ഒമാന്‍ :ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്‍റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്.
സലാലയില്‍ നിന്ന് രാത്രി മസ്കറ്റിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. പുലര്‍ച്ചെ ആറു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
അതേസമയം; അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ചിക്കുവിന്‍റെ ഭര്‍ത്താവ് ലിന്‍സന് ഇന്ത്യയിലേക്ക് പോകാന്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. ലിന്‍സന്‍റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്‍റെ മൃതദേഹത്തെ അനുഗമിക്കുക.
സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന ചിക്കു റോബര്‍ട്ടിനെ ഏപ്രില്‍ 20നാണ് വീട്ടിലെ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.