കോമൺകോഡ്’ഇന്ത്യയുടെ ബഹുസ്വരത നഷ്ടമാക്കും

ജോയ് ഇട്ടൻ

ഇന്ത്യൻസമൂഹത്തിൽ പലതവണ ചർച്ചചെയ്യപ്പെട്ടതാണ് ഏകീകൃതസിവിൽകോഡ് എന്ന ആശയം. എന്നിട്ടും ഇതിനൊരിക്കലും സമൂർത്തമായ രൂപ കൈവന്നിട്ടില്ല. ഇപ്പോഴുംഅതെന്താണ്, എന്തായിരിക്കണം എന്നതിൽ ആർക്കും വ്യക്തതയില്ല. ഇന്ത്യയെ ഒറ്റ അച്ചിൽ വാർക്കാനായി കോമൺകോഡ് (യു.സി.സി) കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോ കമ്മിഷന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾക്ക് ബി.ജെ.പി സർക്കാർ നിർദേശം നൽകിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ‘കോമൺകോഡ്’എന്ന ആശയത്തെ നാം വിലയിരുത്തേണ്ടത് .ഇതിനു പിന്നിൽ പിന്നിൽ വലിയൊരു അപകടം നമുക്ക് കാണാതിരിക്കാനാകില്ല. ഇന്ത്യ, മതസാമൂഹിക വൈവിധ്യങ്ങൾ നിലനിർത്തിപ്പോകുന്നതിനെയാണ് സംഘ്പരിവാർ ശക്തികൾ ഭയക്കുന്നതും മാറ്റാൻ ആഗ്രഹിക്കുന്നതും. ഇതുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിൽ ബലപ്രയോഗം നടത്തുന്ന ശക്തികൾ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നത്.
ബഹുസ്വരത ഒരു സൗന്ദര്യമായിരിക്കേ അവ മുഴുവൻ ഏകീകരിക്കാനുള്ള ശ്രമം അതിന്റെ സഹജപ്രകൃതിയെ സമഗ്രമായി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വൈവിധ്യങ്ങൾ വർണപുഷ്പങ്ങളെപ്പോലെ നിലനിൽക്കുകയും അവയുടെ ഉൾപ്പൊരുത്തം സമാധാനപൂർണമായ ഒരു സാമൂഹിക ഘടനയ്ക്ക് രൂപം നൽകുകയും ചെയ്ത അസാമാന്യ സവിശേഷതയാണ് ഇന്ത്യയ്ക്കുള്ളത്.
ഈ ബഹുസ്വരതയെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന രൂപം കൊള്ളുന്നത്. ഭരണഘടനയുടെ മൂലക്കല്ലായി കാണുന്ന മൗലികാവകാശ തത്വങ്ങളുടെ അനുഛേദങ്ങൾ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ യാഥാർഥ്യം ഉൾക്കൊള്ളുന്നതാണ്. രാജ്യത്തിന്റെ സാമൂഹിക ക്രമങ്ങൾക്കും ധാർമിക സുസ്ഥിതിക്കും മറ്റു മൗലികാവകാശ തത്വങ്ങൾക്കും വിധേയമാകും വിധം ഓരോ പൗരനും നൽകുന്ന മതാചാരത്തിനും പ്രചാരണ പ്രഘോഷണത്തിനുമുള്ള വിപുലമായ സ്വാതന്ത്ര്യമുണ്ട്.
മുസ്‌ലിംസമൂഹത്തിൽനിന്ന് ഈ ആശയത്തോട് ആദ്യംതന്നെ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. മുസ്‌ലിംവ്യക്തിനിയമങ്ങൾ ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽനിന്ന് ഒരുമാറ്റം ആ സമൂഹത്തിന്റെ അസ്ഥിത്വംതന്നെ ഇല്ലാതാക്കും.
അതുതന്നെയാണു സംഘ്പരവാറിന്റെ ലക്ഷ്യവും. ഇന്ത്യൻ മുസ്‌ലിംകളുടെആന്തരികമായ സത്തയെചോർത്തിക്കളഞ്ഞ്, വിശ്വാസങ്ങളെ ഉടച്ചുവാർത്ത് നിലയില്ലാക്കയത്തിലാക്കുകയെന്നതന്ത്രമാണു സംഘ്പരിവാർ പണിപ്പുരകളിൽ നെയ്യപ്പെട്ടുകൊണ്ടരിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഒരുസമൂഹം അവരുടെ ആത്മാവിന്റെഭാഗമായി കൊണ്ടുനടക്കുന്ന വിശ്വാസധാരകളെ ഒരു രാഷ്ട്രീയനീക്കത്തിലൂടെ ഇല്ലായ്മചെയ്ത് അവിടെ ഒട്ടുംപരിചതമല്ലാത്ത, ഉൾക്കൊള്ളാൻ കഴിയാത്ത ചിലത് അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിത്. ഇതിനെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ മുസ്‌ലിംസമൂഹത്തിന്റെ പോരാട്ടത്തിൽ ഈ രാജ്യത്തെ എല്ലാ മതേതരവിശ്വാസകളുടെയും സജീവപിന്തുണകൂടി ഉണ്ടാകേണ്ടതുണ്ട് .
രാജ്യത്തെ ഹൈന്ദവവിഭാഗങ്ങളെയും ഏകീകൃതസിവിൽകോഡ് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒരേജാതിയിൽത്തന്നെ വടക്കുംതെക്കുമുള്ളവരിൽ പലകാര്യങ്ങളിൽ വ്യത്യാസംകാണാം. ചിലർ മക്കത്തായക്കാരും മറ്റുചിലർ മരുമക്കത്തായക്കാരുമാണ്. ചിലരിൽ ഇവ രണ്ടും ഇടകലർന്നും കാണാം. ഇതിനെല്ലാം ഒറ്റ നിയമത്തിലൂടെ പരിഹാരമുണ്ടാക്കിക്കളയാമെന്നു ധരിക്കുന്നതു വ്യർഥവും അപകടകരവുമാണ്. അല്ലെങ്കിൽത്തന്നെ ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന എല്ലാപ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയാണോ ഏകീകൃതസിവിൽകോഡ്.
ഉത്തരേന്ത്യയിലെ ഹൈന്ദവരും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹൈന്ദവരുംതമ്മിൽ വ്യക്തിനിയമങ്ങളിലും വൈവാഹികസ്വത്തവകാശമുൾപ്പെടെയുള്ള ആചാരങ്ങളിലും വലിയവ്യത്യാസമുണ്ട്.
കേരളത്തിൽപ്പോലും ബ്രാഹ്മണരെപ്പോലെയുള്ള ജാതിവിഭാഗങ്ങളിൽ നിലനിൽക്കുന്ന വൈവാഹികസ്വത്തവകാശരീതിയല്ല മറ്റുസമുദായങ്ങളിൽ നിലനിൽക്കുന്നത്.
അതുകൊണ്ട് ഏകീകൃതസിവിൽകോഡ് എന്ന ആശയത്തെ നമ്മൾ എതിർക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
മതവിശ്വാസത്തോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ സാംസ്‌കാരിക സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുതരുന്നുണ്ട്. രാജ്യത്തെ മതഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷയും സംസ്‌കാരവും നിലനിർത്താനും അതിനുമേലുള്ള അധിനിവേശങ്ങളെ പ്രതിരോധിക്കാനും സാധിക്കും വിധമാണ് ഈ അവകാശങ്ങൾ
ഭരണഘടനാപരമായ അവകാശങ്ങളുടെ ബലത്തിൽ നിൽക്കുന്നതാണ് നമ്മുടെ വ്യക്തിനിയമങ്ങൾ. വളരെ പരിമിതമായ കാര്യങ്ങളിൽ മാത്രമൊതുങ്ങുന്ന വ്യക്തിനിയമങ്ങൾ മറ്റു സിവിൽ നിയമങ്ങളെപ്പോലെ ഏകീകരിക്കുന്നതിനെയാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്ന യൂണിഫോം സിവിൽകോഡ് എന്നതുകൊണ്ട് അർഥമാക്കുന്നത്. യഥാർഥത്തിൽ ഇന്ത്യയിൽ ഒരു ഏകീകൃത സിവിൽ നിയമം നിലവിലുണ്ട്. സിവിൽ പ്രസീഡർ കോഡ് പ്രകാരമാണ് സിവിൽ തർക്കപരിഹാരങ്ങൾ കോടതികൾ കാണുന്നത്.
ഇന്ത്യയുടെ അഭിമാനമായ ഈ സാംസ്‌കാരിക വൈവിധ്യത്തെ അടിച്ചു ശരിപ്പെടുത്തി ഏകനിലം രൂപമാക്കാനുള്ള സംഘ്പരിവാർ അജൻഡയാണ് ഏകസിവിൽകോഡ് എന്ന ഉട്ടോപ്യൻ സ്വപ്നം നടപ്പിലാക്കാൻ ധൃതികാണിക്കുന്നത് ആർക്കുവേണ്ടിയാണ്? വളരെ കരുതലോടെ ഈ നീക്കത്തിനെതിരേ മതേതര ജനാധിപത്യ കക്ഷികൾ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
അനേക സഹസ്രങ്ങളിലൂടെ ഇന്ത്യ ആർജ്ജിച്ചെടുത്ത വൈവിധ്യം ഇന്ത്യയുടെ തനതു സ്വഭാവമാണ്. ഹൈന്ദവസമൂഹത്തിൽ വരെ അനേകായിരം വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ സാംസ്‌കാരിക പരിസരം ഇങ്ങനെ വിവിധ വർണങ്ങളാൽ അലങ്കൃതമായി തന്നെയാണ് നിലനിൽക്കേണ്ടത്. ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം, അതിന്റെ ഭൂപരമായ വൈവിധ്യം പോലെ സമ്പന്നമാണ് എന്നു നാം തിരിച്ചറിയണം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top