ചിക്കാഗോയില്‍ ജനവരിയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പത്തി ഒന്ന്

ഷിക്കാഗോ: ജനുവരി മാസം ഷിക്കാഗോയില്‍ വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. 2015 ജനുവരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയിരുന്നെങ്കില്‍ 2016 ജനുവരിയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി വര്‍ധിച്ചിട്ടുണ്ട്. 2014 ജനുവരിയില്‍ കൊല്ലപ്പെട്ടത് 20 പേര്‍ മാത്രമായിരുന്നു.
അമേരിക്കയില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഷിക്കാഗോയ്ക്കു മൂന്നാം സ്ഥാനമാണ്. 2000 ത്തിനു ശേഷം ജനുവരിയില്‍ ഇത്രയും പേര്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമായാണ്. 2016 ജനുവരിയില്‍ 241 വെടിവെയ്പ്പു സംഭവങ്ങളാണ് ഷിക്കാഗോയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക അറിയിപ്പിലാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
കുറ്റവാളി സംഘങ്ങള്‍ തമ്മിള്ളു പക പോക്കലാണ് ആക്രമണങ്ങളും, വെടിവെയ്പ്പുകളും കൊലപാതകങ്ങളും വര്‍ധിക്കാനുണ്ടായ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ല്‍ ചിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക കണക്കു പ്രകാരം 468 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2014 ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ 12.5 ശതമാനം കൂടുതലാണിത്. 2015 ല്‍ 2900 വെടിവെയ്പ്പു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തലേ വര്‍ഷത്തേക്കാള്‍ 13 ശതമാനത്തിന്റെ വര്‍ധനവ്.
അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനും നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു അര്‍ഹതപ്പെട്ട ശിക്ഷ നല്‍കുന്നതിനും പൊലീസ് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അക്രമസംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ എല്ലാവരും ആശങ്ക പ്രകടിപ്പിച്ചു.

Top