ലണ്ടന്‍: കുഞ്ഞിന് മുലയൂട്ടാന്‍ ആരെങ്കിലും സഹായിക്കുമോ എന്ന 26 കാരിയുടെ അഭ്യര്‍ത്ഥന ഫേയ്‌സ് ബുക്കില്‍ വൈറലായതോടെ നിരവധി അമ്മമാരാണ് ഇവരെ സഹായിക്കാനെത്തിയത്. ലണ്ടനില്‍ നടന്ന സംഭവമിങ്ങനെ
അസുഖമായതിനെ തുടര്‍ന്ന് തനിക്ക് മുലയൂട്ടാന്‍ സാധിക്കാതിരുന്നതിനാല്‍ തന്റെ 11 മാസം പ്രായമുള്ള റിയോയ്ക്ക് ആരെങ്കിലും മുല കൊടുത്ത് സഹായിക്കണമെന്ന് റോന്‍ജ വീഡെന്‍ബെക്ക് എന്ന 26കാരി ഫേസ്ബുക്ക് പോസ്റ്റിട്ടു.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് സ്ത്രീകളാണ് റിയോയ്ക്ക് മുലയൂട്ടാന്‍ വേണ്ടി പാഞ്ഞെത്തിയത്. ഇതിന് പുറമെ 1000ത്തോളം പേര്‍ തങ്ങളുടെ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. അസുഖമായതിനെ തുടര്‍ന്ന് ശക്തമായ മരുന്നുകള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ‘ ബ്രസ്റ്റ്ഫീഡിങ് യമ്മി മമ്മീസ്’ ഫേസ്ബുക്ക് ഗ്രൂപ്പില്‍ റോന്‍ജ ഹോസ്പിറ്റലില്‍ നിന്നും ഈ പോസ്റ്റിട്ടിരുന്നത്.തുടര്‍ന്നായിരുന്നു തീര്‍ത്തും അപരിചിതരായ അഞ്ച് സ്ത്രീകള്‍ മുലയൂട്ടാന്‍ വേണ്ടി കുതിച്ചെത്തിയിരുന്നത്.
ഏകദേശം ഒരു മണിക്കൂറിനകമായിരുന്നു ആദ്യത്തെ സ്ത്രീ ഹോസ്പിറ്റലിലെത്തി റിയോക്ക് മുല കൊടുത്തത്. കരയുന്ന റിയോയെ അവര്‍ ആശ്വസിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലില്‍ കഴിയുന്നതിനിടെ അഞ്ച് സ്ത്രീകളാണ് റിയോയെ മുലയൂട്ടാനെത്തിയത്. ഇത്തരത്തില്‍ വന്‍ തോതില്‍ സ്ത്രീകള്‍ സഹായ സന്നദ്ധരായി മുന്നോട്ട് വന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ട്രൂറോയിലെ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റലില്‍ കഴിയുന്ന റോന്‍ജ പ്രതികരിച്ചിരിക്കുന്നത്.അണ്ഡാശയത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്നാണ് അമേച്വര്‍ മോഡലായ റോന്‍ജ ആശുപത്രിയിലായിരുന്നത്. കടുത്ത വേദനയെ തുടര്‍ന്ന് ഏപ്രില്‍ 3നായിരുന്നു കോണ്‍വാളിലെ പെന്‍സാന്‍സിലെ വീട്ടില്‍ നിന്നും റോന്‍ജയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.തുടര്‍ന്ന് അവര്‍ക്ക് മോര്‍ഫിനും ആന്റി സിക്ക്‌നെസ് മരുന്നുകളും നല്‍കിയിരുന്നു. ഇവ കഴിച്ചതിനെ തുടര്‍ന്ന് മുലയൂട്ടല്‍ അസാധ്യമായതിനെ തുടര്‍ന്നാണ് റോന്‍ജ് ഫേസ്ബുക്ക് പോസ്റ്റിടാന്‍ തീരുമാനിച്ചത്.
റിയോയ്ക്ക് ആദ്യമായി മുലയൂട്ടാനെത്തിയത് ലീ ആന്‍ ഫിയാന്‍ ആയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അവര്‍ റോന്‍ജയ്ക്ക് മെസേജ് അയക്കുകയും പിന്നീട് ഉടന്‍ ആശുപത്രിയിലെത്തുകയുമായിരുന്നു.താന്‍ കോണ്‍വാളിലെ ട്രുറോയിലുള്ള ട്രെലിസ്‌കെ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും തനിക്ക് 11 മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും താന്‍ ചികിത്സാര്‍ത്ഥം ശക്തമായ മരുന്ന് കഴിച്ചിരിക്കുന്നതിനാല്‍ അവനെ പരിചരിക്കാനോ മുലയൂട്ടാനോ സാധിക്കുന്നില്ലെന്നും അതിനാല്‍ സഹായിക്കാന്‍ സന്നദ്ധരായവര്‍ ബന്ധപ്പെടണമെന്നുമായിരുന്നു റോന്‍ജ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്.13,000 ഗ്രൂപ്പുകല്‍ നിന്നും 1000ത്തോളം പേരാണ് തുടര്‍ന്ന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നത്.റിയോയ്ക്ക് മുലയുട്ടാനെത്തിയ സ്ത്രീകളെ സിആര്‍ബി പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു. മുലയൂട്ടിയ അഞ്ച് പേരില്‍ രണ്ടു പേര്‍ അവരുടെ വീട്ടില്‍ നിന്നാണ് പാല്‍ കൊടുത്തത്.ഇതിനായി കുഞ്ഞിനൊപ്പം റോന്‍ഡയും സുഹൃത്തുക്കളോ ബന്ധുക്കളോ പോവുകയും ചെയ്തിരുന്നു.
28 കാരിയായ ട്രുറോയിലെ മൈക്കെലെ നെതെര്‍ടണ്‍ ഫേസ്ബുക്ക് പോസ്റ്റ്കണ്ട് രണ്ടാം ദിവസമാണ് ഹോസ്പിറ്റലിലെത്തി മുല കൊടുത്തത്. ഇപ്പോള്‍ വീട്ടിലെത്തിയിരിക്കുന്ന റോന്‍ജയ്ക്ക് മുലയൂട്ടാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ കൂടുതല്‍ ടെസ്റ്റ് ചെയ്ത് വരുകയാണ്.’ ബ്രസ്റ്റ്ഫീഡിങ് യമ്മി മമ്മീസ്’ ഫേസ്ബുക്ക് ഗ്രൂപ്പ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് പരസ്പരം സഹായിക്കുന്നതിനുള്ള ഒരു സപ്പോര്‍ട്ട് ഗ്രൂപ്പാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പരസ്പരം ഒത്തു ചേരുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. ഗര്‍ഭിണികളായവര്‍ക്കും വൈകാതെ മുലയൂട്ടാനൊരുങ്ങുന്നവരുമായവര്‍ക്കുള്ള ഉപദേശങ്ങളും ഇതിലൂടെ ലഭിക്കുന്നു.