കാറിന്റെ നിയന്ത്രണം നഷ്ടമായി; യുവതിക്കു ഷാര്‍ജ പൊലീസ് രക്ഷകരായി

ഷാര്‍ജ: നിയന്ത്രണം നഷ്ടമായ കാറുമായി റോഡില്‍ കുടുങ്ങിയ യുവതിക്കു ഷാര്‍ജ പൊലീസ് രക്ഷകരായി. മലൈഹ റോഡിലൂടെ ഷാര്‍ജ ഭാഗത്തേക്ക് പോവുകയായിരുന്നു യുവതി.നിയന്ത്രണം നഷ്ടമായ കാറുമായി റോഡിലൂടെ അമിത വേഗത്തില്‍ സഞ്ചരിച്ച ഇവര്‍ സ്വന്തം ജീവനും മറ്റുള്ള യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്ന വിധമായിരുന്നു യാത്ര ചെയ്തിരുന്നത്. 140 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോഴാണ് യുവതിക്കു കാറിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യം മനസിലായത്. പരിഭ്രാന്തയായ യുവതി ഉടന്‍ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ലഫ്.

മുഹമ്മദ് സയ്ഫ് അല്‍ സുവൈദിതി പറഞ്ഞു. രാവിലെ 9.30നാണ് ഫോണ്‍ കോള്‍ ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സും മറ്റു രക്ഷാ പ്രവര്‍ത്തകരെയും സ്ഥലത്തേക്ക് അയച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേക പട്രോള്‍ സംഘം നിയന്ത്രണം നഷ്ടമായി ചീറിപ്പായുന്ന കാറിന് മുന്നില്‍ വരികയും യുവതി സഞ്ചരിക്കുന്ന വഴിയിലെ ട്രാഫിക് ക്ലിയര്‍ ചെയ്യുകയും ചെയ്തു. പട്രോള്‍ സംഘം ഫോണിലൂടെ യുവതിയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. വാഹനം അപകടത്തിലാണെന്ന് മറ്റു യാത്രക്കാരെ അറിയിക്കുന്നതിനായി ഫ്‌ലാഷ് ലൈറ്റ് ഉപയോഗിക്കാന്‍ പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറ്റ് ബെല്‍റ്റ് ഉറപ്പിക്കുകയും ഹാന്‍ഡ് ബ്രെയ്ക്ക് ഉപയോഗിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കാനും പൊലീസ് യുവതിയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം യുവതിക്കു കാര്‍ റോഡ് സൈഡില്‍ നിര്‍ത്താന്‍ സാധിച്ചു. പരുക്കൊന്നും പറ്റാതെ യുവതിയെ രക്ഷിക്കാന്‍ സാധിച്ചു. തന്റെ ജീവന്‍ രക്ഷിച്ച ഷാര്‍ജ പൊലീസിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് യുവതി നന്ദി പറയുകയും ചെയ്തു. വാഹനങ്ങള്‍ക്ക് ഇത്തരത്തിലുള്ള തകരാറുകള്‍ സംഭവിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ പരിഭ്രാന്തരാകരുതെന്ന് ലഫ്. മുഹമ്മദ് സയ്ഫ് അല്‍ സുവൈദിതി ഓര്‍മിപ്പിച്ചു. ശാന്തമായി ട്രാഫിക് കുറഞ്ഞ ലൈനിലൂടെ വാഹനം ഓടിക്കുക.

ഗിയര്‍ പതുക്കെ താഴ്ത്തിയശേഷം ഹാന്‍ഡ് ബ്രെയ്ക്കും മറ്റും ഉപയോഗിച്ച് വാഹനം സുരക്ഷിത സ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ലഫ്. സുവൈദിതി പറഞ്ഞു. ഏതാനും ദിവസം മുന്‍പ് ദുബായിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ ഡ്രൈവറെ ദുബായ് പൊലീസ് സാഹസികമായി രക്ഷിക്കുകയായിരുന്നു.

Top