റിയാദ് : പ്രവാസികളെ വീണ്ടും കഷ്ടതയിലാക്കി സൗദി സ്വദേശിവല്‍ക്കരണം ഇന്നു മുതല്‍ നിലവില്‍ വന്നു.സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പന, സര്‍വീസ് കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രവാസികള്‍ നടത്തിവന്ന കടകളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടി. ചില സ്ഥാപനങ്ങള്‍ ഇതിനകം ഇലക്ട്രോണിക്സ്, ഫാന്‍സി, സ്റ്റേഷനറി തുടങ്ങിയവയിലേക്കു ലൈസന്‍സ് മാറ്റിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനാകാത്തതു നഷ്ടമുണ്ടാക്കിയെന്നു പ്രവാസികള്‍ പറയുന്നു.
നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കുമെന്നുള്ള മുന്നറിയിപ്പും ഭരണാധികാരികള്‍ പറയുന്നു.സമ്പൂര്‍ണ സൗദിവല്‍ക്കരണ തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്കു നിയമിച്ചാല്‍ ഓരോ വിദേശ ജോലിക്കാരനും 20,000 (ഏകദേശം 3.56 ലക്ഷം രൂപ) റിയാല്‍ വീതം തൊഴിലുടമകള്‍ക്കു പിഴ ചുമത്തുമെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
ലൈസന്‍സ് മാറ്റിയ കടകളില്‍ ഫോണ്‍ വില്‍ക്കാനോ സര്‍വീസിങ് നടത്താനോ നിയമപ്രകാരം കഴിയുകയില്ല. പിടിക്കപ്പെട്ടാല്‍ നാടുകടത്തലും പിഴയുമാണു ശിക്ഷ. മൊബൈല്‍ മേഖലയില്‍ ജോലിയില്‍ തുടര്‍ന്നാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഭയന്നു പ്രവാസികളില്‍ ഒരു വിഭാഗം ഈയാഴ്ചതന്നെ നാട്ടിലേക്കു മടങ്ങാനും ഒരുങ്ങുന്നു. ആയിരക്കണക്കിനു മലയാളികളാണു സൗദിയിലെ മൊബൈല്‍ വില്‍പന, അനുബന്ധ മേഖലകളില്‍ ജോലി ചെയ്തിരുന്നത്.
എല്ലാ പ്രവിശ്യകളിലെയും മൊബൈല്‍ഫോണ്‍ കടകളില്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്നും നാളെയും വാരാന്ത്യ അവധി ആയതിനാല്‍ ഞായറാഴ്ച മുതലാണു പരിശോധന ഊര്‍ജിതമാക്കുക. മൊബൈല്‍ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്നതിന് അര ലക്ഷത്തോളം സൗദി യുവതീയുവാക്കള്‍ക്കാണ് അധികൃതര്‍ പരിശീലനം നല്‍കിയത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയുടെ (ഹദഫ്) സാമ്പത്തിക സഹായത്തോടെയാണു പരിശീലനം.
ജോലിയില്‍ പ്രവേശിക്കുന്നവരുടെ വേതനത്തിന്റെ പകുതിയും ഹദഫ് വഹിക്കും. സ്വന്തമായി മൊബൈല്‍ഫോണ്‍ കടകള്‍ ആരംഭിക്കുന്ന സ്വദേശികള്‍ക്കു സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. മാസത്തില്‍ മൂവായിരം റിയാല്‍ വീതം രണ്ടു വര്‍ഷമാണ് ധനസഹായം. മൊബൈല്‍ഫോണ്‍ വില്‍പന, കസ്റ്റമര്‍ സര്‍വീസ്, മൊബൈല്‍ഫോണ്‍ ബേസിക് മെയിന്റനന്‍സ്, അഡ്വാന്‍സ്ഡ് മെയിന്റനന്‍സ് എന്നിവയിലാണു നിലവില്‍ പരിശീലനം നല്‍കുന്നത്.
50 ശതമാനം സൗദിവല്‍ക്കരണം പ്രാബല്യത്തിലായ ജൂണ്‍ ആറു മുതല്‍ ഓഗസ്റ്റ് ആറുവരെ മൊബൈല്‍ ഫോണ്‍ കടകളില്‍ തൊഴില്‍-സാമൂഹിക വികസന, മുനിസിപ്പല്‍, വാണിജ്യ-നിക്ഷേപ മന്ത്രാലയങ്ങളും പൊലീസും സഹകരിച്ച് നടത്തിയ റെയ്ഡുകളില്‍ 3,178 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സ്ഥാപനങ്ങള്‍ക്കുള്ള ശിക്ഷ തീരുമാനിക്കുന്നതിന് 2,331 നിയമ ലംഘനങ്ങള്‍ പണിഷ്‌മെന്റ് കമ്മിറ്റിക്ക് കൈമാറി. റെയ്ഡുകള്‍ക്കിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 847 മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സൗദിവല്‍ക്കരണം പാലിക്കാത്തതിന് 1,812 മൊബൈല്‍ ഫോണ്‍ കടകള്‍ പരിശോധനകള്‍ക്കിടെ അടപ്പിച്ചു. രണ്ടു മാസത്തിനിടെ 22,568 മൊബൈല്‍ ഫോണ്‍ കടകളിലാണ് വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ച് പരിശോധനകള്‍ നടത്തിയത്. സൗദിവല്‍ക്കരണം പാലിക്കാത്ത മൊബൈല്‍ ഫോണ്‍ കടകളെക്കുറിച്ചും മറ്റു തൊഴില്‍ നിയമ ലംഘനങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ വഴിയോ ഏകീകൃത കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ (19911) ബന്ധപ്പെട്ടോ അറിയിക്കണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി ആവശ്യപ്പെട്ടു.