ഡബ്ലിന്‍: ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവം മൂലം തന്റെ മകന് 24 മണിക്കൂര്‍ ഭക്ഷണമില്ലാതെ കഴിയേണ്ടിവന്നുവെന്ന് അമ്മ. 28 കാരനായ സെറിബ്രല്‍ പാള്‍സി ബാധിച്ച തന്റെ മകനെപ്പോലുള്ള രോഗികളെ അവഗണിക്കുന്നതില്‍ അമ്മയായ ഫില്‍ വൈറ്റ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. ട്യൂബിലൂടെയാണ് മകനായ ഡാരലിന് അമ്മ ഭക്ഷണം നല്‍കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ട്യൂബിന് കേടുപാടു പറ്റുകയും ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി പുതിയത് ഇടേണ്ടിവരുകയും ചെയ്യാറുണ്ട്. എങ്കില്‍ മാത്രമേ അവന് ഭക്ഷണവും മരുന്നും നല്‍കാനാവൂ എന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇത്തവണ ട്യൂബ് മാറ്റാനായി ബ്യൂമണ്ട് ഹോസ്പിറ്റലിലെത്തിച്ച ഡാരലിനെ ചികിത്സിക്കാന്‍ ആരും ഉണ്ടായില്ല. ഇപ്പോള്‍ ഇത്തരത്തിലാണ് സര്‍ക്കാര്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ള രോഗികളെയും പ്രായമായവരെയും പരിചരിക്കുന്നതെന്ന് അവര്‍ പറയുന്നു.
60 വയസുള്ള ഫില്‍ വൈറ്റ് മകനുമായി നോര്‍ത്ത് ഡബ്ലിനിലെ കില്‍സ്റ്റെറിലാണ് താമസം. മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ തുടര്‍ച്ചയായി പോരാടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു ഡോക്ടറെ കാണണമെങ്കില്‍ മരണാസന്നനായി സ്‌ട്രെച്ചറില്‍ പോകേണ്ടിവരും. ഇത് ജീവനക്കാരുടെ തെറ്റല്ല. വര്‍ഷങ്ങളായി തുടരുന്ന തെറ്റായ നയങ്ങളുടെ ഫലമാണെന്ന് അവര്‍ പറയുന്നു.
ശനിയാഴ്ച ആറുമണിക്കാണ് തങ്ങള്‍ മകന് അവസാനം ഭക്ഷണം നല്‍കിയതെന്നും ഹോസ്പിറ്റലിലെത്തിച്ച് അവന് ഇതുവരെ ഭക്ഷണം നല്‍കാനായില്ലെന്നറിയിച്ചിട്ടും ഒരു പ്രയോജനമുണ്ടായില്ലെന്നും അവര്‍ പറയുന്നു. ഡാരലിന്റെ ജനനം മുതല്‍ അമ്മയാണ് അവനെ പരിചരിക്കുന്നത്. എന്നാല്‍ പ്രായമായതോടെ വൈറ്റിനും 70 വയസുകാരനായ ഭര്‍ത്താവിനും മകന്റെ പരിചരണം ബുദ്ധിമുട്ടാകുകയാണ്. മകന്റെ സന്തോഷം മാത്രമാണ് ഇപ്പോഴും അവന്റെ ആരോഗ്യത്തിന് വേണ്ടി പെരുതാനും അവനെ പരിചാരിക്കാനുമുള്ള ഊര്‍ജ്ജം തനിക്ക് നല്‍കുന്നതെന്ന് ആ അമ്മ പറയുന്നു.
ഞങ്ങള്‍ സാധാരണക്കാരാണ്. മകനാണ് ഞങ്ങളെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവന് ജീവിതത്തില്‍ പൊരുതാന്‍ തീരുമാനിച്ചതോടെ ഞങ്ങളും അവനായി ജീവിക്കാന്‍ തുടങ്ങി. ഞങ്ങളവനെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ അവനും അര്‍ഹിക്കുന്നുവെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും അവര്‍ പറയുന്നു.