കൊറോണയെ പിടിച്ചുകെട്ടാന്‍ ഡെക്‌സാമെതസോണ്‍ ഫലം കണ്ടുവെന്ന് ഗവേഷകര്‍.അത്ഭുത മരുന്നു പയോഗിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം.

ലണ്ടന്‍:കൊറോണക്കെതിരായ ഗവേഷണത്തില്‍ വഴിത്തിരിവ്. കൊവിഡ് 19 രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമായ മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡെക്‌സാമെതസോണ്‍ എന്ന മരുന്നാണ് കൊവിഡ് സുഖപ്പെടുത്താന്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന മരുന്നാണിത്. കുറഞ്ഞ ഡോസ് സ്റ്റിറോയിഡ് ആണ് ഈ മരുന്നിലൂടെ രോഗിയുടെ ശരീരത്തില്‍ എത്തിക്കുന്നത്.സാധാരണ വിപണിയില്‍ ലഭിക്കുന്ന ഡെക്‌സാമെത്തസോണ്‍ എന്ന മരുന്ന് കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ ഗുണം ചെയ്യുന്നുവെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. വളരെ കുറഞ്ഞ അളവില്‍ ഈ മരുന്ന് നല്‍കിയതിലൂടെ ഒട്ടേറെ പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായെന്നും ഗവേഷകര്‍ പറഞ്ഞു. ചെലവ് കുറഞ്ഞതും വളരെ അധികം ലഭ്യവുമായ മരുന്നാണിത്. ഗുരുതരമായ തരത്തില്‍ കൊറോണ രോഗം ബാധിച്ചവര്‍ക്ക് പോലും ആശ്വാസം ലഭിച്ചത് ഈ മരുന്ന് ഉപയോഗിച്ചാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വഴിത്തിരിവാണിതെന്നും ബ്രിട്ടീഷ് ഗവേഷകര്‍ പറഞ്ഞു.

ഇതുവരെ കൊറോണയെ നേരിടാന്‍ മരുന്ന് കണ്ടെത്തിയിട്ടില്ല. പല മരുന്നുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നാണ് ഡെക്‌സാമെതസോണ്‍. ഈ മരുന്ന് ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നുവെന്നാണ് പുതിയ വിവരം. വെന്റിലേറ്ററിലായിരുന്ന മൂന്നില്‍ ഒന്ന് രോഗികളെയും ഡെക്‌സാമെതസോണിന്റെ ഉപയോഗം മൂലം രക്ഷിക്കാനായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്രിട്ടനില്‍ കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെ ഡെക്‌സാമെതസോണ്‍ രോഗികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ 5000ത്തോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഗവേഷകരുടെ വാദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2104 രോഗികള്‍ക്ക് ഡെക്‌സാമെതസോണ്‍ നല്‍കി. ഈ മരുന്ന് നല്‍കാത്ത 4321 പേരുടെ ചികില്‍സാ ഫലവുമായി താരതമ്യം ചെയ്തു. 28 ദിവസത്തിന് ശേഷമാണ് ഫലം ഒത്തുനോക്കിയത്. ഡെക്‌സാമെതസോണ്‍ ഉപയോഗിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിച്ചതായി കണ്ടു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളില്‍ 35 ശതമാനമായും ഓക്‌സിജന്‍ മാത്രം നല്‍കിയിരുന്ന രോഗികളില്‍ 20 ശതമാനമായും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചുവന്നും ഗവേഷകന്‍ ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ പ്രഫ. മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറയുന്നു. ദരിദ്ര രാജ്യങ്ങള്‍ക്ക് വലിയ നേട്ടമാകും ഈ കണ്ടെത്തല്‍. മാത്രമല്ല, ഇന്ത്യ പോലുള്ള കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍ക്കും ഇത് ശുഭപ്രതീക്ഷ നല്‍കും. നേരത്തെ മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് നല്‍കിയിരുന്നു.

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിലെ നിര്‍ണായക പ്രാധാന്യമുള്ള കണ്ടെത്തലാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.
എത്രയോ കാലമായി വിപണിയിലുള്ള വില കുറഞ്ഞ സ്റ്റിറോയ്ഡ് മരുന്നാ ണ് ഡെക്‌സാമെതസോണ്‍. മൈലാന്‍ എന്‍വി, മെര്‍ക്ക് ആന്‍ഡ് കമ്പനി എന്നിവയുള്‍പ്പെടെയുള്ള മരുന്നുത്പാദക കമ്പനികളാണ് ഇത് നിര്‍മിക്കുന്നത്. സന്ധിവാതം, ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ക്കാണ് നിലവില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പി ചെയ്താലുണ്ടാകുന്ന മനംപിരട്ടല്‍ സുഖപ്പെടുത്തുന്നതിനും ഈ മരുന്ന് സഹായിക്കും. ബ്രിട്ടനിലെ 175 ദേശീയ ആരോഗ്യ സേവന ആശുപത്രികളിലായുള്ള 11,500 രോഗികള്‍ക്ക് മരുന്ന് നല്‍കിയപ്പോള്‍ മികച്ച പ്രതികരണമുണ്ടായെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.കൊവിഡ് രോഗികളില്‍ പ്രതിരോധ ക്ഷമത മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്ന മരുന്ന് കണ്ടെത്താന്‍ നിരവധി പഠനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. ഇതിനിടെയാണ് പുതിയ കണ്ടെത്തല്‍.

Top