
ഡബ്ലിന്‍: രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ജിക്കല്‍ സീനിയര്‍ ഹൗസ് ഓഫിസര്‍ ഡോ.ഒമര്‍ ഹസ്സന് കുറ്റക്കാരനാണെന്നു മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി. ഡോക്ടര്‍ക്കെതിരായ രോഗികളുടെ പരാതിയുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ ക്ലിനിക്കല്‍ പ്രഫസര്‍ ഓഫ് ട്രാമാ ആന്‍ഡ് ഓര്‍ത്തോപീഡിക്സ് സര്‍ജറി വിഭാഗത്തിലെ പ്രഫസര്‍ ജോണ്‍ മക്എല്വിനാണ് ഇപ്പോള്‍ ഡോക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ത്തുന്ന തെളിവുകള്‍ നല്‍കിയിരിക്കുന്നത്. ഗുരുതരമായ രോഗം ബാധിച്ച രോഗിയുടെ ഞരമ്പിലേയ്ക്ക്, ഇദ്ദേഹത്തിന്റെ സമ്മതമില്ലാതെ തന്നെ ട്യൂബുകള്‍ കുത്തിയിറക്കാന്‍ ശ്രമിച്ചാണ് ഡോക്ടര്‍ പ്രശ്നത്തില്‍പ്പെട്ടത്. ഇതേ തുടര്‍ന്നു ഡോ.ഹുസൈനെതിരെ പരാതി വ്യാപകമായതോടെയാണ് പ്രഫ.മക്എല്വില് മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചത്.
മോശം പ്രകടനം തുടരുന്ന ഡോക്ടര്‍ ഹുസൈന്, പലപ്പോഴും പ്രഫഷനു ചേരാത്ത രീതിയില്‍ പരിധിവിട്ടു പെരുമാറുന്നുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഹുസൈന്റെ ഇത്തരത്തിലുള്ള പെരുമാറ്റം മൂലം 2012 സെപ്റ്റംബര്‍ 24 നു മിഡ്ലാന്‍ഡ് റീജിയണല്‍ ആശുപത്രിയില്‍ രോഗിക്കു വേദനയും അപമാനവും നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സിലിനു പരാതി നല്കാന് ഒരുങ്ങിയ രോഗിയെ ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള തെളിവുകളും ഇപ്പോള്‍ മെഡിക്കല്‍ കൗണ്‍സിലിനു മുന്നില്‍ ലഭിച്ചിട്ടുണ്ട്.