ഡബ്ലിന്‍: ന്യൂ ലൂക്കാസ് സിറ്റി ലെയിനില്‍ ഗതാഗതക്കുരുക്കു വര്‍ധിച്ചതോടെ ഡബ്ലിന്‍ കോളജ് ഗ്രീന്‍ വഴിയുള്ള ബസ് ഗതാഗതം അധികൃതര്‍ നിരോധിച്ചു. ഇതോടെ ഇതുവഴി കടന്നു പോകേണ്ട യാത്രക്കാര്‍ക്കു മണിക്കൂറുകളോളം സ്ഥലം ചുറ്റി കടന്നു പോകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ച ഡബ്ലിന്‍ സിറ്റി സെന്റര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റഡിയിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.ട്രിനിറ്റി കോളജിനു മുന്നിലുള്ള പ്രദേശത്തും ഹിസ്റ്റോറിക് ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ പ്രദേശത്തുമാണ് ഏറ്റവും വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതെന്നാണ് ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവില്‍ കോളജ് ഗ്രീനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ സ്വകാര്യ ബസുകള്‍ക്കു കൂടി ബാധകമാക്കുമെന്നു ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഓവന്‍ കീഗാന്‍ വ്യക്തമാക്കുന്നു. ഇതുവഴി ട്രാം സര്‍വീസ് ആരംഭിക്കുന്നതിനുള്ള എന്‍ജിനീയറിങ് പ്രതിസന്ധികളും താമസവുമാണ് ഇപ്പോള്‍ അടിയന്തരമായി ഗതാഗതം തിരിച്ചു വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്മാക്കുന്നത്.
പുതിയ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി കോളജ് ഗ്രീനും ലൂക്കാസ് ലെയിനും തമ്മില്‍ കൂട്ടിയോജിപ്പിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനുള്ള പ്ലാന്‍ തയ്യാറാക്കി അധികൃതര്‍ ഡിസംബറി്ല്‍ തന്നെ സിറ്റി കൗണ്‍സിലിനു സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. ഇതോടെ കോളജ് ഗ്രീനിന്റെ റോഡ് ലേ ഔട്ടിലും മാറ്റം വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.