പി.പി ചെറിയാൻ
മാഡിസൺകൗണ്ടി (മിസിസിപ്പി): മാതാവിന്റെ അശ്രദ്ധമൂലം പകൽ മുഴുവൻ എസ് യുവിയുടെ പിൻസീറ്റിൽ സീറ്റ് ബെൽട്ടിട്ടു മുറുക്കിയ നിലയിൽ കഴിയേണ്ടി വന്ന കുട്ടി സൂര്യാഘാതം മൂലം മരിച്ചു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് മൂന്നു മണിക്കു രണ്ടു വയസുകാരി മകളെ ഫുട് പ്രിന്റ് ലേണിങ് സെന്ററിൽ നിന്നും വീട്ടിലേയ്ക്കു കൊണ്ടുവരുവാനാണ് അമ്മ എത്തിയത്. കുട്ടിയെ അന്വേഷിച്ചപ്പോൾ അധ്യാപികയുടെ മറുപടി കേട്ട് മാതാവ് ഞെട്ടി. കുട്ടിയെ രാവിലെ ഇവിടെ എത്തിച്ചിട്ടില്ലല്ലോ എന്നായിരുന്നു ഇവരുടെ മറുപടി.
മാതാവ് ഉടൻ തന്നെ സ്‌കൂളിന്റെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറിനു സമീപത്തേയ്ക്ക് എത്തി. തുടർന്നു നടത്തിയ പരിശോധനയിൽ കാറിന്റെ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ചേർത്തു ബന്ധിച്ച നിലയിൽ ചലനമറ്റു കിടക്കുന്ന മകളെയാണ് കണ്ടെത്തിയത്.
രാവിലെ സ്‌കൂളിൽ പോകുമ്പോൾ കുട്ടിയെ ലേണിങ് സെന്ററിൽ ഇറക്കേണ്ടതിനു പകരം മാതാവ് കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തി ഇവരുടെ ജോലി സ്ഥലത്ത് എത്തിക്കുകയായിരുന്നു. അമ്മയുടെ ജോലി സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷം ഇവർ ജോലിയ്ക്കായി ഉള്ളിലേയ്ക്കു കയറി പോയി. ഈ സമയമത്രയും കുട്ടി കാറിന്റെ പിൻസീറ്റിൽ സീറ്റ് ബെൽറ്റിനോടു ചേർത്തു ബന്ധിക്കപ്പെട്ട നിലയിൽ കുട്ടി മണിക്കൂറുകളോളം ഇരിക്കുകയായിരുന്നു. വൈകിട്ട് ജോലി സ്ഥലത്തു നിന്നും പുറത്തെത്തിയ മാതാവ് കുട്ടിയെ അന്വേഷിച്ചു നേരെ സെന്ററിൽ എത്തി. ഇതോടെയാണ് കുട്ടി കാറിനുള്ളിലിരുന്നു കൊല്ലപ്പെട്ടെന്ന ദാരുണ സംഭവം പുറം ലോകം അറിഞ്ഞത്.
ഇത്തരത്തിൽ ദയനീയമായ സംഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ മാതാവിനെയും പിതാവിനെയും പൊലീസ് സംഭവ സ്ഥലത്തു നിന്നു തന്നെ ചോദ്യം ചെയ്തു. അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ അപകട മരങ്ങൾ ഇതിനു മുൻപും സംഭവിച്ചിട്ടുണ്ടെന്നും ചില മിനിട്ടുകൾ കാറിനകത്ത് എസിയില്ലാതെ കനത്ത ചൂടിൽ കഴിഞ്ഞാൽ കുട്ടികളുടെ മരണം സുനിശ്ചിതമാണെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകുന്നു.