ചെല്‍സി പരിശീലകന്‍ ഹോസൈ മൗറീന്യോ ലൈംഗികാരോപണ കുരുക്കില്‍

ലണ്ടന്‍: ചെല്‍സി ഫുട്‌ബോള്‍ പരിശീലകന്‍ ഹൊസെ മൗറീന്യോക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തിയെന്ന് പരാതി. ടീമിന്റെ മുന്‍ വനിതാ ഡോക്ടര്‍ ഈവ കാര്‍നെയ്‌റോക്കെതിരെ ലൈംഗികാധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. സംഭവം സ്ഥിരീകരിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി.പരാതിയില്‍ പറഞ്ഞകാര്യം തെളിയിക്കപ്പെട്ടാല്‍ മൗറീന്യോക്ക് അഞ്ച് മത്സരങ്ങളില്‍നിന്ന് വിലക്കുലഭിക്കും.സ്വാന്‍സി സിറ്റിക്കെതിരായ മത്സരത്തിനിടെ എഡന്‍ ഹസ്സാര്‍ഡിന് പരിക്കേറ്റപ്പോള്‍ പരിചരിക്കാന്‍ ഡോക്ടറായ ഈവ ഗ്രൗണ്ടിലിറങ്ങിയതിനെച്ചൊല്ലിയാണ് മൗറീന്യോ കടുത്തഭാഷയില്‍ പ്രതികരിച്ചത്. കളി ഇഞ്ചുറി ടൈമിലേക്ക് നീണ്ട സമയത്ത് ടീമിലെ കളിക്കാരുടെ എണ്ണം കുറയുന്നതാണ് മൗറീന്യോയെ കോപാകുലനാക്കിയത്. ഒരു താരം ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചെല്‍സിനിരയില്‍ 10 പേരാണ് കളിച്ചുകൊണ്ടിരുന്നത്. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഹസ്സാര്‍ഡിന് പരിക്കേറ്റത്. താരത്തെ റഫറിയുടെ നിര്‍ദേശപ്രകാരം ഡോക്ടര്‍ പരിശോധിച്ചാല്‍ പുറത്തുപോയതിന് ശേഷമേ തിരികെ കളിക്കളത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. ഈ സമയത്ത് ഗോളിയെ മാറ്റിനിര്‍ത്തിയാല്‍ എട്ട് കളിക്കാരാണ് സ്വാന്‍സിയുടെ 10 കളിക്കാരെ നേരിടാനുണ്ടായിരുന്നത്.ഡോക്ടര്‍ കളിയുടെ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മൗറീന്യോ മത്സരശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍, റഫറിയുടെ നിര്‍ദേശം അനുസരിക്കുകയാണ് ചെയ്തതെന്ന് ഈവയും പറഞ്ഞിരുന്നു. സംഭവത്തോടെ ടീം ഡോക്ടര്‍സ്ഥാനം നഷ്ടപ്പെട്ടതോടെയാണ് മൗറീന്യോക്കെതിരെ പരാതിനല്‍കപ്പെട്ടത്.

Top