കോൺഗ്രസ്സിൻറെ “സ്പീക്ക് അപ് ഇന്ത്യ” ക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കി ദമ്മാം ഒ ഐ സി സി .

സൗദി:കോവിഡിൻറെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പിലാക്കിയ അശാസ്ത്രീയമായ ലോക്ഡൗണുകൾ കാരണം ദുരിതത്തിലായ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച്‌  കേന്ദ്ര സർക്കാരിൻറെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നേതാക്കളും സാധാരണ പ്രവർത്തകരുമടക്കം അമ്പത് ലക്ഷമാളുകളെ പങ്കെടുപ്പിച്ച് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി ആഹ്വാനം ചെയ്ത “സ്പീക്ക് അപ് ഇന്ത്യ” ക്ക് ദമ്മാം ഒ ഐ സി സി യിൽ നിന്നും മികച്ച പങ്കാളിത്തമാണ് സോഷ്യൽ മീഡിയയിൽ പ്രകടമായത്.
ലോക് ഡൗണിനെത്തുടർന്ന് രാജ്യത്തെ വിവിധ സസ്ഥാനങ്ങളിലകപ്പെട്ട  അതിഥി തൊഴിലാളികളും, കർഷകരും, തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെട്ട സാധാരണക്കാരും,കച്ചവടക്കാരും, ചെറുകിട വ്യവസായ സംരംഭകരും തുടങ്ങി സമൂഹത്തിൻറെ നാനാ തുറകളിലും പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്ചകൾ തുറന്ന് കാണിച്ചും  പരിഹാരം തേടിയുമാണ് “സ്പീക്ക് ആപ്‌ ഇന്ത്യ” എന്ന പേരിൽ സമൂഹ മാധ്യമ ക്യാമ്പയിൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടിപ്പിച്ചത്.
ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ, കർഷകർ, അസംഘടിത മേഖലയിലും  ചെറുകിട ഇടത്തരം സംരംഭങ്ങളിലും തൊഴിലെടുക്കുന്ന തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുമെല്ലാം കടുത്ത ദുരിതത്തിലാണ്. പൈസയും ആഹാരവും തൊഴിലും മറ്റ് ആവശ്യസാധനങ്ങളുമില്ലാതെ അവർ ബുദ്ധിമുട്ടുകയാണ്. ലോക്ഡൗൺ  പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ  സ്വന്തം നാടുകളിലെത്തിക്കുവാൻ യാതൊരു ക്രമീകരണവും നാളിതുവരെ സർക്കാർ പൂർത്തിയാക്കിയിട്ടില്ല. ദേശവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച രണ്ടു മാസക്കാലമായി എങ്ങനെയെങ്കിലും തങ്ങളുടെ വീടുകളുടെയും ഗ്രാമങ്ങളുടെയും  സുരക്ഷിതത്വത്തിലേക്കു മടങ്ങാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ തങ്ങളുടെ കൈക്കുഞ്ഞുങ്ങളുമായി  ഹൈവേകളിലൂടെ കിലോമീറ്ററുകൾ നടന്നും ട്രക്കുകളിൽ കയറിപ്പറ്റിയും ലഭ്യമായ ഏതെങ്കിലും ഗതാഗതമാർഗ്ഗമുപയോഗിച്ചുള്ള  നീണ്ട യാത്രയിലുമാണ്. അവരിൽ പലർക്കും  അപകടങ്ങളിൽപെട്ട്  ജീവൻ നഷ്ടപ്പെട്ടതും “സ്പീക്ക് അപ് ഇന്ത്യ” ഗൗരവമായി കാണുന്നു.
ഇന്ത്യയുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുവാൻ ഇതുവരെയും കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. 20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജിൻറെ പുകമറയിൽ ഇപ്പോഴും നിൽക്കുകയാണ് സർക്കാർ. ചെറുകിട വ്യവസായങ്ങൾക്ക് സഹായം നൽകുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്ഡൗൺ കാരണം പ്രയാസമനുഭവിക്കുന്നവർക്ക് ഒരു തരത്തിലും ആശ്വാസമേകുവാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലും  ലോക്ഡൗൺ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത് യാതൊരു മുൻകരുതലുമില്ലാതെ  അശാസ്ത്രീയമായ രീതിയിൽ രാജ്യത്ത് നടപ്പിലാക്കിയ ലോക്ഡൗൺ പരാജയമായിരുന്നുവെന്നതിൻറെ തെളിവാണ്.
ഈ സാഹചര്യത്തിൽ, ആദായ നികുതിദായക പരിധിയിൽപെടാത്ത ഓരോ കുടുംബത്തിനും അടിയന്തിരമായി 10,000 രൂപ  ഡയറക്റ്റ് ട്രാൻസ്ഫെറായി നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും തുടർന്ന് ആറുമാസത്തേക്കെങ്കിലും പ്രതിമാസം 7500 രൂപ  നൽകുവാനും  സർക്കാർ തയ്യാറാകണം. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുകയും തൊഴിൽ  ദിനങ്ങൾ ഇരുന്നൂറായി ഉയർത്തുകയും ചെയ്യുക. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ സുരക്ഷിതമായി അവരുടെ സ്വദേശത്തേക്കും സ്വന്തം ഭവനങ്ങളിലുമെത്തിക്കുവാൻ സൗജന്യ ഗതാഗത സൗകര്യം ഏർപ്പെടുത്തുക. ചെറുകിട സംരംഭകർക്ക് ലോണല്ലാത്ത രീതിയിൽ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് എ ഐ സി സി ആഹ്വാന പ്രകാരം “സ്പീക്ക് അപ് ഇന്ത്യ” എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി വേറിട്ടൊരു പ്രക്ഷോപം കോൺഗ്രസ്സ് സംഘടിപ്പിച്ചത്.
കോൺഗ്രസ്സ് ഉന്നയിച്ച ആവശ്യങ്ങൾക്കുപുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെയും ഈ കാമ്പയിനിലൂടെ ശക്തമായ പ്രതിഷേധം അലയടിച്ചു. ഇന്ത്യൻ സമയം രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ നടന്ന കാമ്പയിനിൽ ദമ്മാം ഒ ഐ സി സി യുടെ കാരണവർ എന്നറിയപ്പെടുന്ന ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ അഹമ്മദ് പുളിക്കൽ തുടക്കത്തിൽ തന്നെ എഫ് ബി ലൈവിലൂടെ  “സ്പീക്ക് അപ് ഇന്ത്യ”യിൽ  പങ്കാളിയായത് കിഴക്കൻ പ്രവിശ്യയിലെ ഒ ഐ സി സി  പ്രവർത്തകർക്കും നേതാക്കൾക്കും ആവേശമായി. റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ഇ.കെ.സലിം, ഹനീഫ് റാവുത്തർ, ചന്ദ്രമോഹനൻ, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, റഷീദ് ഇയ്യാൽ, സിറാജ് പുറക്കാട്, നിസ്സാർ മാന്നാർ എന്നിവരടക്കം ദമ്മാം ഒ ഐ സി സി യുടെ നിരവധിപേർ  ഫെയ്‌സ് ബുക്ക് ലൈവിൽ വന്ന് “സ്പീക്ക് അപ് ഇന്ത്യ” യുടെ കണ്ണികളായി മാറി. ദമ്മാം ഒ ഐ സി സി യിൽ നിന്നും എഫ് ബി ലൈവിൽ വന്ന് കാമ്പയിനിൽ പങ്കെടുത്തവരുടെ പേരുവിവരം റീജ്യണൽ കമ്മിറ്റി കെ പി സി സി ക്ക് കൈമാറി.
Top