സ്വന്തം ലേഖകൻ
റിയാദ്: വ്യത്യസ്തങ്ങളായ പത്ത് പുസ്തകങ്ങളുടെ വായനയുമായി ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ ശ്രദ്ധേയമായി. ‘എന്റെ വായന’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ഗബ്രിയേൽ ഗാർസ്യാ മാർക്കേസിന്റെ ആത്മകഥ Living to Tell the Tale അവതരിപ്പിച്ച് ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മാർക്കേസിന്റെ ജന്മനാടായ അരക്കാറ്റാക്ക നൽകിയ ഓർമകളായിരുന്നു പിൽക്കാലത്ത് ലോകമറിയുന്ന കഥാകാരനായി മാറാൻ മാർക്കേസിനെ സഹായിച്ച കഥാതന്തുക്കൾ അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെടാൻ കാരണമായത്. കൊളംബിയയുടെ അതിരുകളിൽ നിന്നും വിശ്വസാഹിത്യത്തിന്റെ വിശാലതയിലേക്ക് സഞ്ചരിക്കാൻ മാർകേസ് കൃതികൾക്കായതും പച്ചപ്പായി മനസ്സിൽ കുടിയേറിയിരുന്ന ഈ ഓർമകളായിരുന്നു എന്ന് വായനാനുഭവം പങ്കുവെച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.
ഡൊമനിക്‌ലാപിയറും ലാരി കോളിൻസും ചേർന്ന് എഴുതിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം അബ്ദുൽ ലത്തീഫ് മുണ്ടേരി പങ്കുവെച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അപൂർവ്വമുഹൂർത്തങ്ങളും ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം ചെറിയ സംഭവങ്ങളും പറയുന്ന പുസ്തകം രാഷ്ട്രീയ ചരിത്രം മാത്രമല്ല; ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വർഗം, വേഷം, നിറം എന്നിങ്ങനെ വൈവിധ്യം പ്രദർശിപ്പിക്കുന്ന ഇന്ത്യയുടെ എല്ലാ മുഖങ്ങളും അവതരിപ്പിക്കുന്നുണ്ടെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു.
മെസ്സി എന്ന കളിക്കാരനെയും കലാകാരനെയും കാവ്യാത്മകമായി വിലയിരുത്തുന്ന കെ.വി. അനൂപിന്റെ ‘ലയണൽ മെസ്സി താരോദയത്തിന്റെ കഥ ‘ എന്ന പുസ്തകത്തിന്റെ വായനാനുഭവം പന്ത്രണ്ടുകാരനായ അഖിൽ ഫൈസൽ നടത്തിയത് ഹൃദ്യമായി. മെസ്സി അടയാളപ്പെടുത്തിയ രണ്ടുപതിറ്റാണ്ടുകൾ വളരെ അനായാസകാരവും മനോഹരവുമായി അഖിൽ അവതരിപ്പിച്ചു.
പ്രമുഖ ബംഗാളി സാഹിത്യകാരി ആശാപൂർണ്ണാദേവിയുടെ ഭാരതീയജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവൽ ‘പ്രഥമപ്രതിശ്രുതി’യുടെ വായന അനിത നസീം നടത്തി. അബലയെന്നും ചപലയെന്നും മുദ്രകുത്തപ്പെട്ട് പുരുഷന്റെ അടിമയായി നിഴലിൽ കഴിയേണ്ടിവന്ന സ്ത്രീയെ ശക്തിസ്വരൂപിണിയാക്കി മാറ്റുവാനുളള ശ്രമമാണ് നോവലിലൂടെ ആശാപൂർണ്ണാദേവി ചെയ്‌തെതെന്ന് അനിത പറഞ്ഞു.
മികച്ച കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച പി.എൻ ഗോപീകൃഷ്ണന്റെ ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്ന പുസ്തകത്തിന്റെ അവതരണം ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി. കാലത്തിന്റെ സങ്കീർണ്ണമായ യാഥാർഥ്യങ്ങളെയും സമസ്യകളെയും ചിന്തയിലും വാക്കിലും വരികളിലും സന്നിവേശിപ്പിക്കുമ്പോൾ പ്രകടമാകുന്ന കാവ്യദർശനം വിമർശനവും പരിഹാസവും നർമവും ഇഴചേരുന്ന വ്യത്യസ്തമായ ഒരനുഭവമാണ് ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്നും സ്വതന്ത്രഭാവനയുടെ ലോകം സാധ്യമാണ് എന്നല്ല, അതാണ് മനുഷ്യബന്ധങ്ങളെ സാധ്യമാക്കുക എന്നതാണ് ഈ കവിതകളുടെ വിശാസമെന്നും ഇഖ്ബാൽ പറഞ്ഞു .
ജീവിതത്തിന്റെ തെരുവിൽ നിന്ന് സിനിമയുടെ പാഠങ്ങൾ കണ്ടെത്തിയ ചലച്ചിത്ര ഇതിഹാസം ജോൺ ഏബ്രഹാമിനെ കുറിച്ചുള്ള ഓർമപ്പുസ്തകം കെ എൻ ഷാജി രചിച്ച ‘ജോൺ ഏബ്രഹാം’ എന്ന കൃതിയുടെ വായനാനുഭവം എം ഫൈസൽ നടത്തി. നല്ല സിനിമയ്ക്കുവേണ്ടിയുള്ള ബലിയായിരുന്നു ജോണിന്റെ ജീവിതമെന്ന് വായനാനുഭവും വ്യകതിപരമായി നേരിട്ട് മനസ്സിലാക്കിയ കാര്യങ്ങളും ചേർത്ത് ഫൈസൽ അവതരിപ്പിച്ചത് വേറിട്ടൊരുനഭവമായി.
റഫീക്ക് അഹമ്മദിന്റെ ‘അഴുക്കില്ലം’ എന്ന നോവലിന്റെ വായനാനുഭവം പ്രിയ സന്തോഷ് പങ്കുവെച്ചു. നാരായമംഗലം ദേശത്തെ പനിബാധിക്കുന്ന കഥയായ നോവൽ ആൺശരീരത്തെ ദേശമായി അടയാളപ്പെടത്തുകയും പെൺ അസാന്നിധ്യം പ്രകടമാക്കുകയും ചെയ്യുന്നു. പുരുഷന്മാരുടെ നീണ്ട ആഖ്യാനങ്ങളായി നോവലാകെ നിറയുമ്പോൾ നോവലിസ്റ്റ് കേരളത്തിന്റെ പൊതുമണ്ഡലത്തിലെ യുക്തിയെ തന്നെയാണെന്ന് ആശ്രയിക്കുന്നതെന്ന് പ്രിയ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മലയാളിയെ ഓർമ്മിപ്പിക്കുന്ന അംബികാസുതൻ മാങ്ങാടിന്റെ 12 കഥകളുടെ സമാഹാരം ‘രണ്ടു മത്സ്യങ്ങൾ’ എന്ന പുസ്തകത്തിന്റെ വായന യൂസഫ് പ നടത്തി. മനുഷ്യൻ പരിസ്ഥിതിക്ക് മേൽ ഏൽപ്പിക്കുന്ന ഓരോ ആഘാതത്തിനും ഇരട്ടി തിരിച്ച് നേരിടേണ്ടിവരും എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും എന്ന് യൂസഫ് പ പറഞ്ഞു.
ഉണ്ണായി വാര്യരുടെ ‘നളചരിതം ആട്ടക്കഥ’യുടെ വായനാനുഭവം സുരേഷ് പങ്കുവെച്ചു. മനുഷ്യപക്ഷത്തു നിന്ന് കഥകളിയിൽ ഊഷ്മളമായ ആഖ്യാനം നൽകുകയായിരുന്നു ഉണ്ണായി വാര്യർ ചെയ്‌തെതെന്ന് സുരേഷ് പറഞ്ഞു.
സമകാലീന ജീവിതത്തോടുളള ധിഷണാപരമായ പ്രതികരണങ്ങളാണ് എൻ.എസ്.മാധവന്റെ രചനകളെ എന്നും സമ്പുഷ്ടമാക്കുന്നതെന്ന് എൻ.എസ്.മാധവന്റെ 12 കഥകളുടെ സമാഹാരം ‘എന്റെ പ്രിയപ്പെട്ട കഥകൾ ‘ അവതരിപ്പിച്ചുകൊണ്ട് ജയചന്ദ്രൻ നെരുവമ്പ്രം പറഞ്ഞു. അധികാരവും ഉന്മാദവും പ്രണയവും വിഷയമാവുന്ന തന്റെ കഥാലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്ന പുസ്തകം സമകാലിക പ്രസക്തിയുള്ളതാണെന്ന് ജയചന്ദ്രൻ കൂട്ടിച്ചേർത്തു.
നിജാസ്, ജാബിറലി, വിജയകുമാർ എൻ, വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര, ഷമീം തളാപ്രത്ത്, അനിൽ അളകാപുരി, സമീഷ്, അഷ്ഫാക്, അൻവർ പി.വി, അരുൺ ജോയി, അരുൺ കുമാർ, പ്രകാശൻ, അനൂപ്, ഷാജി, സഫ്തർ, സംഗീത, നജ്മ, മാജിദ, മുഹമ്മദ് ഉള്ളിവീട്ടിൽ, ഷൈജു, ഉമ്മർ വി.പി, അബ്ദുറഹ്മാൻ, വിജയൻ വയനാട്, ഷാജഹാൻ, അബ്ദുറഹീം എന്നിവർ സംബന്ധിച്ചു. ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൗഷാദ് കോർമ്മത്ത് മോഡറേറ്റർ ആയിരുന്നു.
ഫോട്ടോ: ചില്ല സർഗവേദിയുടെ ‘എന്റെ വായന’ ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.