പി.പി ചെറിയാൻ
ന്യൂയോർക്ക്: ന്യൂയോർക്ക് പൊലീസ് ഓഫിസറുടെ നാലു മാസം പ്രായമുള്ള മകൻ പുറത്തു പാർക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി സ്‌റ്റേറ്റ് ന്യൂയോർക്ക് പൊലീസ് അധികൃതർ അറിയിച്ചു.
വെസ്റ്റേൺ ഹോം ഫാമിലിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നാലു മാസമുള്ള കുട്ടി അബോധാവസ്ഥയിലാണെന്നു സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തു കുതിച്ചെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പത്തു വർഷമായി റോം പൊലീസ് ഡിപ്പാർട്ടമെന്റിൽ സേവനം അനുഷ്ടിച്ചു വരുന്ന മമാർക്ക് ഫാൻഫറില്ലൊ എന്ന ഓഫിസറുടെ മകനാണ് മരിച്ച കുട്ടി. കാറിൽ എത്ര നേരം കുട്ടി കഴിഞ്ഞു എന്നു അന്വേഷിച്ചു വരുന്നു. കുട്ടിയുടെ മരണം സൂര്യതാപമേറ്റിട്ടാണോ അതോ മറ്റു കാരണങ്ങൾ കൊണ്ടാണോ എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ പുറത്തെ താപനില 80 ഡിഗ്രിയായിരുന്നു.
കുട്ടിയുടെ പിതാവ് മാർക്കിനെ അഡ്മിനിസ്‌ട്രേഷൻ ലീവിൽ പ്രവേശിപ്പിച്ചതായി ഷെറീഫ ഡിപ്പാർട്ട്‌മെന്റ് ചീഫ് ഡെപ്യൂട്ടി ജോൺ ഓവൻസ് അറിയിച്ചു.അമേരിക്കയിൽ പ്രതിവർഷം 37 കുട്ടികളിലധികം മാതാപിതാക്കളുടെ അശ്രദ്ധമൂലം സൂര്യതാപമേറ്റു വാഹനങ്ങളിലിരുന്നു മരിക്കുന്നതായി പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വേനൽ അവധിക്കു വിദ്യാലയങ്ങൾ അടയ്ക്കുന്ന സമയമായതിനാൽ കുട്ടികളെ വാഹനങ്ങളിൽ ഇരുത്തി മാതാപിതാക്കൾ പുറത്തു പോകുന്നതു അപകടകരമാണെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്.