പി.പി ചെറിയാൻ
വാഷിങ്ടൺ: ദീർഘകാലമായി ഹില്ലരി ക്ലിന്റന്റെ സന്തത സഹചാരിയായി പ്രവർത്തിച്ചിരുന്ന ഇന്ത്യൻ അമേരിക്കൻ വംശജ നീരാതണ്ടനെ ഡമോക്രാറ്റിക് പാർട്ടി പോളിസി പാനലിൽ നിയമിച്ചതായി ഡമോക്രാറ്റിക്ക് നാഷണൽ കമ്മിറ്റി അധ്യക്ഷ ഡെബി വസ്സർമാൻ പ്രഖ്യാപിച്ചു.
പതിനഞ്ചാം കമ്മിറ്റിയിലെ ഏക ഇന്ത്യൻ അമേരിക്കൻ പ്രതിനിധിയാണ് നാൽപ്പത്തിയഞ്ചുവയസുകാരിയായ നീരാ. കോൺഗ്രസ് മാൻ എലൈജ കമ്മിംഗ്‌സ് ആണ് കമ്മിറ്റിയുടെ ചെയർമാൻ.
ഡമോക്രാറ്റിക്ക് സ്ഥാനാർഥിത്വത്തിനായി മുന്നിൽ നിൽക്കുന്ന ഹില്ലരിയുടെ തന്ത്രങ്ങൾക്കു രൂപം നൽകി നവംബറിൽ ഹില്ലരിയുടെ വിജയം ഉറപ്പാക്കുകയാണ് കമ്മിറ്റി രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം. 2008 ൽ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പോളിസിയുടെ ഡയറക്ടറായി നീരയെ നിയമിച്ചിരുന്നു. ഒബാമയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നിർദേശങ്ങൾഡ സമർപ്പിക്കുന്നതിനും നീര പ്രധാന പങ്കു വഹിച്ചിരുന്നു.
ഇന്ത്യയിൽ നിന്നും അമേരിക്കയിലേയ്ക്കു കുടിയേറിയ മാതാപിതാക്കളുടെ മകളാണ് നീരാ. മസാച്യുസൈറ്റ്‌സിലെ ബെഡ് ഫോഡിലായിരുന്നു ഇവരുടെ ജനനം. ഒബാമ ഭരണകൂടം ഇന്ത്യൻ വംശജർക്കു നിരവധി പ്രമുഖ ചുമതലകൾ നൽകിയിട്ടുള്ളത് പ്രത്യേകം ്പ്രശംസനീയമാണ്.