ഡബ്ലിന്‍: അന്തരിച്ച സിസിലി സെബാസ്റ്റ്യന് ഡബ്ലിനിലെ മലയാളി സമൂഹം അന്ത്യാഞ്ജലിയേകി. അയര്‍ലന്റിലെ ആദ്യകാല പ്രവാസത്തിലെ ഒരാളായിരുന്നു ഡബ്ലിന്‍ മലയാളികളുടെ സിസിലി ചേച്ചിയായ സിസിലി സെബാസ്റ്റ്യന്‍ കോര. ഡബ്ലിന്‍ സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മുന്‍ ക്ലിനിക്കല്‍ നേഴ്സ് മാനേജറുമായിരുന്ന സിസിലി സെബാസ്റ്റ്യന്‍ ചെമ്പകശേരില്‍.
ഡബ്ലിന്‍ ബെല്‍ഫീല്‍ഡിലെ യൂ സി ഡിയ്ക്ക് സമീപമുള്ള റോം മാസീസ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോമില്‍ ഇന്നലെ പരേതയുടെ ഭൗതീക ദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധി പേര്‍ അവിടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ മുതല്‍ കനത്തു പെയ്ത മഴയുണ്ടായിട്ടും പ്രിയപ്പെട്ട സിസിലി ചേച്ചിയ്ക്ക് അന്ത്യാഞ്ജലി നേരാനായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു.
സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോ ഓര്‍ഡിനേറ്ററും, ബ്ളാക്ക്റോക്ക് മാസ് സെന്റര്‍ വികാരിയുമായ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ ,ഫാ.സെബാന്‍ എന്നിവരും, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. നൈനാന്‍ കുര്യാക്കോസ് എന്നിവരും പ്രാര്‍ത്ഥന ശുശ്രൂഷകളില്‍ പങ്കെടുത്തു. ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരി റവ.ഡോ .വര്‍ഗ്ഗീസ് കോശിയുടെയും ഇടവകാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ഏറെ നാളുകളായി അസുഖബാധിതയായിരുന്ന സിസിലി സെബാസ്റ്റ്യന്‍ തിങ്കളാഴ്ച ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് അന്ത്യയാത്ര പറഞ്ഞത്. ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ കോര സി തോമസിന്റെ (തമ്പിച്ചായന്‍ ) ഭാര്യയാണ് സിസിലി കോര . മക്കള്‍ : ടോണി (മെയ്‌നൂത്ത് ), ടിന. മരുമകള്‍ : ഡോ. അമ്പിളി ടോണി ( സെന്റ് വിന്‍സെന്റ് ഹോസ്പിറ്റല്‍ ) ബെല്‍സ് (പാലാ). കൊച്ചുമക്കള്‍ : ഐറ, ആരോണ്‍, ഐഡന്‍, ആര്യ. മൃതദേഹം നാളെ കേരളത്തിലേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ പള്ളിയില്‍ പിന്നീട് നടത്തപ്പെടും.