
പി.പി ചെറിയാൻ
ന്യൂയോർക്ക്: ന്യൂയോർക്ക് ഈസ്‌റ്റേൺ ഡിസ്ട്രിക്ട് യുഎസ് ഡിസ്ട്രിക്ട് ജഡ്ജിയായി ഡയാൻ ഗുജറാത്തിയെ പ്രസിഡന്റ് ഒബാമ നിയമിച്ചു. സെപ്റ്റംബർ 13 നു നടത്തിയ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.
ഒരു മാസത്തിനുള്ളിൽ ഫെഡറൽ ജഡ്ജിയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ സൗത്ത് ഏഷ്യൻ അമേരിക്കൻ ജഡ്ജിയാണ് ഡയാൻ. അമേരിക്കൻ ജനതയുടെ നീതി നിർവഹണത്തിൽ ഡയാന നിർണായക പങ്ക് വഹിക്കുമെന്നു വിശ്വസിക്കുന്നതായി ഒബാമയുടെ നിയമന ഉത്തരവിൽ പറയുന്നു.
ഫെഡറൽ ജഡ്ജിയായി മുസ്ലീം സമുദായാംഗമായ അബിദ് ഖുറേഷിയെ ആദ്യമായി നിയമിച്ചു ഒബാമ നീതിന്യായ വ്യവസ്ഥയിൽ പുതിയൊരു അധ്യായത്തിനു തുടക്കം കുറിച്ചിരുന്നു. 2012 മുതൽ ന്യൂയോർക്ക് യുഎസ് അറ്റോർണി ഓഫിസ് ക്രിമിനൽ വിഭാഗം ഡെപ്യൂട്ടി ചീഫായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഡയാൻ.
കൊളംബിയ വയിൽ ലോ സ്‌കൂളുകളിൽ നിന്നും നിയമപഠനം പൂർത്തിയാക്കിയ ഡയാൻ ദാമോദർ മൂത്ത് ദമ്പതികളുടെ പുത്രിയാണ്. 1960 ൽ ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എംകോം ബിരുദ്ധധാരിയാണ് ദാമോദർ ഗുജറാത്തി. സൗത്ത് ഏഷ്യയിൽ നിന്നുള്ള നിയമ വിദഗ്ധരെ ഫെഡറൽ ജഡ്ജിമാരായി നിയമിക്കുന്നതിൽ പ്രസിഡന്റ് ഒബാമയെ സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ അഭിനന്ദിച്ചു. ഒബാമയുടെ നാമനിർദേശം അതിവേഗം സെനറ്റ് അംഗീകരിച്ച നടപടിയെയും അസോസിയേഷൻ പ്രത്യേകം പ്രശംസിച്ചു. സംഘടനയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലും ഡയാൻ പ്രവർത്തിച്ചിരുന്നു.