ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡപ്രകാരം വായുമലിനീകരണം കുറയ്ക്കുന്നതിനായി നടപടികള്‍ എടുത്തിട്ടില്ലാത്ത കാറുകള്‍ പ്രധാന കാര്‍ ഉത്പാദകരെല്ലാം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ ഒന്ന് മുതല്‍ എല്ലാ ഡീസല്‍ കാറുകളും യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിക്കുന്ന ആറ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ട്രാന‍്സ്പോര്‍ട്ട്&എണ്‍വിയോണ്‍മെന്‍റ് ഗ്രൂപ്പ് പത്തില്‍ ഒരു കാര്‍മാത്രമാണ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുള്ളൂവെന്ന് വ്യക്തമാക്കുന്നു. ടെസ്റ്റ് ട്രാക്കില്‍ കാറുകള്‍ പലപ്പോഴും മാനദണ്ഡം പാലിക്കുന്നുണ്ടെങ്കിലും റോഡിലിറങ്ങുമ്പോള്‍ മാറ്റം വരുന്നുണ്ട്. അനുവദനീയമായ മലിനീകരണത്തിന്‍റെ അഞ്ച് മടങ്ങാണ് യൂറോപ്യന്‍ യൂണിയനിലെ ഡീസല്‍ കാറുകള്‍ മൂലമുള്ള വായു മലിനീകരണം. ഓഡിയാണ് മലിനീകരണത്തില്‍ മുന്നിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അനുവദനീയമായതിന്‍റെ 22 മടങ്ങാണ് ഓഡി മലിനീകരണം നടത്തുന്നത്.
23 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണം മാത്രമാണ് പുതിയ മാനദണ്ഡങ്ങള്‍ റോഡിലിറങ്ങുമ്പോള്‍ പാലിക്കുന്നത്. ഒപെല്‍, മേഴ്സിഡസ് ബെന്‍സ്, വോക്സ് വാഗന്‍, ബിഎം ഡബ്ലിയു തുടങ്ങിയ പ്രമുഖരെല്ലാം പരിശോധനയില്‍ പരാജയമാണ്. കാറുകള്‍ മാത്രമല്ല മലിനീകരണത്തിന് കുറ്റക്കാരാകുന്നത്. പുല്ല് ചെത്താനുള്ള ഉപകരണങ്ങള്‍ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രങ്ങള്‍ വരെ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ജനറേറ്റര്‍, കംപ്രസര്‍, പമ്പുകള്‍, ബുള്‍ഡോസറുകള്‍ തുടങ്ങിയവയെല്ലാം പ്രശ്നക്കാരാകുന്നുണ്ട്. യൂറോപില്‍ ആകെ തന്നെ പരിശോധന സംവിധാനം മതിയായതല്ലെന്നും ചണ്ടികാണിക്കുന്നുണ്ട്. കാര്‍ ഉത്പാദകര്‍ തന്നെ രണ്ട് വിധത്തിലുള്ള സംവിധാനം ഉപയോഗിക്കുന്നുണ്ട് യുഎസില്‍ കുറെ കൂടി മികച്ച സംവിധാനങ്ങള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ യൂറോപിലെത്തുമ്പോള്‍ സ്ഥിതി മാറുന്നുണ്ട്. ഇത് മൂലം കൂടുതല്‍ മലിനീകാരികള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
നിരത്തിലിറങ്ങുന്ന കാറുകള്‍ക്ക് പുതിയ പരിശോധന സംവിധാനം വേണം. എന്നാല്‍ ഇത് 2018 വരെ നടപ്പാക്കാന‍് പറ്റാത്ത സാഹചര്യമാണ്. ഇത്തരമൊരു സംവിധാനം വരുന്നതിനെ കാര്‍ ഉത്പാദകര്‍ എതിര്‍ക്കുകയും നടപടികളെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ജൂലൈയില്‍ ഇതിനായി നിയമം മാറ്റാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീണ്ടിരിക്കുകയാണ്. നഗരങ്ങളിലെ മലിനീകരണത്തിന് മുഖ്യ കാരണം ഡീസല്‍ ഇന്ധനങ്ങളുടെ ജ്വലനമാണ്. യുഎസില്‍ മലിനീകരണം ഇല്ലാത്ത ഡീസല്‍ കാര്‍ ഉത്പാദകര്‍ വില്‍ക്കുന്നുണ്ട് ഇവിടെയും ഇതാവശ്യമാണ്. മൂന്നൂറ് യൂറോ എങ്കിലും ഇതിന് ചെലവ് വരും.
യൂറോപില്‍ പന്ത്രണ്ട് ശതമാനം കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉത്പാദനത്തിനും കാരണം കാറുകളാണ്. ഗതാഗത മേഖലയിലെ ഏറ്റവും വലിയ കാര്‍ബണ്‍ പുറന്തള്ളലും കാറുകളാണ് നടത്തുന്നത്. 2012ല്‍ അഞ്ച് ലക്ഷം പേരാണ് വായു മലിനീകരണം മൂലം യൂറോപില്‍ മാത്രം അകാല ചരമമടഞ്ഞത്. യാത്രാ കാറുകളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണത്തില്‍ അയര്‍ലന്‍ഡിന് ആറാം സ്ഥാനമാണ് യൂറോപ്യന്‍ യൂണിയനില്‍. ഏറ്റവും മികച്ച കാറുകള്‍ നെതാര്‍ലാന്‍ഡ് , ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ്. മലിനീകരണ തോതില്‍ മുന്‍ പന്തിയില്‍ ഉള്ള വാഹനങ്ങള്‍ എസ്തോണിയ, ലാത്വിയ, ബള്‍ഗേറിയ രാജ്യങ്ങളിലുമാണുള്ളത്.