പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റണു സ്ഥാനാർഥിത്വം ഉറപ്പായതോടെ പ്രസിഡന്റ് ബറാക് ഒബാമ ബില്ലരിയെ എൻഡോഴ്‌സ്‌ചെയ്യുന്നതായി മെയ് ഒൻപതു വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ ഒബാമ അറിയിച്ചു.
ഹില്ലരിയേക്കാൾ യോഗ്യതയുള്ള മറ്റൊരാളെയും പ്രസിഡന്റ് സ്ഥാനത്തിനു കണ്ടെത്താനായില്ല ഒബാമ പറഞ്ഞു. ഹില്ലരിയുമായുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനു പീസ് കോൺസിൽ ഗ്രീൻമ്പെയിൽ അടുത്ത ആഴ്ച ഒബാമ തുടക്കം കുറിക്കും.
വീഡിയോ സന്ദേശം പുറത്തിറങ്ങുന്നതിനു മുൻപു രാവിലെ ബർണി സാന്റേഴ്‌സ് ഒബാമയെ സന്ദർശിച്ചിരുന്നു. ഡൊണാൾഡ് ട്രമ്പിനെതിരെ പാർട്ടി പ്രവർത്തകരെ ഐക്യത്തോടെ നയിക്കുന്നതിനു ശ്രമിക്കുമെന്നു പിന്നീട് സാന്റേഴ്‌സ് പറഞ്ഞു. 2008 ൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വത്തിൽ ഒബാമയുടെ പ്രധാന എതിരാളി ഹില്ലരിയായിരുന്നു. പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നോമിനിയായി ഹില്ലരി ക്ലിന്റനെ ആദ്യമായി തിരഞ്ഞെടുത്ത ചരിത്ര മുഹൂർത്തതിനു ശേഷം ഒബാമയുടെ എൻഡോഴ്‌സ്‌മെന്റ് കൂടി ലഭിച്ചതോടെ ഹില്ലരി ക്യാമ്പ് വിജയാഹ്ലാദത്തിലാണ്. ബർണി സാന്റേഴ്‌സ് മത്സര രംഗത്തു നിന്നു പിൻമാറി പാർട്ടിയെ ഐക്യത്തോടെ തിരഞ്ഞെടുപ്പിൽ സജ്ജമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടൽ. ട്രമ്പിനെതിരെ മത്സരം കടുത്തതാകുമെന്നും ഡമോക്രാറ്റിക് പാർട്ടി കണക്കു കൂട്ടുന്നു.