റിയാദ്: നഴ്‌സിങ് ജോലിയ്ക്കായി വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മലയാളി നഴ്‌സ് സൗദി ജയിലില്‍. ഏജന്റുമാരുടെ വാഗ്ദാനം വിശ്വസിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുമായി പോയ കോട്ടയം പാല സ്വദേശിനിയായ അല്‍ഹസയ്ക്കാണ് ഈ ദുര്‍ഗതി.
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരുകയായിരുന്നു അല്‍ഹസ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ജോലിക്കെത്തിയത്. ബിഎസ്സി നഴ്സിങ് പാസായ ഇവര്‍ക്ക് തൊഴില്‍ പരിചയം കാട്ടുന്നതിന് ഏജന്റ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ ബിഎസ്സി നഴ്സിങ് സര്‍ട്ടിഫിക്കറ്റിനൊപ്പം മുമ്പ് നാട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്നതിനായി സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അല്‍ഹസ ഇരുമ്പഴിക്കുള്ളിലായത്.
യുവതിയുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, വ്യാജ രേഖയുമായി ബന്ധപ്പെട്ട കേസായതിനാല്‍ എംബസിക്കു നേരിട്ട് ഇടപെടാന്‍ പറ്റാത്ത സാഹചര്യമാണ്. ശിക്ഷാകാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് നാടുകടത്തല്‍കേന്ദ്രം മുഖേന യുവതിയെ നാട്ടിലേക്ക് എത്തിക്കാനാകുമെന്ന പ്രത്യാശയാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമുള്ളത്.
സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസിന്റെ അംഗീകാരം നേടുന്നതിനായി ഇവര്‍ നല്‍കിയ രേഖകളിലാണ് കൃത്രിമം കണ്ടെത്തിയത്. ഡല്‍ഹിയിലെ ഒരു ആശുപത്രിയുടെ പേരില്‍ നാട്ടിലെ സ്വകാര്യ ഏജന്റുമാര്‍ പണം വാങ്ങി തയ്യാറാക്കി നല്‍കിയ സര്‍ട്ടിഫിക്കറ്റായിരുന്നു ഇവര്‍ക്ക് നല്‍കിയത്. ഹെല്‍ത്ത് കമ്മീഷന്‍ ഇവര്‍ നല്‍കിയ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഡല്‍ഹിയിലെ ആശുപത്രി അധികൃതര്‍ക്ക് അയച്ചു.
സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനുള്ള ശിക്ഷാനടപടികള്‍ക്കായി രേഖകള്‍ സൗദി ഹെല്‍ത്ത് കമ്മീഷന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി ഉത്തരവുപ്രകാരം ജയിലിലാക്കി.
ഇക്കഴിഞ്ഞ സപ്തംബര്‍ ആദ്യവാരത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൗദി ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കു ജോലിതേടിയെത്തുന്നവര്‍ പലപ്പോഴും സ്വകാര്യ ഏജന്റുമാരുടെ പ്രേരണയ്ക്കു വഴങ്ങിയാണ് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നത്. ജോലിക്കായി വ്യാജ രേഖകള്‍ സമര്‍പ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നതിനാല്‍ സൗദിയിലേക്കു ജോലി തേടി വരുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
മറ്റുവിദേശ രാജ്യങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ക്ക് കര്‍ശന ശിക്ഷ നിലവിലുള്ളതിനാല്‍ തൊഴില്‍ ദായകര്‍ പരാതിപ്പെട്ടാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും. ശിക്ഷയും ഉറപ്പാണ്. ഇതേക്കുറിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളും നോര്‍ക്കയും ബോധവല്‍ക്കരണം നടത്തണമെന്ന ആവശ്യമാണ് പ്രവാസി സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.