ഹൂസ്റ്റണ്‍: കേരളത്തിലെ തെരുവുനായ വിഷയം മാധ്യമങ്ങളിലും, തിരഞ്ഞെടുപ്പില്‍ വരെ വ്യാപക ചര്‍ച്ചയായിരിക്കെ അമേരിക്കയിലെ ഹൂസ്റ്റണിലും തെരുവുനായയുടെ ആക്രമണം. നോര്‍ത്ത് ഹൂസ്റ്റണ്‍ ഫോറസ്റ്റ് വുഡ് സബ്ഡിവിഷനില്‍ ഇന്നു രാവിലെ ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരുക്കു പറ്റിയതായി ഹാരിസ് കൗണ്ടി ഷെറീഫ് സാര്‍ജന്റ് സെഡ്രിറിക് സെഡറില്‍ കോളിയര്‍ അറിയിച്ചു.
രാവിലെ കുട്ടികള്‍ സ്‌കൂള്‍ ബസില്‍ പോകുന്നതിനു വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട ഉടനെയായിരുന്നു ഒരു പറ്റം തെരുവുനായ്ക്കള്‍ ആക്രമണം നടത്തിയത്. കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ അന്റോണിയോ എന്നയാളെ തെരുവുനായ്ക്കള്‍ കയ്യിലും കാലിലും കടിച്ചു പരുക്കേല്‍പ്പിച്ചു. ഇവിടെ നിന്നും ഓടിപ്പോയ നായ്ക്കള്‍ മറ്റൊരു സ്ത്രീയെയും ഇവര്‍ക്കു പിന്നാലെ എത്തിയ മറ്റൊരു പുരുഷനെയും ആക്രമിച്ചു.
വിവരംലഭിച്ചതിനെ തുടര്‍ന്നു എത്തിയ പൊലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഒറു പട്ടിയെ വെടിവച്ചിടുകയും, മറ്റൊന്നിനെ മയക്കുവെടിവച്ചു പിടിക്കുകയും ചെയ്തു. മൂന്നാമത് ഒന്ന് ഓടിരക്ഷപെട്ടു. ഇതിനിടെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. മൂന്നു പട്ടികളും വളരെ ആക്രമണകാരികളാണെന്നും സൂക്ഷിക്കണമെന്നും പൊലീസ് സമീപവാസികള്‍ക്കു മുന്നറിയിപ്പു നല്‍കി. പട്ടികളെ വളര്‍ത്തുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാണെങ്കിലും പല സ്ഥലത്തും തെരുവുകളില്‍ പട്ടികള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും ചിലപ്പോള്‍ അക്രമിക്കുന്നതും സാധാരണയാണ്.