ഡബ്ലിൻ: കൊവിഡ് 19 എന്ന പകർച്ച വ്യാധി രോഗികളുടെ മാനസിക നിലയെ പോലും സാരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്്. നിലവിൽ കൊവിഡിനെ തുടർന്നുണ്ടാകുന്ന മാനസിക നിലയെപ്പറ്റി കാര്യമായ പഠനങ്ങൾ നടക്കുന്നില്ല. ഇതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ ഭാരവാഹിയായ മൈക്ക് റിയാൻ ഇതു സംബന്ധിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.
അയർലൻഡിലെ റോയൽ കോളേജ് ഓഫ് സർജൻസിനെ വെബിനാറിലൂടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മൈക്ക് റിയാൻ ഇതു സംബന്ധിച്ചുള്ള പ്രസ്താവന നടത്തിയത്. രോഗത്തിൽ നിന്നും പൂർണ മോചനം നേടിയാലും മാനസിക നിലയെന്ന പ്രശ്‌നം തുടരുമെന്നാണ് ഇദ്ദേഹം വ്യക്തമാകുന്നത്. ഭാവിയിൽ ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ആളുകളെ ഇപ്പോൾ തന്നെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാമിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. പൊതുജനാരോഗ്യ മേഖലയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാനസിക ആരോഗ്യമാണ് ഏറെ മുഖ്യമെന്ന് അദ്ദേഹം പറയുന്നു. ഏതു രോഗമുണ്ടാകുമ്പോഴും അതിനെ നേരിടാൻ ജനങ്ങൾ മാനസികമായി സജ്ജരാകുകയാണ് വേണ്ടത്.
ഡോക്ടർമാരും, ശാസ്ത്രജ്ഞരും സയൻസിനെ സാധാരണക്കാർക്ക് അറിവ് പകർന്നു നൽകുന്ന ഉപാധിയാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.