ഡബ്ലിൻ : നീണ്ട 15 വർഷത്തെ ഐറീഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ദീപു ജോസിന് ബ്‌ളാക്ക്‌റോക്ക് ബാഡ്മിന്റൺ ക്ലബ് യാത്രയയപ്പ് നൽകി. രജീഷ് പോൾ ,ജയൻ കെ , ഡെന്നീസ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിൽ ഹൃദയനിര്‍ഭരമായ യാത്രയയപ്പാണ് ബ്‌ളാക്ക്‌റോക്ക് ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ചത്.
ഡബ്ലിൻ ബ്‌ളാക്ക്‌റോക്കിൽ 2008 ൽ നേഴ്‌സായി എത്തി പ്രവാസ ജീവിതം തുടങ്ങിയ ദീപു അയർലണ്ടിലെ ഒട്ടുമിക്ക ദേശങ്ങളിലും വലിയ സുഹൃദ്‌വലയം ഉണ്ടാക്കിയ വ്യക്തിയാണ് .
തൊഴിൽ മേഖലയിലും കലാകായിക സാമൂഹ്യ സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യം ആയിരുന്നു ദീപു ജോസ് നല്ലൊരു ബാഡ്മിന്റൺ താരവും ഐറീഷ് ലെനിസ്റ്റർ ക്രിക്കറ്റ് മത്സരങ്ങളിലും നിറഞ്ഞു നിന്ന വ്യക്തി കൂടിയാണ് ദീപു. ബ്‌ളാക്ക്‌റോക്കിലെ സെയിന്റ് ജോസഫ് സീറോ മലബാർ പള്ളിക്കമ്മറ്റിയിലെ അംഗമായി പാരിഷ് സമൂഹത്തിന്റെ വളർച്ചക്കായി അക്ഷീണം പ്രവർത്തിച്ചിരുന്നു .
ദീപുവിനായി സുഹൃത്തുക്കൾ ഒരുക്കിയ യാത്രയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കൗണ്ടികളിൽ ഉണ്ടായിരുന്നവരും എത്തിയിരുന്നു . സെയിന്റ് ജോസഫ് സീറോ മലബാർ ചർച്ച് പാരിഷ് ട്രസ്റ്റി അഡ്വ .സിബി സെബാസ്റ്റ്യന്‍ സണ്ടേ സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ജോഷി ജോസഫ് , രഞ്ജിത് നായർ , ജോഷി പൗലോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .നേഴ്‌സും നാടക നടനുമായ സജി കൂവപ്പള്ളി , അജി തങ്കപ്പൻ ,മനു വർഗീസ് ,അനീഷ് , ജയേഷ് , മാത്യു , ജോയി, ജിനു എന്നിവരുടെ നേതൃത്വത്തിൽ കവിതാലാപനവും അന്താക്ഷരി മത്സരവും സ്നേഹവിരുന്നും ഒരുക്കിയിരുന്നു .
ബ്‌ളാക്ക്‌റോക്ക് ബാഡ്മിന്റൺ ക്ലബിന്റെ സ്നേഹോപഹാരം രജീഷ് പോളും ഡെന്നീസ് ,ജയൻ എന്നിവർ ചേർന്ന് ദീപുവിന് നൽകി .പ്രവാസ ജീവിതത്തിൽ മറക്കാനാകാത്ത ഒരു കാലഘട്ടമാണ് ഡബ്ലിൻ ബ്‌ളാക്ക്‌റോക്കിലെ എന്നും ഈ സമൂഹം നൽകിയ സ്നേഹവായ്പുകൾ ഒരിക്കലും മറക്കില്ല എന്ന് വാക്കുകൾ മുറിഞ്ഞു, കണ്ഠമിടറി; കണ്ണുകൾ നിറഞ്ഞുകൊണ്ടുള്ള മറുപടി പ്രസംഗത്തിൽ ദീപു ജോസ് പറഞ്ഞു.