സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിന്റെ 2017ലേയ്ക്കുള്ള ബജറ്റ് ഡയലിൽ അവതരിപ്പിച്ചു.ധനമന്ത്രി മൈക്കിൾ നൂനനും,പൊതുചിലവ് മന്ത്രി പാസ്‌കൽ ഡോണഗവും ചേർന്ന് അവതരിപ്പിച്ച ബജറ്റിന്റെ പ്രധാനപ്രഖ്യാപനങ്ങൾ താഴെ:
ഭവനമേഖലയിൽ 20000 യൂറോ വരെ ഫസ്റ്റ് ടൈം ബയേഴ്‌സിന് ഗ്രാന്റ് ലഭിക്കും.6 ലക്ഷം യൂറോ വരെയുള്ള വീടുകൾ വാങ്ങുന്നവർക്കായിരിക്കും 5 ശതമാനം ടാക്‌സ് റിബേറ്റ് ലഭിക്കുക.അടുത്ത മൂന്നു വർഷത്തിലായിരിക്കും ഇവ തിരിച്ചു ലഭിക്കുക.മുമ്പ് പ്രതീക്ഷിച്ചിരുന്നത് പോലെ ഈ വർഷം ജൂലൈ 19 നു ശേഷം വീടുവാങ്ങിയവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പുതിയതായി നിർമ്മിച്ച വീടുകൾ വാങ്ങുന്നവർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതിനാൽ സാധാരണക്കാരിൽ ബഹു ഭൂരിപക്ഷത്തിനും ഈ ഗ്രാന്റ് പ്രാപ്യമല്ലാതെ വരും.എന്നാൽ മാർക്കറ്റിൽ വന്നു ചേരുന്ന പുതിയ വീടുകളുടെ വിൽപ്പനയ്ക്ക് ഇവ സഹായകമായേക്കും.ഒപ്പം ഇവയുടെ വില കൂടാനും.
ഏതെങ്കിലും വീടിന്റെ പതിനാലായിരം രൂപ വരെ വാർഷിക വരുമാനമുള്ള മുറി വാടകകയ്ക്ക് കൊടുക്കുകയാണെങ്കിൽ അത്തരം വരുമാനത്തിന് ടാക്‌സ് ഇളവ് പൂർണമായും ലഭിക്കും.വിദ്യാർഥികൾക്കും മറ്റും ഉപകാരപ്രദമായേക്കാവുന്ന ഈ നിയമം വീട്ടുടമകൾക്കാണ് കൂടുതൽ പ്രയോജനം ചെയ്യുക.ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള പ്രയത്‌നങ്ങളുടെ ഭാഗമാണ് ഇതെന്ന് മന്ത്രി നൂനൻ പറഞ്ഞു.
ശമ്പള പരിഷ്‌കരണത്തിനായി പുതിയ ശമ്പള പരിഷ്‌കരണകമ്മീഷനെ നിയമിക്കും.2017 പകുതിയോടെ ശമ്പളകമ്മീഷൻ ശിപാർശകൾ അനുസരിച്ച് ജീവനക്കാരുടെ വേതനവ്യത്യസ്ഥകൾ പുനർനിർണയിക്കും.
അടുത്ത വർഷം മുതൽ ഷുഗർ ടാക്‌സ്
സിഗററ്റിന് പാക്കറ്റിന് 50 സെന്റ് വർദ്ധിക്കും.
ഹോം കെയറഴ്‌സ് ക്രഡിറ്റ് ആയിരത്തിൽ നിന്നും 1100 ആക്കി.
യൂ എസ് സി താഴ്ന്ന സഌബുകളിൽ മാത്രം നേരിയ കുറവ് വരുത്തി.
സ്റ്റാർട്ട് യൂവർ ഓൺ ബിസിനസ് സ്‌കീം അടുത്ത രണ്ടു വര്ഷം കൂടി നീട്ടും.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നിലവിലുള്ള 400 യൂറോ ടാക്‌സ് ക്രഡിറ്റ് 950 ആക്കി വർദ്ധിപ്പിച്ചു,രണ്ടു ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.
2400 പുതിയ അധ്യാപകരെയാണ് രാജ്യത്തുടനീളമായി നിയമിക്കുക.ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി പുതുതായി 1,000 നഴ്‌സുമാരെക്കൂടി നിയമിക്കാൻ ധാരണയായിട്ടുണ്ട്. ഗാർഡ ഫോഴ്‌സിൽ അധികമായി 800 ഉദ്യോഗസ്ഥരെയും നിയമിക്കും. ഗാർഡയിലേയ്ക്ക് പുതുതായി ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിക്കും ധാരണയായിട്ടുണ്ട്.ആകെ 4500 പുതിയ ജീവനക്കാരെ നിയമിക്കും.
ചൈൽഡ് കെയർ സബ്‌സിഡി സ്‌കീം 2017 സെപ്റ്റംബർ മുതൽ നടപ്പാകും.മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആറു മാസം മുതൽ 15 വയസു വരെ പ്രായമുള്ളവർക്ക് ആഫ്റ്റർ സ്‌കൂൾ കെയർ അടക്കമുള്ള ആനുകൂല്യങ്ങൾ ഇതിൽ പെടും.
മൊത്ത വരുമാനം 80000 യൂറോ വരെയുള്ളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.പരമാവധി 8000 യൂറോ വരെയാണ് ചൈൽഡ് സബ്‌സിഡി ഈയിനത്തിൽ പ്രതീക്ഷിക്കുന്നത്.കുട്ടികൾ ഉള്ള ഓരോ കുടുംബത്തിനും വരുമാനപരിധി പരിഗണിക്കാതെ 900 യൂറോ വരെ ലഭിക്കിച്ചേക്കാവുന്ന പദ്ധതിയാണിത്.എന്നാൽ ഏതെങ്കിലും ആഫ്റ്റർ സ്‌കൂൾ കെയറിലേയ്‌ക്കോ, ക്രെഷുകളിലേയ്‌ക്കോ നേരിട്ടാവും സർക്കാർ ഇത്തരം പെയ്‌മെന്റുകൾ നൽകുക.
അടുത്ത വർഷം ആരോഗ്യ മേഖലയ്ക്കായി ബജറ്റിൽ 16.6 ബില്ല്യൺ യൂറോ വകയിരുത്തി . ഹോം കെയറിന് സഹായം, മെന്റൽ ഹെൽത്തിന് 35 മില്ല്യൺ എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.