സ്വന്തം ലേഖകൻ
മിഷിഗൺ: ഫെബ്രുവരി 20 നു സൗത്ത് വെസ്റ്റ് മിഷിഗണിൽ യൂബർ ഡ്രൈവർ നടത്തിയ വെടിവെയ്പ്പിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ചു എന്നു ഡോക്ടർമാർ വിധിയെഴുതിയ പതിനാലുകാരി ജീവിതത്തിലേയ്ക്കു തിരികെ എത്തുന്നു.
പതിനാലുകാരി അബിഗയിൽ കുടുംബാംഗങ്ങളോടൊപ്പം കാറിൽ യാത്ര ചെയ്യവേയാണ് യൂബർ ഡ്രൈവർ വെടിവയ്പ്പാരംഭിച്ചത്. അബിഗയേലിന്റെ കൂടെ ഉണ്ടയിരുന്ന നാലു പേരും വെടിയേറ്റ് സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ, തലയ്ക്കു വെടിയേറ്റെങ്കിലും പെൺകുട്ടി അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇതേ തുടർന്നു പെൺകുട്ടിയെ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയായിരുന്നു.
പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നതു സംബന്ധിച്ചു പോലും പെൺകുട്ടിയുടെ ബന്ധുക്കൾ ചർച്ച ചെയ്തിരുന്നു.
വൈദ്യ ശാസ്ത്രത്തെ പോലും അതിശയിപ്പിക്കുമാറാണ് അബിഗേൾ ഇന്നലെ ആശുപത്രി മുറിയിൽ കിടന്നു കൊണ്ടു കുടുംബാംഗങ്ങളെ തിരിച്ചറിയാൻ തുടങ്ങിയതെന്നു കുടുംബങ്ങൾ അറിയിച്ചു. യൂബർ ഡ്രൈവർ നടത്തിയ വെടിവെയ്പ്പിൽ ആറു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞത് അബിഗേലിനായിരുന്നു.