പി.പി ചെറിയാൻ
ഡാള്ളസ്: ജൂൺ 15 ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നോർത്ത് ടെക്‌സസിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകി. 90 മുതൽ 105 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് നാഷണൽ വെതർ സർവീസ് അധികൃതർ പറയുന്നത്.
ഇതിനിടെ ഡാള്ളസിൽ 2016 ലെ ആദ്യ സൂര്യതാപമേറ്റുള്ള മരണം ഡാള്ളസ് കൗണ്ടി അധികൃതർ സ്ഥിരീകരിച്ചു. സൂര്യതാപത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനും സൂര്യതാപമേറ്റാൽ എന്തു ചെയ്യണമെന്നുള്ള നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.
ശരീരം വിയർക്കൽ, വിറയൽ, തലവേദന, തലചുറ്റൽ, തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനെ 911 വിളിച്ചു ആശുപത്രിയിൽ എത്തുകയോ അടുത്തുള്ളവരോടു സഹായമഭ്യർഥിക്കുകയോ വേണമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. തുറസായ സ്ഥലങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും കനംകൂടിയ വസ്ത്രങ്ങൾ ധരിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. സൂര്യതാപമേറ്റു മരിച്ച വ്യക്തിയുടെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.