ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ കാറില്‍ ഒളിപ്പിച്ച സംഭവത്തിലില്‍ ദുരൂഹത വര്‍ധിക്കുന്നു. 32കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതില്‍ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തില്‍ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുന്‍ കാമുകന്‍ ഡോ. ഹര്‍ഷവര്‍ധന്‍ നാര്‌ദെയുടെ അപകട മരണത്തിനു പ്രീതിയുടെ കൊലയുമായി എന്തുമാത്രം ബന്ധമുണ്ടെന്നു കണ്ടെത്താനാണു പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റര്‍ മാറിയാണു ഡോ. ഹര്‍ഷവര്‍ധന്‍ നാര്‌ദെ മരിച്ചുകിടന്നത്.

ഹര്‍ഷവര്‍ധന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ന്യൂ ഇംഗ്ലണ്ട് ഹൈവേയില്‍ ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുന്‍ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹര്‍ഷവര്‍ധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറയുന്നു. കാറില്‍ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റര്‍ ദൂരെയായി മുന്‍ കാമുകന്‍ അപകടത്തില്‍പ്പെട്ടു മരിച്ചതു ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ നിഗമനം. പ്രീതിയുടെ ദുരൂഹമരണത്തില്‍ തന്റെ പങ്കു കണ്ടുപിടിക്കാതിരിക്കാന്‍ ആലോചിച്ചുറപ്പിച്ച അപകടമരണമാണ് ഹര്‍ഷവര്‍ധന്റേതെന്നാണു നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടാംവര്‍ത്തില്‍നിന്നു സിഡ്‌നിയിലേക്കു 400 കിലോമീറ്റര്‍ യാത്ര ചെയ്തു തുടര്‍പഠനത്തിനെന്ന പേരില്‍ ഹര്‍ഷവര്‍ധന്‍ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു. മറ്റൊരാളെ പരിചയപ്പെട്ടെന്നും അയാളുമായുള്ള ബന്ധം ഗൗരവമുള്ളതാണെന്നും ഹര്‍ഷവര്‍ധനെ പ്രീതി അറിയിച്ചെന്നു പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദ് ഡൈലി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ എന്നൊരു സന്ദേശം പ്രീതി ഹര്‍ഷവര്‍ധനു കൈമാറി. ഇരുവരും നിരവധി സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അയച്ചിട്ടുണ്ട്. എന്നാല്‍, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ചരിത്രമോ ഹര്‍ഷവര്‍ധന് ഇല്ലെന്നതു അന്തിമ നിഗമനങ്ങളില്‍ എത്തുന്നതിനു പൊലീസിനു തടസ്സമാണ്. ശനിയാഴ്ച രാത്രിയില്‍ ഇരുവരും സന്തോഷത്തോടെ ഹോട്ടല്‍ ലോബിയില്‍ സംസാരിക്കുന്നതു കണ്ടതായി പ്രീതിയുടെയും ഹര്‍ഷവര്‍ധന്റെയും പൊതുസുഹൃത്തായ സഹപ്രവര്‍ത്തകന്‍ ഓര്‍മിച്ചു.

രാത്രി ഏഴു മണിക്കു കോണ്‍ഫറന്‍സ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു. ദീര്‍ഘനാളായി ഇവരുടെ ബന്ധത്തെപ്പറ്റി അറിയാം. ആ ഊഷ്മളത ഇരുവരുടെയും പെരുമാറ്റത്തിലുണ്ടായിരുന്നു. കോണ്‍ഫറന്‍സിനു പിന്നാലെ ഹര്‍ഷവര്‍ധന്‍ ഫേസ്ബുക്ക് അക്കൗണ്ട് കളഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അസ്വാഭാവികമായി തോന്നുന്നുവെന്നും സഹപ്രവര്‍ത്തകന്‍ പറയുന്നു. കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ക്കുശേഷം പുലര്‍ച്ച 2.15ന് സിഡ്‌നി സ്ട്രാന്‍ഡ് ആര്‍ക്കേഡിലെ മക്‌ഡൊണാള്‍ഡ്‌സിലെ സിസിടിവിയില്‍ പ്രീതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കൗണ്ടറില്‍ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോള്‍ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാര്‍ക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്.

അഞ്ചു മിനിറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തില്‍ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം. ‘നന്നായി അറിയാവുന്ന പുരുഷന്റെ’ ഒപ്പമാണ് അന്നു ഹോട്ടലില്‍ പ്രീതി താമസിച്ചിരുന്നതെന്നു പൊലീസ് വക്താവ് പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെന്റിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചു. സമയമായിട്ടും പ്രീതി വരാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. പ്രീതിയെ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തില്‍ ഫേസ്ബുക്ക് പേജ് തയാറാക്കി.

ഞായറാഴ്ച ഉച്ചതിരിഞ്ഞു ഹോട്ടലിലെ ചുമട്ടുകാരന്റെ സഹായത്തോടെ ഹര്‍ഷവര്‍ധന്‍ വലിയൊരു സ്യൂട്ട്‌കേസ് കാറിലേക്കു മാറ്റുന്നതും സിസിടിവിയിലുണ്ട്. മാധ്യമവാര്‍ത്തകള്‍ പ്രകാരം, ഈ പെട്ടിയിലുണ്ടായിരുന്നത് പ്രീതിയുടെ മൃതദേഹമാണെന്നാണു സൂചന. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണു സിഡ്‌നിയുടെ കിഴക്കന്‍ പ്രാന്തപ്രദേശത്തുനിന്നാണു കാറില്‍ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രീതിയെ കാണാനില്ലെന്ന പരാതിക്കുപിന്നാലെ ഹര്‍ഷവര്‍ധനെ ചോദ്യം ചെയ്തിരുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഗാവിന്‍ ഡെന്‍ഗേറ്റ് പറഞ്ഞു.

അടുത്തദിവസമായ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു കാറപകടത്തില്‍ ഹര്‍ഷവര്‍ധന്‍ മരിച്ചത്. പ്രീതിയുടെ മരണത്തില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും പങ്കില്ലെന്നാണു പൊലീസിന്റെ നിലപാട്. എങ്കിലും പ്രീതിയുടെ അവസാന നിമിഷങ്ങളും സംഭവത്തിന്റെ തുടര്‍ കണ്ണികളും ചേര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതേപ്പറ്റി എന്തെങ്കിലും അറിയുമെങ്കില്‍ പങ്കുവയ്ക്കണമെന്നു പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top