പി.പി ചെറിയാൻ
വാഷിങ്ടൺഡിസി: ഡമോക്രാറ്റിക് പാർട്ടിയിൽ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാക്കുന്നതിനും നിലവിലുള്ള ഡമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ കാതലായ മാറ്റം വേണമെന്നു പ്രസിഡന്റ് സ്ഥാനാർഥിയും വെർമോണ്ടു സെനറ്ററുമായ ബെർണി സാന്റേഴ്‌സ് ആവശ്യപ്പെട്ടു.
ഡമോക്രാറ്റിക് പാർട്ടിയിൽ അടിസ്ഥാനമാറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുകയാണെന്നു വാഷിംങ്ടണിൽ ബെർണി ചൂണ്ടിക്കാട്ടി. ബെർണി സാന്റേഴ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു പ്രചരിപ്പിച്ചിരുന്ന ഡമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർവുമൺ ഡെമ്പി വസ്സർമാനെതിരെ രൂക്ഷ വിമർശനമാണ് ബെർണി ഉന്നയിച്ചിരിക്കുന്നത്.
ഡമോക്രാറ്റിക് പാർട്ടിയിലേയ്ക്കു കൂടുതൽ ജനങ്ങളെ ആകർഷിക്കുന്നതിനുള്ള ഊർജ സ്വലമായ നേതൃത്വമാണ് പാർട്ടിക്കു ആവശ്യമായിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പു രംഗത്തു നിന്നു പിൻമാറുമോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാൻ സാന്റേഴ്‌സ് വിസമ്മതിച്ചു. 2008 ൽ നടന്ന നാഷണൽ കൺവൻഷനിൽ ക്ലീന്റൺ ബറാക് ഒബാമയുടെ പേര് നിർദേശിച്ചതു പോലെ ഹില്ലരിയുടെ പേർ നിർദേശിക്കുമോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനാണ് ബെർണി ശ്രമിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഔദ്യോഗിക പിൻമാറ്റം ഇതുവരെ പ്രഖ്യാപിക്കാത്ത സാന്റേഴ്‌സ് ഏതറ്റംവരെ പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.