കെ.നാരായണന്‍
ഒരു പന്ത്,മൂന്നു തൂണുകള്‍.നിരത്തി വച്ചിരിക്കുന്ന തൂണുകളില്‍ ഒന്നിനെ എറിഞ്ഞു വീഴ്ത്താന്‍ ഓടിയടുക്കുന്ന ഏറുകാരനും,അത് സംരക്ഷിക്കാന്‍ ബാറ്റും പിടിച്ചു നില്കുന്ന കാവല്ക്കാരനും.കളത്തിനു ചുറ്റും കവചം തീര്‍ത്ത് കൂടി നില്കുന്ന കുറച്ചു പേര്‍. പറഞ്ഞു വരുന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് എന്ന കളിയെക്കുറിച്ചാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിക്കറ്റ് കളിയുടെ ഈറ്റില്ലമായ ബ്രിട്ടണ്‍ തങ്ങള്‍ എത്തിപ്പെട്ട രാജ്യങ്ങളിലെല്ലാം ആ കളിയും വ്യാപരിപ്പിച്ചു മിടുക്ക് കാട്ടിയിട്ടുള്ളവരാണ് .എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട വിനോദം ഇന്ത്യക്കാരുടെയും,വെസ്റ്റ് ഇന്ടീസുകാരുടെയും,ആസ്ട്രേലിയക്കാരുടെയും കൈകളിലമര്‍ന്നതും പില്കാലത്ത് കോടിക്കണക്കിനു ജനങ്ങളുടെ ആവേശമായി മാറിയതും,1882 ല്‍ ആസ്ട്രെലിയക്കാര്‍ ക്രിക്കറ്റില്‍ അജയ്യരെന്നു അഹങ്കരിച്ചിരുന്നവരെ സ്വന്തം മണ്ണില്‍ മുട്ട് കുത്തിച്ചതും ചരിത്രം. കാലം മാറിയതോടൊപ്പം ക്രിക്കറ്റിന്റെ രൂപവും,ഭാവവും മാറിയിരിക്കുന്നു.ടെസ്റ്റ് മാച്ചുകളും,ഏകദിന മത്സരങ്ങളുമായി ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രിക്കറ്റ് ഇപ്പോഴും ആവേശോജ്ജ്വലമായി തുടരുമ്പോള്‍ ജന്മ നാടായ ഇംഗ്ലണ്ടില്‍ അതിന്റെ പ്രസക്തി കുറഞ്ഞു വരുന്നതായാണ് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തലുകള്‍. 2013 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ താല്പര്യപ്പെടുന്നവരില്‍ ഗണ്യമായ കുറവ് നേരിടുന്നൂവെന്നു പറയുമ്പോള്‍ അതിനൊരു മറുപടിയുമായി ഏച്ബ്ബ് യെപ്പോലും അതിശയിപ്പിച്ചു കൊണ്ട് ഇംഗ്ലിഷ് ക്രിക്കറ്റിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ആകുമെന്ന് തെളിയിക്കും വിധം ശക്തമായി യുണയിട്ടട് കിങ്ങ്ഡം മലയാളി ക്രിക്കറ്റ് ലീഗ് (UKMCL) അതിന്റെ പുതിയൊരു സീസണുവേണ്ടി തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ യു.കെയിലെ ഒട്ടുമിക്ക മലയാളി ക്രിക്കറ്റ് ക്ലബ്ബുകളെയും ഒരുമിച്ചു ഒരു കുടക്കീഴില്‍ അണിനിരത്തി ലീഗ് അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു മിടുക്ക് കാട്ടിയിട്ടുള്ള യു.കെ എം.സി.എല്‍ ഇക്കുറിയും അതാവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.താര ബാഹുല്യം കൊണ്ട് നിറയുന്നതായിരിക്കും ഈ സീസണ്‍ എന്നതും മറ്റൊരു പ്രത്യേകതയാണ്.രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ളവരും,സര്‍വകലാശാലാടിസ്ഥാനത്തില്‍ കേരളത്തിലെ വിവധ കോളേജു ടീമുകളില്‍ കളിച്ചിട്ടുള്ളവരും,യു.കെയിലെ തന്നെ വിവിധ യൂണിവേഴ്സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചു പരിചയ സമ്പന്നരും,മിടുക്കന്മാരുമായ പല മലയാളി ക്രിക്കട്ടേര്‍സും ഇക്കുറി തങ്ങളുടെ കഴിവുകള്‍ തെളിയിക്കുവാനായ് വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ക്രീസില്‍ ഇറങ്ങുന്നതും,ഈസ്റ്റ്ഹാം ആസ്ഥാനമാക്കിയുള്ള പുതു മുഖങ്ങളായ മാര്‍ഷ്യന്‍സിന്റെ വരവും,ഗ്ലോബലുകാര്‍ തങ്ങളുടെ ആസ്ഥാനം ഈസ്റ്റ്ഹാമില്‍ നിന്നും ക്രോയ്ടോനിലേക്ക് മാറ്റിയതുമുള്‍പ്പെടെ ഒട്ടേറെ പുതുമകളുമായാണ് ഉക്ക്മ്മ്ചള്‍ പുതിയ സീസനെ വരവേല്ക്കുന്നത്.
ലീഗ് അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന യൂറോപ്പിലെ ആദ്യത്തെ മലയാളി ക്രിക്കറ്റ് സമിതിയെന്നതിനൊപ്പം,കേരളത്തിന് പുറത്ത് ക്രിക്കറ്റ് കളിയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പ് എന്ന നിലയിലും യു.കെ. എം.സി.എല്‍ അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
പതിവിനു വിപരീതമായി പങ്കെടുക്കുന്ന ടീമുകളെല്ലാം പരസ്പരം ഏറ്റുമുട്ടുന്ന ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ ആരൊക്കെയായിരിക്കും സെമിയിലും,ഫൈനലിലും പ്രവേശിക്കുക എന്നത് ഇനിയും പറയാറായിട്ടില്ല എന്നിരിക്കെ കളിക്കാരെയെല്ലാം മികച്ച ഫോമില്‍ എത്തിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് പല ടീമുകളും.വിജയിക്കുന്ന ടീമുകള്‍ക്കുള്ള ട്രോഫിക്ക് പുറമേ മികച്ച ബാറ്റ്സ്മാന്‍,ബൗളര്‍,ആള്‍ റൗണ്ടര്‍ എന്നിങ്ങനെ വ്യക്തിഗത സമ്മാനങ്ങളും ലഭിക്കുന്നതിനാല്‍ ഓരോ മത്സരവും തങ്ങളുടെ ടീമിന്റെ അഭിമാന പോരാട്ടമായി കണ്ടു കൊണ്ട് വിജയം ഉറപ്പിക്കുവാനായ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച പഴയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍മാരെപ്പൊലും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുമ്പോള്‍ മലയാളിയും,ക്രിക്കറ്റും തമ്മിലുള്ള ആത്മബന്ധം അരക്കിട്ട് ഉറപ്പിക്കുന്നതില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഉക്ക്മ്മ്ചള്‍ വഹിക്കുന്ന പങ്കു പ്രശംസനീയം തന്നെയാണ്.
മലയാളികളുടെ യു കേയിലെക്കുള്ള വരവിനോളം പഴക്കമുണ്ട് ബ്രിട്ടീഷ് മലയാളി ക്രിക്കറ്റിനും.അക്കാലത്ത് വിവിധ സംഘടനക്കാര്‍ തമ്മില്‍ മത്സരിക്കുക മാത്രമായിരുന്നു പതിവ്.വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ തലമുറക്കാര്‍ ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവമായി കണ്ട് പ്രാദേശിക തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും തികഞ്ഞ മത്സര ബുദ്ധിയോടെ വീറും,വാശിയുമേറിയ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും,ഏകീകൃത സ്വഭാവം കൈവരിക്കുന്നതും 2004 ല്‍ ഉക്ക്മ്മ്ചള്‍ ന്റെ രൂപീകരണത്തോടെ ആയിരുന്നു.ആദ്യ കാലങ്ങളില്‍ ഈസ്റ്റ് ഹാം,ക്രോയ്ടോന്‍,കെന്റ് എന്നിവടങ്ങളിലെ മലയാളി സംഘടനകളെ കേന്ദ്രീകരിച്ചായിരുന്നു യു.കെ.എം.സി.എല്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇന്നിപ്പോള്‍ സംഘടനകളുടെ അതിര്‍ വരമ്പുകള്‍ ഒന്നുമില്ലാതെയും,എന്നാല്‍ എല്ലാ സംഘടനകളോടും സൗഹൃദം നില നിര്‍ത്തിക്കൊണ്ടും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായി അത് വളര്‍ന്നിരിക്കുന്നു.ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്രിക്കറ്റ് എന്ന കൂട്ടായ്മയിലൂടെ സമൂഹത്തിന് മാതൃകയാകാനും,അതോടൊപ്പം സമീപ ഭാവിയില്‍ തന്നെ ഇംഗ്ലണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ് ടീമിലേക്ക് ഒരു യു.കെ മലയാളിയെ സംഭാവന ചെയ്യുകയുമാണ് യു.കെ.എം.സി.എല്ലിന്റെ ലക്‌ഷ്യം.
യു.കെയില്‍ അങ്ങോളമിങ്ങോളമുള്ള മലയാളി ക്രിക്കറ്റ് ക്ലബ്ബുകളില്‍ നിന്നുമായി മുന്നൂറില്‍ പരം കളിക്കാരുടെ സ്ഥിരാംഗത്വമുള്ള യു.കെ എം.സി.എല്‍ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിനെ പോലും അതിശയിപ്പിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ അത് ക്രിക്കറ്റ് പ്രേമികള്‍ക്കൊപ്പം യു.കെ മലയാളി സമൂഹത്തിന്റെയും നേട്ടമാണന്നതില്‍ നമുക്കഭിമാനിക്കാം.