സ്വന്തം ലേഖകൻ
ഡബ്ലിൻ:ക്രേഷെകളിലോ ആഫ്റ്റർ സ്‌കൂൾ കെയർ സെന്ററുകളിലോ അല്ലാതെ,രജിസ്റ്റർ ചെയ്യാതെ കുട്ടികളെ നോക്കുന്നവർക്കും ചൈൽഡ് കെയർ സബ്‌സിഡി നൽകാനുള്ള പദ്ധതിയുടെ സാധ്യത പരിശോധിച്ചു വരികയാണെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി കാതറിൻ സപ്പോനെ.
കഴിഞ്ഞ ദിവസത്തെ ബജറ്റിൽ, രജിസ്റ്റർ ചെയ്ത് കുട്ടികളെ നോക്കുന്നവർക്ക് മാസം 80 യൂറോ വരെ (വർഷം 900 യൂറോ വരെ) സബ്‌സിഡി നൽകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ആറു മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ നോക്കുന്നവർക്കാണ് സബ്‌സിഡി ലഭിക്കുക. ഇതിനായി സർക്കാരിന്റെ ഫാമിലി ആൻഡ് ചൈൽഡ് ഏജൻസിയായ ടസ്ല ചൈൽഡ് കെയർ പ്രൊവൈഡറിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കോ ചൈൽഡ് മൈൻഡേഴ്‌സിനോ മാത്രമേ അർഹതയുള്ളൂ എന്നാണ് നിലവിൽ ധാരണയായിരുന്നത്.
എന്നാൽ വരുമാനം കുറഞ്ഞ രക്ഷിതാക്കൾ കുട്ടികളെ നോക്കാനായി ബന്ധുക്കളെ ഏൽപ്പിക്കുന്നത് പതിവാണ്.പലപ്പോഴും മുത്തശ്ശിമാരോ മുത്തച്ഛൻമാരോ അഥവാ കുടുംബാംഗങ്ങൾ ആരെങ്കിലും ആയിരിക്കും കുട്ടികളെ നോക്കുന്നത്. ഇവർക്കും സബ്‌സിഡി നൽകാനാണ് മന്ത്രി സപ്പോനെ ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച പഠനസമിതിയെ നിയോഗിക്കുമെന്നും അടുത്ത ബജറ്റിന് മുമ്പായി തീരുമാനമുണ്ടാകുമെന്നും താലയിൽ നിന്നുള്ള ടി ഡി കൂടിയായ കാതറിൻ സപ്പോനെ വ്യക്തമാക്കി.