വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ സൗത്ത് ഗേറ്റില്‍ എത്തിയപ്പോള്‍ സമയം 9.35. പറഞ്ഞതിലും അഞ്ചു മിനുട്ട് ഞങ്ങള്‍ വൈകിപ്പോയിരിക്കുന്നു. 9.30ന് കാണാമെന്നായിരുന്നു യുഎസ് ഹൗസ് ഓഫ് കോണ്‍ഗ്രസിന്റെ പ്രസ് ഗാലറിയുടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ മോളി ജോണ്‍സ് അറിയിച്ചിരുന്നത്. അതിന്റെയൊരു നേരിയ ആശങ്ക എല്ലാവരുടെയും മുഖത്തുണ്ട്. പോകുന്നത്, അമേരിക്കന്‍ കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും സംയുക്തസമ്മേളത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം റിപ്പോര്‍ട്ടുചെയ്യാനാണ്. എന്നെപോലെ, വിവിധതരം ചിന്തകള്‍ എല്ലാവരുടെയും മനസിലൂടെ അന്നേരം കടന്നുപോയിട്ടുണ്ടാകണം. മോളി ജോണ്‍സിനെ കാണുവാന്‍ സാധിക്കുമോ, പേപ്പര്‍ വര്‍ക്കുകള്‍, പ്രസ് ഗാലറി പാസ് അങ്ങനെയുള്ള കടമ്പകള്‍ ഇനിയുമുണ്ട് മുന്നില്‍. എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍വന്നാല്‍ എല്ലാം വൃഥാവിലാവും. മോളിജോണ്‍സുമായി ഒന്നരമാസത്തെ നിരന്തരമായ ആശയവിനിമയത്തെ തുടര്‍ന്നാണ് പ്രസ് ഗാലറിയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി ലഭിച്ചതുതന്നെ. എന്റെ കൂട്ടത്തില്‍ ഫോര്‍ത്ത്‌സെയിത്ത് മീഡിയ ചെയര്‍മാന്‍ കമലേഷ് മേത്ത, സൗത്ത്
ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര തുടങ്ങിയവരുമുണ്ട്. ഓരോ ഗേയിറ്റുകളും തമ്മില്‍ കിലോമീറ്ററുകള്‍ക്കടുത്ത് ദൂരമുണ്ട്. ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലെ ലോ മേക്കേഴ്‌സിനെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്കാനുള്ള വാഗണില്‍ ഒരു സൗജന്യ യാത്രയും ഇതിനിടെ ഞങ്ങള്‍ക്കു ലഭിച്ചു.
സൗത്ത് ഗേറ്റില്‍ പ്രധാനമന്ത്രിക്കൊപ്പം വന്ന ഒരുഡസനോളം മാധ്യമപ്രവര്‍ത്തകര്‍ എംബസിയില്‍ നിന്നുള്ളവരെ കാത്തു നില്‍ക്കുന്നുന്നതു കാണാമായിരുന്നു. മോളി ജോണ്‍സിനെ കാണാനുമില്ല. ഏതായാലും അവരെ ഉടന്‍ വിളിക്കാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. തന്നിരുന്ന നമ്പറില്‍ മോളി ജോണ്‍സുമായി ബന്ധപ്പെട്ടപ്പോള്‍ നീല ഷര്‍ട്ട് ഇട്ട ഡാനിയല്‍ എന്ന ആള്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടെന്നായിരുന്നു മറുപടി.
ശരിയായിരുന്നു നീല ഷര്‍ട്ടുധരിച്ച ഡാനിയേല്‍ അവിടെയുണ്ടായിരുന്നു. പ്രസ് ഗാലറിയിലേക്കുള്ള പേപ്പര്‍വര്‍ക്കുകളെല്ലാം വേഗത്തില്‍ തീര്‍ത്ത് ഡാനിയേല്‍ പ്രസ് പാസും നല്‍കി. അദ്ദേഹത്തിനു നന്ദി പറഞ്ഞു പിരിഞ്ഞു. അതിനു ശേഷം ഞങ്ങള്‍ രണ്ടുതവണകൂടി സെക്യൂരി ചെക്കിംഗിനു വിധേയരായി. അതെല്ലാം വളരെ പെട്ടന്നുതന്നെ കഴിഞ്ഞു. പിന്നീട് കാത്തിരുന്ന നിമിഷമെത്തി. നേരെ പ്രസ്ഗാലറിയിലേക്കാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ഞങ്ങളെ കൊണ്ടുപോയത്.
ഹൗസ് ഓഫ് കോണ്‍ഗ്രസിന്റെ പ്രസ് ഗാലറി. സ്പീക്കറിന്റെ ഡയസിനു മുകളില്‍ കോണ്‍ഗ്രസ് അംഗങ്ങളെ അഭിമുഖീകരിക്കുന്ന രീതിയിലാണുള്ളത്. കൂടാതെ ഇവിടെ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളുണ്ട്. റിപ്പോര്‍ട്ടേഴ്‌സിന് ഒരു സെഷനും ടിവി റേഡിയോ ജേര്‍ണലിസ്റ്റുകള്‍ക്ക് മറ്റൊരു സെഷനും പ്രസ് ഫോട്ടോഗ്രാഫേഴ്‌സിനായി വേറൊരു ഗാലറിയുമാണുള്ളത്. ഇന്ത്യയില്‍ നിന്നുവന്നതും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുമടക്കം രണ്ടുഡസനോളം മാധ്യമപ്രവര്‍ത്തകരാണ് അവിടെയുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവര്‍ക്കും ഒരു പുഞ്ചിരിയും അഭിവാദ്യവും കൈമാറി.
ഇതിനിടെ, സന്ദര്‍ശക ഗാലറിയില്‍ ആകെയുള്ള മലയാളി സാന്നിധ്യമായ ഫോമയുടെ മുന്‍സെക്രട്ടറി ബിനോയി തോമസ് ഞങ്ങളെയെല്ലാവരേയും അഭിവാദ്യം ചെയ്തു. ഞങ്ങള്‍ തിരിച്ചും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ഇവിടത്തെ പ്രസ് ഗാലറിക്കും അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്. ഹൗസ് ഓഫ് റപ്രസന്റേറ്റീവീസിന്റെ മീഡിയ സെല്‍ സ്റ്റാഫിന്റെ ഹാര്‍ദവമായ
സ്വീകരണത്തോടെയാണ് നാം ഗാലറിയില്‍ പ്രവേശിക്കുക. കൃത്യം പത്തുമണിക്കുതന്നെ പ്രസ്ഗാലറിയില്‍ പ്രോട്ടോകോളിന്റെ പ്രിന്റ് ഓട്ടും ബ്രീഫിംഗും എല്ലാവര്‍ക്കും വിതരണം ചെയ്തു.
വായിച്ചുനോക്കിയപ്പോഴാണ് അറിയുന്നതിന് സെല്‍ഫിയടക്കം ഒരു ഫോട്ടോയും ഇവിടെ നിന്ന് എടുക്കാന്‍ കഴിയില്ലെന്ന്. ഫോട്ടോയെടുക്കാനുളള അനുവാദം പ്രസ് ഫോട്ടോഗ്രാഫേഴ്‌സിനു മാത്രമാണുളളത്. പ്രസ് ഗാലറിയില്‍നിന്ന് ഒരു സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയയ്ക്കാമെന്ന ആഗ്രഹം നടക്കില്ലെന്നു വന്നപ്പോള്‍ ചെറിയൊരു നിരാശ തോന്നിയെങ്കിലും ഈ ചരിത്രമൂഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനത്തിനു മുന്നില്‍ അതൊന്നും ഒന്നുമല്ലായിരുന്നു.
സഭാസമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ തുടങ്ങാറായിരിക്കുന്നു. സമ്മേളവേദിയാകെയൊന്നുനോക്കി. അതിന്റെ പ്രൗഢി ആരേയും ആകര്‍ഷിക്കുകയും വിസ്്മയിപ്പിക്കുകയും ചെയ്യും. കൃത്യമായ ഇരിപ്പിടങ്ങളില്‍ ഹാജരായിരിക്കുന്നവരുടെ നിര. സ്പീക്കര്‍, വൈസ് പ്രസിഡന്റ്, ഡമോക്രാറ്റിക്,റിപ്പബ്ലിക് അംഗങ്ങള്‍, സന്ദര്‍ശക ഗാലറിയിലുള്ളവര്‍, പിന്നെ ഞങ്ങള്‍ പ്രസ്ഗാലറയിലെ പത്രപ്രവര്‍ത്തകര്‍, എംബസി ഉദ്യോഗസ്ഥര്‍ അങ്ങനെപോകുന്ന നിര.
കൃത്യം 10.15 ന് സംയുക്ത സമ്മേളനത്തില്‍ ചെയര്‍ ആയ സ്പീക്കര്‍ പോള്‍ റയാന്‍ സഭയിലേക്കെത്തി. സ്പീക്കര്‍ക്കൊപ്പം വൈസ്പ്രസിഡന്റ് ജോ
ബൈഡനുമുണ്ട്. 11 മണി മുതല്‍ 11.45 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യാനുളള സമയം അനുവദിച്ചിരുന്നത്. അതുവരെ ക്ഷണിക്കപ്പെട്ട എംബസി ഉദ്യോഗസ്ഥര്‍ക്കും സെനറ്റേഴ്‌സിനും പരിചയം പുതുക്കുന്നതിനുള്ള
സമയമായിരുന്നു.
സമയം 11.05.
പെട്ടെന്ന് ക്യാമറാകണ്ണുകള്‍ തുരുതുരാ മിന്നുന്നു. നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന കണ്ണുകളും ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി നമ്മുടെ പ്രധാനമന്ത്രി സഭയിലേക്ക് കടന്നുവന്നു. ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനാര്‍ഹാര്‍ഹമായ നിമിഷം. നീണ്ട കരഘോഷത്തിന്റെ
അകമ്പടി. വരുന്നവഴിയിലെല്ലാവര്‍ക്കും ഹസ്തദാനം. എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിക്കല്‍, പിന്നെ സ്പീക്കറുടെ മുന്നിലുള്ള
പ്രസംഗവേദിയിലേക്ക്. സദസില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. മിന്നിമറയുന്ന ക്യാമറാ കണ്ണുകള്‍. തന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ മോദിപ്രസംഗമാരംഭിച്ചു.
ഇത്തരമൊരു അവസരം ഒരുക്കിതന്ന സ്പീക്കര്‍ക്ക്് നന്ദിപറഞ്ഞുകൊണ്ടായിരുന്നു തുടക്കം. അമേരിക്കയിലെ വീരപുരുഷന്‍മാരെ ഓര്‍മിപ്പിച്ച്, ഇന്ത്യയിലെ അമേരിക്കക്കാരേയും അവരുടെ സംഭാവനകളേയുംകുറിച്ച്, കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി, യോഗ, തീവ്രവാദ ഭീഷണികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം വാചാലമായി. അനുവദിച്ച 45 മിനുട്ടിലും പത്തുമിനുട്ടുകൂടി സംസാരിച്ചാണ് ആ പ്രസംഗം സമാപിച്ചത്.
അതിനിടെ സദസിന്റെ അഭിനന്ദനവും കരഘോഷവും ഏറ്റുവാങ്ങിയ നിരവധി മുഹൂര്‍ത്തങ്ങളും പിറന്നു. ഒടുവില്‍ വാള്‍ട്ട് വിറ്റ്മാന്റെ വരികള്‍ അവതരിപ്പിച്ച് തന്റെ പ്രസംഗത്തിന് നാന്ദി കുറിച്ചു. അത് ഇങ്ങനെയായിരുന്നു.
‘വാദ്യോപകരണക്കാര്‍ ഉപകരണങ്ങള്‍ തയ്യാറാക്കുകയും സംഗീതസംവിധായകന്‍
ചെറുവടിയാല്‍ നിര്‍ദേശം നല്കുകയും ചെയ്തുകഴിഞ്ഞു.’
അതിനെ എങ്ങിനെ ഉപമിക്കാമെങ്കിലും തന്റെ മുക്കാല്‍മണിക്കൂറിലധികംനീണ്ട പ്രസംഗംവഴി സദസിനെ വിസ്മയിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനും മോദിക്ക് കഴിഞ്ഞുവെന്ന് സഭയുടെ വികാരപ്രകടനത്തില്‍ നിഴലിച്ചിരുന്നു. വരുംനാളുകളില്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്ന വിവിധ നയപരമായ പദ്ധതികളുടെ സൂചനകൂടിയായിരുന്നു പ്രസംഗം.
മനുഷ്യരാശിക്കുവേണ്ടി അമേരിക്കയിലെ വീരന്മാരായ സ്ത്രീപുരുഷന്‍മാര്‍ക്കുവേണ്ടി ജീവന്‍കളഞ്ഞവര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ തന്റെ പ്രസംഗവേളയില്‍ മോദി മറന്നില്ല. സ്വാമി വിവേകാന്ദന്റെ ചിക്കാഗോ പ്രസംഗവും മാര്‍ട്ടിന്‍ ലൂദര്‍ കിംഗിന്റെ ധീരതയെക്കുറിച്ചും ഗാന്ധിജിയുടെ അംഹിംസയെക്കുറിച്ചും മോദി എടുത്തുപറഞ്ഞപ്പോള്‍ ആദ്യമായി കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് നീണ്ട കരഘോഷം മുഴക്കിയത് സദസിനെ വ്യത്യസ്തമാക്കി. ഇതിനിടെ ഒരുവേള സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രധാനമന്ത്രിമാരായിരുന്ന അടല്‍ബിഹരി ബജ്‌പെയെ മാത്രമാണ് അദ്ദേഹം പേരെടുത്ത് പറഞ്ഞത് പരാമര്‍ശിച്ചത് എന്നതും ശ്രദ്ധേയമായി.
യോഗയെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം സഭയില്‍ നേരിയ ചിരിയുണര്‍ത്തി. ആപ്പിളിലെ സിരി എന്ന ആപ്ലിക്കേഷനോടു ചോദിച്ചാല്‍ അമേരിക്കയില്‍ മുപ്പതുമില്യണ്‍ യോഗാ പ്രാക്ടീഷ്യനേഴ്‌സ് ഉണ്ടെന്നു പറയും. പക്ഷേ, യോഗയ്ക്ക് ഞങ്ങള്‍ ബൗദ്ധികസ്വത്തവകാശം എടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാചകം.
അമേരിക്കയിലെ മൂന്നു മില്യണോളം വരുന്ന ഇന്ത്യന്‍ ഒര്‍ജിന്‍ അമേരിക്കന്‍സ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള മികച്ച ബന്ധം സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മോദി എടുത്തുപറഞ്ഞു. അമേരിക്കയിലെ വലിയ കമ്പനിയിലെ സിഇഒമാര്‍, എന്‍ജിനിയേഴ്‌സ്, ഡോക്ടര്‍മാര്‍ എന്നിവരെല്ലാം ഇന്ത്യക്കാരാണെന്നും ഇതിനു അടിവരയിട്ടുപറഞ്ഞപ്പോള്‍ എഴുന്നേറ്റുനിന്നുള്ള നീണ്ട കരഘോഷമായിരുന്നു പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത്.
തീവ്രവദത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ചുനില്‍ക്കണമെന്ന അഭിപ്രായത്തിന് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന്
ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഹരിത വാതക നിര്‍മാര്‍ജനത്തിനെക്കുറിച്ചുള്ള ജി20യുടെ ഈസ്റ്റ് ഏഷ്യ
സമ്മിറ്റും കാലാവസ്ഥ വ്യത്യതിയാനത്തിനു വേണ്ട നടപടികളെക്കുറിച്ചും മോദി പ്രസംഗിച്ചു. ഇതിന് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക്ക് ഭാഗത്തുനിന്നു വലിയ കരഘോഷമാണ് ഉണ്ടായത്. എന്നാല്‍, റിപ്പബ്ലിക്കന്‍ സൈഡില്‍ നിന്ന് ഒരുപ്രതികരണവുമുണ്ടായില്ല. അമേരിക്കയിലെ കാലാവസ്ഥ വ്യതിയാനം ഒരു തട്ടിപ്പാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പക്ഷം, അത് സഭയില്‍ പ്രതിഫലിച്ചതിന്റെ ഉദാഹരണംകൂടിയായിരുന്നു ഈ വേള. എല്ലായിടത്തും ഭരണപ്രതിപക്ഷാംഗങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊക്കെയുണ്ടല്ലോ.
പ്രസംഗത്തിനുശേഷം ആത്മവിശ്വാസത്തോടെയും നിറഞ്ഞ അഭിമാനത്തോടെയും വേദിയില്‍ നിന്ന് ഇറങ്ങുന്ന മോദിയെയാണ് കാണാന്‍ കഴിഞ്ഞത്. ഇന്ത്യക്കാരനായതില്‍ അഭിമാനിച്ച നിമിഷംകൂടിയായിരുന്നു അത്. ഈസമയം പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ ചുറ്റും കൂടി നിന്ന്
അഭിനന്ദിക്കുന്ന കാഴ്ചയും ഫോട്ടോഗ്രാഫിനു വേണ്ടി തിരക്കു കൂട്ടുന്നതും കാണാമായിരുന്നു.
സമ്മേളനത്തില്‍ 12 മുതല്‍ ഒന്നുവരെ ഉച്ചഭക്ഷണത്തിനുളള സമയമാണ്. സ്പീക്കര്‍ പോള്‍റിയാന്‍ ഉച്ചഭക്ഷണത്തിനായി റെയിബെന്‍ റൂമിയിലേക്കു പ്രധാനമന്ത്രിയടക്കമുളള ഉദ്യോഗസ്ഥരെ കൂട്ടികൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണിക്കപ്പെട്ടിട്ടുള്ള മറ്റ് അതിഥികള്‍ക്കുമുള്ള ഉച്ചഭക്ഷണം കാനോന്‍ കോക്കസ് റൂമില്‍ വച്ചായിരുന്നു. ക്യാപിറ്റോള്‍ ഹില്ലിലെ മറ്റൊരു വലിയ കെട്ടിടത്തിലാണ് കാനോന്‍ കോക്കസ്
റൂം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടങ്ങളെ അടിയിലൂടെ ഒരു വലിയ ടണലിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത് കാണാം. ഇവിടേക്ക് പത്തുപതിനഞ്ച് മിനുട്ടോളം നടക്കണം. നാട്ടില്‍ നിന്നുവന്ന വനിതാ മാധ്യമപ്രവര്‍ത്തകരെ അതുനന്നായി ബുദ്ധിമുട്ടിച്ചെന്നു അവരുടെ മുഖഭാവത്തില്‍ നിന്നു വ്യക്തമായിരുന്നു.
ഹൗസിന്റെ 1.50 മുതല്‍ 2.05 വരെ പതിനഞ്ച് മിനിട്ടുനേരം പ്രധാമന്ത്രിയോടൊത്തുള്ള ഫോട്ടോ സെഷനായിരുന്നു. അതിന്റെ തിക്കും തിരക്കുമാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് 2.35 ഓടുകൂടി പ്രധാമന്ത്രി നരേന്ദ്രേമോദി മെക്‌സിക്കോയിലേക്കു യാത്രതിരിച്ചു. പുറത്ത് ക്യാപിറ്റോള്‍ ഹില്ലിനു പുറത്ത് പതിവുപോലെ പ്രതിഷേധ പ്രകടനങ്ങളൊന്നും കണ്ടില്ല. ഇതൊഴിവാക്കാനായി സംഘപരിവാര്‍ സംഘടനകള്‍ സ്ഥലങ്ങളെല്ലാംനേരത്തെ ബുക്ക് ചെയ്തിരുന്നു. അതേസമയം അരക്കിലോമീറ്റര്‍മാറി ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി കാലിസ്ഥാന്‍വാദികളുടെ പ്രതിഷേധ
പ്രകടനം നടക്കുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെസംബന്ധിച്ച് അപൂര്‍വമായി ലഭിക്കുന്ന അവസരം കൈവന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് അവിടെനിന്നും പടിയിറങ്ങിയത്.