ദുബായ്: ഈച്ച പരത്തുന്ന മാരക രോഗം ഗള്‍ഫ് മേഖലയിലും പടരുന്നത് ആശങ്കക്കിടയാക്കുന്നു. ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് എന്ന പേരിലറിയപ്പെടുന്ന ചര്‍മ്മരോഗം ഗള്‍ഫ് മേഖലയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രക്തം കുടിക്കുന്ന ഒരിനം മണലീച്ചയാണ് രോഗവാഹകര്‍. ഇവയില്‍ നിന്നും ശരീരത്തില്‍ കടന്നുകയറുന്ന ഒരു പരാദജീവി ചര്‍മത്തില്‍ കാന്‍സറിനു സമാനമായ പുണ്ണുകളും പൊട്ടലും അഴുകലും ഉണ്ടാകാന്‍ കാരണമാകും.
സിറിയയില്‍ നൂറ്റാണ്ടുകളോളം നിലനിന്ന രോഗമാണിത്. അലപ്പോ ഈവിള്‍ എന്നറിയപ്പെടുന്ന ഈ രോഗം സിറിയയിലെ അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമായതിനൊപ്പം പകരുകയായിരുന്നു. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തന്നെയാണ് ഈ രോഗം പടരാന്‍ തുടങ്ങിയതെന്ന് പ്ലോസ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പറയുന്നു. ലിബിയയിലും യെമനിലും സമാന സ്ഥിതിയാണുള്ളത്.
അഭയാര്‍ത്ഥികളിലൂടെയാണ് 2014ല്‍ പശ്ചിമാഫ്രിക്കയില്‍ എബോള പടര്‍ന്നത്. അതുകൊണ്ടുതന്നെ ഈ മഹാവിപത്ത് ഭീഷണി ആകുന്നതിനുമുമ്പ് രോഗം പടരാതെ ഇവരെ സംരക്ഷിക്കണമെന്നും യു.എസ് നാഷണല്‍ സ്‌കൂള്‍ ഓഫ് ട്രോപിക്കല്‍ മെഡിസിനിലെ ഡീന്‍ പീറ്റര്‍ ഹോടെസ് ചൂണ്ടിക്കാട്ടി. സിറിയയിലെ ആരോഗ്യ രംഗം തകര്‍ത്തെറിയപ്പെട്ടതാണ്. ഒരിക്കല്‍ ആരോഗ്യ രംഗത്ത് പേരുകേട്ട സിറിയയിലെ ആശുപത്രികള്‍ അടയ്ക്കുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്തു.
2011ല്‍ 23,000 പേര്‍ക്കാണ് സിറിയയില്‍ ഈ രോഗം ബാധിച്ചതെങ്കില്‍ ആഭ്യന്തര യുദ്ധം കനത്തതോടെ രണ്ടുവര്‍ഷം കൊണ്ട് രോഗബാധിതരുടെ എണ്ണം 41, 000 ആയതായി പ്ലോസ് ഗവേഷണത്തില്‍ കണ്ടെത്തി. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെത്തിച്ചേര്‍ന്ന സമീപ രാജ്യങ്ങളിലും രോഗമുള്ളതായി സ്ഥീരികരിക്കപ്പെട്ടിട്ടുണ്ട്.
തുര്‍ക്കി, ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളിലേക്കും രോഗം പടരുകയാണ്. യെമനില്‍ പ്രതിവര്‍ഷം പതിനായിരം രോഗികളാണുണ്ടാകുന്നത്. സൗദി അറേബ്യയിലേക്ക് യമനില്‍ നിന്നും കുടിയേറ്റമുണ്ടാകുന്നതിനാല്‍ അവിടേക്കും രോഗം ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.