണ്‍‌ട്രി ഇന്‍ ആന്‍ സ്വീറ്റ്സില്‍ ചേരുന്നതാണ്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ ലിജി പുല്ലാപ്പള്ളിയുടെ കിംഗ്‌ഡം വാര്‍ (Kingdom War) എന്ന പുസ്തകത്തെപ്പറ്റിയുള്ള ചര്‍ച്ചയായിരിക്കും ഇത്തവണത്തെ സാഹിത്യവേദിയുടെ പ്രത്യേകത. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത്, അനവധി ഗുരുക്കന്മാരുടേയും മഹര്‍ഷിമാരുടേയും കീഴില്‍ ധ്യാനവിചിന്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ നേടിയ പരിശീലനങ്ങളുടെ പരിണിതഫലമായി രചിച്ച തന്റെ പുസ്തകത്തെപ്പറ്റി ഗ്രന്ഥകാരി തന്നെ വിവരിക്കുന്നതായിരിക്കും. ധ്യാനമനനങ്ങളുടെ അപൂര്‍‌വ്വവും അസാധാരണവുമായ അനുഭവങ്ങളിലൂടെ കടന്നുപോകുവാനും അടുത്തറിയുവാനുമാഗ്രഹിക്കുന്ന ഏവര്‍ക്കും സ്വാഗതം.
196-ാംമത് സാഹിത്യവേദി യോഗം ജൂണ്‍ 3-ാം തിയ്യതി ജോസ് ആന്റണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ചരിത്രാദ്ധ്യാപകനും ഗവേഷകനുമായിരുന്ന അന്തരിച്ച തന്റെ പിതാവ് പ്രൊഫ. പി.കെ.കെ. രാജയെപ്പറ്റി ശ്രീമതി രമാ രാജ അനുസ്മരണപ്രഭാഷണം നടത്തി. ലക്ഷ്മി നായര്‍ തന്റെ “ഒരു വിലാപം” എന്ന കവിത അവതരിപ്പിച്ചു. നോവലിസ്റ്റ് മാത്യു മറ്റത്തിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ഡോ. ചിന്നമ്മ ആന്റ് ജോസഫ് തോമസ് ആയിരുന്നു കഴിഞ്ഞ മാസത്തെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തത്. ജോണ്‍ ഇലക്കാട്ട് സ്വാഗതവും, ഷാജന്‍ ആനിത്തോട്ടം നന്ദിയും പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാധാകൃഷ്ണന്‍ നായര്‍ 847 340 8678, ജോണ്‍ ഇലക്കാട്ട് 773 282 4955.
Top