ചികിത്സയ്ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണം എം.പിമാര്‍ .. കടുത്ത വേദന, ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കഞ്ചാവ് മരുന്നായി ഉപയോഗിക്കാം

ലണ്ടന്‍: വിചിത്രമെന്ന് തോന്നാം ബ്രിട്ടണിലെ ജനപ്രതിനിധികളുടെ ആവശ്യം ..കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി യു.കെയിലെ ഒരു വിഭാഗം എം.പിമാര്‍ രംഗത്ത് എത്തിയിരിക്കയാണ്. ചികിത്സാ സംബന്ധമായ ചില ഉപയോഗങ്ങള്‍ കഞ്ചാവിനുണ്ടെന്നും അത് നിയമവിധേയമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മരുന്നുമായി ബന്ധപ്പെട്ട നയങ്ങള്‍ പരിഷ്‌കരിക്കുന്ന ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. കടുത്ത വേദന, ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കഞ്ചാവ് മരുന്നായി ഉപയോഗിക്കാമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനായി ആയിരക്കണക്കിനാളുകള്‍ നിലവില്‍ യു.കെയില്‍ നിയമവിരുദ്ധമായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇവരുടെ വാദം. സ്റ്റിറോയ്ഡ്, സെഡേറ്റീവ് എന്നിവ ഉള്‍പ്പെട്ട അതേ കാറ്റഗറിയില്‍ കഞ്ചാവിനെയും ഉള്‍പ്പെടുത്തണമെന്നും ഇത് രോഗികള്‍ക്കു കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സ്വന്തം ഉപയോഗത്തിനായി കുറഞ്ഞ ആളവില്‍ കഞ്ചാവ് നട്ടുവളര്‍ത്താന്‍ രോഗികളെ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കഠിനമായ വേദന, മനംപുരട്ടല്‍, ഉത്കണ്ഠ, എന്നിവ കഞ്ചാവ് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഈ ഗ്രൂപ്പിനു കീഴിലുള്ള കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇവര്‍ പറയുന്നു.

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിശപ്പില്ലായ്മ, സ്ട്രസ്, പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാന്‍ കഞ്ചാവിനു കഴിയുമെന്നതിന് ഭാഗികമായ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് കുറച്ചുകാലം ഉപയോഗിക്കുന്നത് കൊണ്ടുണ്ടാവുന്ന ദൂഷ്യഫലങ്ങള്‍ വളരെ ചെറുതും സഹിക്കാവുന്നതുമാണ്. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ സ്‌കിസോഫ്രീനിയയ്ക്കു സാധ്യതയുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഉള്ള നിയമപ്രകാരം ചികിത്സാ ആവശ്യങ്ങള്‍ക്കുപോലും കഞ്ചാവ് ഉപയോഗിക്കാന്‍ പാടില്ല. കഞ്ചാവിന്റെ ഉപയോഗം ശ്വാസകോശത്തിനും മാനസിക ആരോഗ്യത്തിനും തകരാറാണെന്നാണ് എന്‍.എച്ച്.എസ് നല്‍കുന്ന മുന്നറിയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top