സ്വന്തം ലേഖകൻ
ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തേയ്ക്കു പോകാനുള്ള ബ്രിട്ടീഷ് തീരുമാനത്തിനു പിന്നാലെ വിവിധ മേഖലകളിൽ പ്രത്യാഘാതം രൂക്ഷമാകുമെന്നു റിപ്പോർട്ട്. പാസ്‌പോർട്ടിനുള്ള അപേക്ഷകളിൽ പോലും ബ്രക്‌സിറ്റിന്റെ പ്രത്യാഘാതം പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് രാജ്യത്ത് ഏറെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ ഐറിഷ് പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന യുകെ പൗരന്മാരുടെ എണ്ണം ഈ വർഷം 50 ശതമാനത്തോളം കൂടുമെന്ന് ബ്രിട്ടനിലെ ഐറിഷ് അംബാസഡറായ ഡാൻ മുൽഹാളാണ് ആദ്യം അഭിപ്രായപ്പെട്ടത്. 2015 തുടക്കത്തിൽ 10ശതമാനത്തോളം വർദ്ധനവ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരുന്നുവെന്നും, എന്നാൽ ബ്രെക്‌സിറ്റ് റഫറണ്ടത്തിനു ശേഷം ഇത് 7080% ആയി ഉയർന്നുവെന്നും മുൽഹാൾ കൂട്ടിച്ചേർത്തു. വിദേശകാര്യവകുപ്പിന്റെ കണക്കനുസരിച്ച് 2016 സെപ്റ്റംബർ വരെ 7,518 അപ്ലിക്കേഷനുകളാണ് യുകെയിൽ നിന്നും ലഭിച്ചത്. 2015ൽ ഇതേ സമയത്ത് ലഭിച്ച അപ്ലിക്കേഷനുകൾ 3,431 മാത്രമായിരുന്നു.യൂറോപ്പുമായുള്ള ബന്ധം നിലനിർത്താനാണ് കൂടുതൽ ബ്രിട്ടീഷുകാരും ആഗ്രഹിക്കുന്നതെന്ന് മൂൽഹാൾ പറഞ്ഞു.
ബ്രെക്‌സിറ്റ് യുകെയും അയർലണ്ടുമായുള്ള വാണിജ്യബന്ധങ്ങളിൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നു പറഞ്ഞ മുൽഹാൾ, ബ്രിട്ടൻ സിംഗിൾ മാർക്കറ്റിൽ നിന്നും പുറത്ത് പോകില്ലെന്നാണ് കരുതുന്നതെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ സിംഗിൾ മാർക്കറ്റിൽ നിന്നും മാറി നിൽക്കാനാണ് ബ്രിട്ടൻ തീരുമാനിക്കുന്നതെങ്കിൽ പുതിയ രീതിയിലുള്ള വാണിജ്യബന്ധങ്ങൾ സൃഷ്ടിക്കേണ്ടതായി വരും. നിലവിലെ സ്ഥിതി വച്ച് രണ്ടു വർഷത്തോളമെടുത്താൽ മാത്രമാണ് ഔദ്യോഗികമായി ബ്രിട്ടൻ ഇയുവിന് പുറത്തെത്തുക.