ക്രൈം റിപ്പോർട്ടർ
സാൻഫ്രാൻസിസ്‌കോ: ക്യാൻസർ രോഗിയാണെന്നു പ്രചരിപ്പിച്ചു സാധാരണക്കാരിൽ നിന്നടക്കം ലക്ഷക്കണക്കിനു ഡോളർ പിരിവു നടത്തിയ ഇന്ത്യൻ വംശജ മനീഷ നാഗറാണിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇവർക്കു ജാമ്യം ലഭിക്കാത്തതിനെ തുടർന്നു സാൻഫ്രാൻസിസ്‌കോ കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്.
സാൻ ഫ്രാൻസിസ്‌കോ ജില്ലാ അറ്റോർണി ഓഫിസ് സ്‌പോക്ക്മാൻ മാക്‌സ് സാബുവാണ് വിവരം മാധ്യമങ്ങൾക്കു നൽകിയത്. സോഷ്യൽ മീഡിയയിലുടെയും ഫെയ്‌സ് ബുക്കിലൂടെയുമാണ് മനീഷ തനിക്കു കാൻസർ രോഗമാണെന്ന രീതിയിൽ പ്രചാരണം ആരംഭിച്ചത്. ഇതിനു പിന്നാലെ തന്നെ ഇവർ പണപ്പിരിവും ആരംഭിച്ചിരുന്നു. 2014 മുതൽ ആരംഭിച്ച ഈ തട്ടിപ്പിലൂടെ നേടിയ ആയിരക്കണക്കിനു ഡോളർ ഉപയോഗിച്ചു വസ്തു വാങ്ങുകയും ക്രെഡിറ്റ് കാർഡുകൾ വ്യാജമായി ഉപയോഗിക്കുകയും ചെയ്ത കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്.
രോഗത്തിന്റെ ഭീകരാവസ്ഥയെ കുറിച്ചു ഹൃദയസ്പർശിയായ നീണ്ട ചരിത്രം 2015 മെയ് 17 നു സോഷ്യൽ മീഡിയയിൽ ഇയാൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മനീഷ എം.എൻ , മാറ്റ് മാർക്ക് എന്നീ വ്യാജപേരുകളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. മനീഷയ്ക്കു പണം നൽകിയവർ 415 553 1754 എന്ന നമ്പരിൽ റിപ്പോർട്ട് ചെയ്യണമെന്നു അറിയിച്ചു.