ഇ.കെ.സലിം
ദമ്മാം: പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുവാൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരും പ്രവാസി രക്ഷകർത്താക്കളെ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ദമ്മാം ഒ ഐ സി സി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സർക്കാരുണ്ടാക്കിയ കരാറിനെതിരെ സമരം നടത്തുന്ന യുവജന നേതാക്കൾക്കും പ്രതിപക്ഷ സമര പരിപാടികൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ദമ്മാം ഒ ഐ സി സി യൂത്ത് വിംഗ് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അന്യായമായി ഫീസ് വർദ്ധിപ്പിക്കുവാൻ മാനേജ്മെൻറുകളുമായി കരാറുണ്ടാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണ്. സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ എസ് യു, യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുവാൻ സർക്കാർ ശ്രമിക്കുന്നു. നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിയും സർക്കാരും പതറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സർക്കാർ നിലപാടിന്റെ കാപട്യം തുറന്ന് കാണിക്കുന്ന പ്രതിപക്ഷ എം എൽ എ മാരോട് നിയമസഭയുടെയും മുഖ്യമന്ത്രി പദത്തിന്റെയും അന്ത:സത്തക്ക് നിരക്കാത്ത തരത്തിൽ സഭ്യമല്ലാത്ത ഭാഷയിൽ കയർക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണ്. പാർട്ടി സഖാക്കളോടെന്ന പോലെ ധാർഷ്ഠ്യത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന മുഖ്യമന്ത്രി ജനപ്രതിനിധികളെ അവഹേളിക്കുന്ന ശൈലി മാറ്റണമെന്നും പ്രസംഗികർ ആവശ്യപ്പെട്ടു.
സർക്കാർ നയം തിരുത്തുന്നത് വരെ നടക്കുന്ന സമര പരിപാടികൾക്ക് ഒ ഐ സി സി യൂത്ത് വിംഗ് ദമ്മാം റീജ്യണൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ധ്യക്ഷത വഹിച്ച യൂത്ത് വിംഗ് പ്രസിഡണ്ട് നബീൽ നെയ്തല്ലൂർ പറഞ്ഞു. ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികൾ പണം കായ്ക്കുന്ന മരമാണെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെയും സർക്കാരിന്റെയും തോന്നൽ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചന്ദ്രമോഹൻ, ഷിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, സക്കീർ ഹുസൈൻ, റഷീദ് ഇയ്യാൽ, സിന്ധു ബിനു, ഇ.എം.ഷാജി മോഹനൻ, സക്കീർ പറമ്പിൽ, ബാബുസ്സലാം, മിനി ജോയി എന്നിവർ പ്രസംഗിച്ചു. നിസാമുദ്ദീൻ ആയൂർ സ്വാഗതവും ഡിജോ പഴയമഡം നന്ദിയും പറഞ്ഞു.