ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ

റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജെന്നി നോഡ്ബേര്‍ഗ് എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തക രചിച്ച  “ദി അണ്ടര്‍ഗ്രൗണ്ട് ഗേള്‍സ് ഓഫ് കാബൂള്‍” എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് ശമിം തളാപ്രത്ത്  പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ഫോണിലൂടെ ആശംസകൾ നേർന്നു.
പെണ്‍കുട്ടിയെ ആണായി പ്രച്ഛന്നവേഷം കെട്ടി ജീവിക്കാന്‍ അനുവദിക്കുന്ന ബച്ചാ പോഷ് എന്ന ആചാരത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും തന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ഇത് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് ജെന്നി നോഡ്ബേര്‍ഗ് തന്റെ കൃതിയിലൂടെ ചെയ്തത്. ഇത്തരം പെണ്‍ബാല്യങ്ങളുടെ ഒളിജീവിതങ്ങള്‍ക്ക് സങ്കീര്‍ണമായ ജെൻഡർ പ്രശ്നങ്ങളിലേക്കും മാനസിക  പിരിമുറുക്കങ്ങളിലേക്കും നയിക്കുന്ന ചില വശങ്ങള്‍ കൂടിയുണ്ടെന്ന് ശമിം പറഞ്ഞു.
ജയശ്രീ മിശ്രയുടെ നോവൽ ‘റാണി’യുടെ വായനാനുഭവം വിജയകുമാർ പങ്കുവച്ചു. ഫ്രാൻസ് കാഫ്കയുടെ വിഖ്യാത നോവൽ ‘വിചാരണ’ നൗഷാദ് കോർമത്ത് അവതരിപ്പിച്ചു. ഏറെ ചർച്ച ചെയ്ത ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’യുടെ വായന ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി. ഹാനിഫ് ഖുറേശിയുടെ നോവൽ ‘ദ  ലാസ്റ്റ് വേഡ്’ മൻമോഹൻ സി.വിയും, ബാബു ഭരദ്വാജിന്റെ ‘പ്രവാസിയുടെ കുറിപ്പുകൾ’ നിജാസും അവതരിപ്പിച്ചു.
തുടർന്ന് നടന്ന സർഗസംവാദത്തിൽ ആർ.മുരളീധരൻ, റഫീഖ് പന്നിയങ്കര, ജോഷി പെരിഞ്ഞനം, യൂസഫ് പ, മുനീർ വട്ടേക്കാട്ടുകാര, ടി.ജാബിറലി, കെ.എൻ.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. നജിം കൊച്ചുകലുങ്ക്, ആർ.സുരേഷ് ബാബു, ഇ.പ്രദീപ് കുമാർ, നന്ദൻ, ഷൈജു ചെമ്പൂര്, നിബു.പി.വർഗീസ്, ജിബിൻ സഖറിയ, രാംരാജ്, ഫൈസൽ കൊണ്ടോട്ടി, അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ : ചില്ല സർഗവേദിയുടെ ആഗസ്ത് വായന ശമിം തളാപ്രത്ത്  ഉദ്ഘാടനം  ചെയ്യുന്നു.
Top