ഇന്ത്യയെ വീണ്ടെടുക്കുവാൻ കോൺഗ്രസ്സിന് മാത്രമേ കഴിയൂ: ദമ്മാം ഒ ഐ സി സി

E.K.Salim

ദമ്മാം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായി തലയെടുപ്പോടുകൂടി നിന്നിരുന്ന ഇന്ത്യയിൽ, നിയമ നിർമ്മാണ സഭകളിൽ തങ്ങൾക്കുള്ള ഭൂരിപക്ഷത്തിൻറെ സാങ്കേതിക പിൻബലത്തിൽ ചൂടപ്പം പോലെ ചുട്ടെടുക്കുന്ന നിയമങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ വിഭജിക്കുവാൻ ശ്രമിക്കുകയാണ് സംഘപരിവാർ ഭരണകൂടം. മുൻകാലങ്ങളിൽ ചില വിദേശ രാജ്യങ്ങളിൽ അവിടത്തെ ഭരണകർത്താക്കൾ നടത്തിയിരുന്ന ഭരണകൂട ഭീകരതയുടെ വാർത്തകൾ ഞെട്ടലോടെയാണ് നാം ചർച്ച ചെയ്തിരുന്നത്. എന്നാൽ, ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഭരണകൂട ഭീകരതയുടെ വാർത്തകളാണ് ലോകമെമ്പാടും ഞെട്ടലോടെ ചർച്ച ചെയ്യുന്നത്. ഈ ദുരവസ്ഥയിൽ നിന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ സംരക്ഷണം നൽകി മഹാത്മജിയും നെഹ്രുവുമടക്കമുള്ള നേതാക്കൾ വിഭാവനം ചെയ്ത യഥാർത്ഥ ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രമേ കഴിയൂവെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ നൂറ്റി മുപ്പത്തിയഞ്ചാമത് സ്ഥാപകദിന സമ്മേളനം അവകാശപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അധികാരത്തിൻറെ മറവിൽ എന്തും ആകാമെന്ന തോന്നൽ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ ഇന്ത്യയിലെ ജനാധിപത്യ മതേതര വിശ്വാസികളും വിദ്യാർത്ഥി സമൂഹവുമുൾപ്പെടെ രാജ്യത്തെ ബഹുഭൂരിപക്ഷമാളുകളും മോഡിയും അമിത് ഷായും നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സമരരംഗത്താണുള്ളത്. ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതികൊടുക്കുകയാണ് സർക്കാർ. സാമ്പത്തിക രംഗം ഈ അടുത്തകാലത്തൊന്നും കരകയറാത്ത വിധം കൂപ്പ് കുത്തിയിരിക്കുകയാണ്. വിലക്കയറ്റം മൂലം സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ഇങ്ങനെ സാധാരണക്കാരായ ജനങ്ങളെ മുദ്ധിമുട്ടിച്ച് ഏതാനും സമ്പന്നർക്കുവേണ്ടി നിലകൊള്ളുന്ന മോഡി സർക്കാരിന് കടിഞ്ഞാണിടുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രമേ സാധിക്കുകയുള്ളു.

രണ്ടാം മോഡി സർക്കാറിൻറെ തുടക്കം മുതൽ ഒരു പ്രത്യേക സമുദായത്തെ ലക്‌ഷ്യം വച്ചുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുത്തലാഖ്, കാശ്മീർ, ബാബറി മസ്ജിദ്, പൗരത്വ രജിസ്ട്രേഷനടക്കമുള്ള വിഷയങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള മോഡി സർക്കാരിൻറെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്‌ട്രേഷനും മുസ്‌ലിം സമുദായത്തിനെതിരെയുള്ള ഗൂഢനീക്കമാണെന്നും സമ്മേളനത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച കോൺഗ്രസ്സ് സ്ഥാപകദിന സമ്മേളനത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുൽ ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹനീഫ് റാവുത്തർ, ശിഹാബ് കായംകുളം, സിറാജ് പുറക്കാട്, ഷംസു കൊല്ലം, ഡോ.സിന്ധു ബിനു, ഷിജില ഹമീദ്, ലിബി ജെയിംസ്, ഇ എം ഷാജി മോഹനൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ.സലിം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്തവർ ആസാദി മുദ്രാവാക്യമുയർത്തി പ്രതീകാത്മക ഫ്‌ളാഗ് മാർച്ചും സംഘടിപ്പിച്ചു.

Top