ഇ.കെ.സലിം
ദമ്മാം: കേരളത്തിലെ കോൺഗ്രസ്സിന് ആദർശവും പരിചയ സമ്പത്തും സംഘാടന മികവും ഒത്തിണങ്ങിയ ഒരു ടീമിനെ പ്രഖ്യാപിച്ച എ ഐ സി സി നേതൃത്വത്തെയും നിയുക്ത കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ, യു ഡി എഫ് കൺവീനർ സ്ഥാനത്തേക്ക് നിർദ്ദേശിച്ച ബെന്നി ബെഹന്നാൻ എന്നിവരെയും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിനന്ദിച്ചു.
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ എ ഐ സി സി നേതൃത്വം ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കേരളത്തിലെ പാർട്ടിക്ക്, തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നതിന് പ്രാപ്തമായ ഒരു ടീമിനെയാണ് എ ഐ സി സി നിയമിച്ചിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായ് കാര്യപ്രാപ്തിക്ക് മുന്തിയ പരിഗണന നൽകിയെന്നതാണ് ഈ ടീമിന്റെ പ്രത്യേകതയെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ. സലിമും പറഞ്ഞു.
കെ പി സി സി അദ്ധ്യക്ഷനായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രൻ ദേശീയ രാഷ്ടീയത്തിൽ കോൺഗ്രസ്സിന്റെ തലയെടുപ്പുള്ള നേതാവെന്ന നിലയ്ക്കും, സി പി എമ്മിന്റെ കോട്ടയായ കണ്ണൂരിൽ നിന്നും തുടർച്ചയായി അഞ്ച് തവണയും, വടകരയിൽ നിന്ന് രണ്ട് തവണയും സി പി എമ്മിനോട് പൊരുതി പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട ശക്തനായ പോരാളിയെന്ന നിലയ്ക്കും പാർട്ടിയെ വിജയത്തിലേക്ക് നയിക്കുവാൻ പ്രാപ്തനാണ്. ഇന്ദിരാ ഗാന്ധി നേരിട്ട് കെ പി സി സി ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ സംഘടനാ രംഗത്ത് മിക്ക പദവികളും വഹിച്ച് തന്റെ പ്രാഗത്ഭ്യം തെളിയിട്ടുള്ള നേതാവാണ്. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും ഒരുപോലെ ശോഭിച്ചിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡണ്ടെന്ന പദവിയിലും തിളങ്ങുമെന്നുറപ്പാണ്.
വർക്കിംഗ് പ്രസിഡണ്ട് പദവിയിൽ നിയമിതരായ മൂവരും ഒന്നിനൊന്ന് മികച്ച സംഘാടകരാണെന്നതും പാർട്ടിക്ക് ഗുണകരമാകും. കേരളം നേരിടുന്ന വിവിധ വിഷയങ്ങളിൽ കോൺഗ്രസ്സ് ശക്തമായ ഇടപെടലുകൾ നടത്തുന്ന ദിനങ്ങളായിരിക്കും വരാൻ പോകുന്നതെന്നുറപ്പാണ്. ഒന്നിനൊന്ന് മികച്ച നേതാക്കളെ ഒരു ടീമായി കൊണ്ടുവന്ന് കേരളത്തിലെ കോൺഗ്രസ്സിന്റെ പ്രതാപകാലം വീണ്ടെടുക്കുവാനുള്ള ശ്രമമാണ് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്.
ഒപ്പം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പ്രവർത്തകർക്കിടയിൽ ആവേശവും എതിരാളികൾക്ക് മുമ്പിൽ രാഷട്രീയ കരുനീക്കങ്ങളും നടത്താൻ പ്രാപ്തനായ ജനകീയ മുഖമുള്ള നേതാവായ കെ മുരളീധരനെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാനായി നിയമിച്ചതും ശ്രദ്ധേയമായ നീക്കമാണ്. കൂടാതെ, സംഘടനാ രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള ബെന്നി ബെഹന്നാനെ യു ഡി എഫ് കൺവീനർ സ്ഥാനത്തേക്ക് നിർദേശിച്ചതും ഉചിതമായ തീരുമാനമാണെന്നും ദമ്മാം ഒ ഐ സി സി നേതാക്കൾ അഭിപ്രായപ്പെട്ടു.