ലതാപോള്, കറുകപ്പിള്ളില്‍
അവയവദാനം സര്‍വ്വദാനാല്‍ പ്രധാനം എന്ന ഒരു ചിന്താശകലം എന്റെ മനസ്സിനെ മഥിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. അവയവദാനത്തിന്റെ പ്രസക്തിയേയും, മഹത്വത്തേയും കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടും, എഴുതിയിട്ടുമുണ്ടെങ്കിലും മരണശേഷമുള്ള അവയവദാനത്തെക്കുറിച്ചുള്ള ഒരു അവബോധം വായനക്കാരുടെ മനസ്സില്‍ ദൃഢമായി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞാനിത് കുറിക്കട്ടെ.
‘മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്
കൊച്ചുമലയാളമെന്നൊരു നാടുണ്ട്.’
ആ മലയാളക്കരയില്‍ നിന്ന് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടി എഴുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയ കേരളീയര്‍ പലരും വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നു. ജോലിയില്‍ നിന്നും വിരമിച്ച് ഇരുനാടുകളിലുമായി വിശ്രമജീവിതം നയിക്കാമെന്നോര്ത്തിരുന്ന പലരും കാലയവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് വിശേഷിക്കപ്പെട്ടിരുന്ന അമേരിക്കയില്‍ എത്തിയ കാലം മുതല്‍ കുടുംബത്തിനുവേണ്ടി ജീവിച്ച്, മക്കള്‍ക്കുവേണ്ടി കരുതി, മക്കളുടെ സ്നേഹസാന്ത്വന സ്പര്ശത്തില് വാര്‍ദ്ധക്യജീവിതം സന്തോഷപ്രദമാക്കാമെന്ന വ്യാമോഹത്തില്‍ ഇന്നെലകളില്‍ ജീവിതം ഹൊമിച്ചവര്‍ ഇന്നിന്റെ നേര്‍മുഖത്ത് ഒറ്റപ്പെടുന്ന കാഴ്ച വേദന ഉളവാക്കുന്നു.
ഉന്നത നിലവാരത്തോടെ പഠനം പൂര്‍ത്തിയാക്കി നല്ല ശമ്പളത്തോടെ ജോലിയില്‍ പ്രവേശിച്ച ചിലരെങ്കിലും അവിവാഹിതരായി ഇന്നും തുടരുന്നു. സ്വസമൂഹത്തില്‍ നിന്ന് മരുമക്കളെ ആഗ്രഹിച്ച ചില മാതാപിതാക്കെലെങ്കിലും തങ്ങളുടെ ആഗ്രഹങ്ങളെ കുഴിച്ചു മൂടി ഇതരസംസ്‌കാരപാരമ്പര്യത്തില്‍പ്പെട്ടവരെ സ്വീകരിക്കേണ്ടി വരുന്നു. ഇണക്കുരുവികളിലോരാല്‍ ഓര്‍ക്കാപ്പുറത്ത് പറന്നകന്നപ്പോള്‍ ഏകാന്തതക്ക് വഴിമാറിയ ജടാനരബാധിച്ച നമ്മുടെ മുന്‍ഗാമികള്‍. തങ്ങളുടെ മക്കള്‍ക്ക് ഉന്നതമായ ജീവിത സാഹചര്യം ഉണ്ടാവണം എന്ന ആഗ്രഹത്തോടെ രാപകലില്ലാതെ അദ്ധ്വാനിച്ചവര്‍ക്ക് ഇന്ന് മക്കള്‍ അന്യരാകുന്നു. ജന്മദിനത്തിലും, ക്രിസ് മസിനും, ചിലപ്പോള്‍ പുതുവര്‍ഷത്തിലും അഞ്ചലോട്ടക്കാരന്‍ തരുന്ന സമ്മാനങ്ങള്‍ ഷോക്കേസില്‍ മാറാല പിടിക്കാതെ തുടച്ചു വൃത്തിയാക്കി, ഇമകള്‍വെട്ടാതെ കണ്ണുംനട്ടിരിക്കുന്ന വിഷാദമുഖങ്ങള്‍ നൊമ്പരപ്പെടുത്തുന്നു.
‘ ഏഴ് പത്തു് ഏറിയാല്‍ എണ്‍പത്’ എന്ന വേദ വാക്യം ഉള്‍കൊണ്ടുകൊണ്ട് ഇനിയുള്ള ജീവിതമെങ്കിലും ആവുന്നത്ര സത് പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ആറടി മണ്ണിലേക്ക് മടങ്ങാം. ദൈവം കനിഞ്ഞ് നല്കിയ ഈ ജീവിതം ഒരു കൂട്ടര്‍ ദീര്‍ഘായുസോടെ അനുഭവിക്കുമ്പോള്‍, ചിലരെയെങ്കിലും പ്രായഭേതമെന്യേ ദൈവം തിരികെ വിളിക്കുന്നു. അപ്രതിക്ഷിതമായി മരണം മാടിവിളിച്ചാല്‍ സര്‍വവും പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടിവരും. ഇവടെ അവയവദാനമെന്ന പുണ്യപ്രവര്‍ത്തിക്ക് അനുമതിനല്കി കയ്യൊപ്പ് ചാര്‍ത്തിയവര്‍ തങ്ങളുടെ ചില അവയവങ്ങള്‍ക്കെങ്കിലും പുഴുക്കള്‍ക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു. പുത്തന്‍ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും ഡ്രൈവിംഗ് ലൈസന്‍സില്‍ അത്തരമൊരു അനുമതിയുടെ വിരലടയാളം എഴുതി ചേര്‍ത്തുകഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയിലെ ന്യുജേര്‍സിയില്‍ ക്‌ളിഫ്റ്റണ്‍ ദേവാലയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനമായി നല്കിയത് മൂലം പ്രതീക്ഷ അറ്റിരുന്ന ചിലര്‍ ഇന്ന് നല്ല ജീവിതം നയിക്കുന്നത് നമ്മുടെ കണ്‍മുന്‍പില്‍ കാണുന്ന യാധാര്‍ധ്യമാണ്. ജീവിതം തിരികെ ലഭിച്ചവര്‍ ആ യുവാവിന്റെ മരണവാര്‍ഷികദിവസം അവന്റെ മാതാപിതാക്കളെ കാണുവാനെത്തുന്നത് ഹൃദയസ്പര്‍ശിയായ കാഴ്ചയാണ്.
കൊച്ചു കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ റോടപകടത്തില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവതി തന്റെ കണ്ണുകളും വൃക്കകളും, കരളും,ഹൃദയവും പാന്‍ക്രിയാസും ദാനം ചെയ്തത് പുതിയൊരു വഴിത്തിരിവായി. തന്റെ ഒരു അവയവമെങ്കുലും ദാനം ചെയ്യണമെന്ന് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തന്റെ ഡയറിയില്‍ കുറിച്ചിരുന്നത്രെ.
നമ്മുടെ കൊച്ചുകേരളത്തില്‍ അപകടങ്ങളിലൂടെ മസ്തിഷ്കമരണം സംഭവിക്കുമെന്ന് ഉറപ്പായവരുടെ ബന്ധുക്കള്‍ ധാരാളമായി അവരുടെ അവയവദാനത്തിന് സന്നദ്ധത കാണിച്ചുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്. ഉറ്റവരുടേയും ഉടയവരുടേയും അവയവങ്ങള്‍ ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നു. തിരുവനന്തപുരത്ത് അഭിഭാഷകനായിരുന്ന നീലകണ്ഠശര്‍മ്മയുടെ അവയവങ്ങള്‍ ഇന്ന് അഞ്ചുപേരിലായി ജീവിക്കുന്നു. അവയവദാനത്തിന് ജാതിയും മതവും തടസ്സമല്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഒരു പരിചയവുമില്ലാത്ത മുസ്‌ളീം യുവാവിന് നമ്പൂതിരി യുവതി വൃക്കനല്‍കി മാതൃകയായത്.
‘ജീവിതത്തിന്റെ അര്‍ഥം ജീവിതത്തിനപ്പുറത്തേക്കും’ കൂടി ഉണ്ടെന്ന പ്രതിക്ഞയുമായി മുംബയിലെ കല്യാണ്‍ രൂപതാ മാതൃ സംഘത്തിലെ മൂവായിരത്തോളം വീട്ടമ്മമാര്‍ മരണശേഷം തങ്ങളുടെ അവയവം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ നാം സമ്മതിച്ചാല്‍ ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഒരാളെയെങ്കിലും രക്ഷിക്കുന്നതിന് കാരണമാകും.അന്ധനായ ഒരാള്‍ക്ക് നിങ്ങളുടെ ഒരു കയ്യൊപ്പുമൂലം കാഴ്ച ലഭിക്കുമെങ്കില്‍ അതില്പരം പുണ്യകര്‍മ്മം എന്തുള്ളു? ജാതിയോ മതമോ, വിഭാഗമോ നോക്കാതെ അവയവ ദാനമെന്ന പുണ്യകര്‍മത്തില്‍ നമുക്കും അണിചേരാം. തിരിച്ചറിയല്‍ കാര്‍ഡു പുതുക്കുമ്പോള്‍ ‘ഓര്‍ഗന്‍ ഡോണര്‍’ എന്ന് അഭിമാനത്തോടെ അടയാളപ്പെടുത്താം.
നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്ടെടുക്കുവാന്‍ സാധിച്ചാല്‍ ഈ ജീവതത്തിന് അര്‍ഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവര്‍ത്തിയിലൂടെ വീണ്ടും ജീവിക്കും.’ ജീവിതത്തിന്റെ അര്‍ത്ഥം ജീവിതത്തിന്പ്പുറത്തേയ്ക്കും’ എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് കഴിയും.
ഊണിലും ഉറക്കത്തിലും, ഇരിപ്പിലും നടപ്പിലും, നമ്മുടെ സന്തതസഹചാരിയായ മരണത്തെക്കുറിച്ച് ശവമഞ്ചത്തില്‍ എഴുതിയിരിക്കുന്നു. ‘ഇന്നു ഞാന്‍ നാളെ നീ’ നമ്മുടെ നാഴിക എപ്പോഴാണ് എന്ന് ആരറിഞ്ഞു? ജീവിതാന്ത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍മ്മകളിലെവിടെയോ മധുര നൊമ്പരമായി ഒഴുകിയെത്തുന്ന ആ കവിതാശകലം തികട്ടിവരുന്നു.
‘മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരിനേരം ഇരിയ്ക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമി യ്ക്കുവാന്‍
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരിനേരം ഇരിയ്ക്കണേ’
കൂടുവിട്ട് പറന്നകലുംമുമ്പ് ഇണക്കിളിയുടെ സാമീപ്യം ആഗ്രഹിക്കാത്തവരായി ആരുണ്ടീ ലോകത്തില്‍!
ഈ വരുന്ന നവംബര്‍ മാസം 14?!ാം തീയതി അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ ന്യൂ യോര്‍ക്ക് റീജിയന്‍ കോണ്‍ഫ്രന്‍സ് ലോങ്ങ് അയലന്റിലെ ടയ് സണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. തഥവസരത്തില്‍ ഫോക്കാന വുമന്‍സ് ഫാറം ഭാരവാഹികളുടെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള സമ്മതിപത്രം (sign up sheet ) ലഭ്യമായിരിക്കും. താല്പര്യമുള്ളവര്‍ക്കു അവിടെയെത്തി മരണശേഷം അവയവദാനമെന്നപുണ്യപ്രവര്ത്തിക്ക് സന്നദ്ധത പ്രകടിപ്പിക്കണമെന്ന് ഫോക്കാന വുമന്‍സ് ഫാറം വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ എല്ലാവരേയും ക്ഷണിക്കുന്നു.