
പി.പി ചെറിയാൻ
വെർജീനിയ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ഹില്ലരി ക്ലിന്റൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ വെള്ളിയാഴ്ച വൈകിട്ടാണ് പ്രഖ്യാപനം പുറത്തു വന്നത്. അമ്പത്തിയെടുക്കുകാരനായ വെർജീനിയ മുൻ ഗവർണറും സെനറ്ററുമായ ടിം കെയ്നാണ് ഹില്ലരി ക്ലിന്റനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ മത്സരിക്കുക.
നിയമ വിദ്യാർഥിയായിരിക്കുമ്പോൾ ഒരു വർഷത്തെ അവധിയെടുത്ത് മിഷൻ ട്രിപ്പിനു സമയം കണ്ടെത്തിയ കെയ്ൻ ഭവനരഹിതരുടെ അവകാശങ്ങൾക്കു വേണ്ടി നിയമയുദ്ധം നടത്തുകയും വെർജീനിയ ഗവർണറായിരിക്കുമ്പോൾ ഗൺവയലൻസ് തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം വ്യവസായ വികസനം തുടങ്ങിയ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകിയ ഏറ്റവും നല്ല സംസ്ഥാനമായി വെർജീനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നതു കെയ്ൻ ഗവർണർ പദവിയിലിരിക്കുമ്പോഴായിരുന്നു. ഡമോക്രാറ്റിക് ദേശീയ കൺവൻഷൻ തിങ്കളാഴ്ച ഫിലഡൽഫിയായിൽ ആരംഭിക്കാനിരിക്കെ ബെർണി സാന്റേഴ്സിന്റെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചവർ കെയിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പൂർണമായും സംതൃപ്തരല്ല. ഹില്ലരിയുടെ വിജയത്തിനു കെയ്നിന്റെ തിരഞ്ഞെടുപ്പു ഗുണകരമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.