ന്യൂ യോര്‍ക്ക് : ഫ്‌ലഷിംഗ് മെഡോസ് പാര്‍ക്കില്‍ വച്ച് നടന്ന ഡ്രാഗണ്‍ബോട്ട് റേസില്‍ പങ്കെടുത്ത് വിജയശ്രീ ലാളിതരായ ഭാരത് ബോട്ട് ക്ലബ്ബിലെ ടീമംഗങ്ങളെ അനുമോദിക്കുന്നതിന് റോക്ക് ലാന്‍ഡിലുള്ള ശ്രീ കൃഷ്ണരാജ് മോഹനന്റെ വസതിയില്‍ വച്ച് സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച്ച വൈകിട്ട് പ്രസിഡന്റ് ജോണ്‍ താമരവേലിയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം കൂടുകയുണ്ടായി.
ഭാരത് ബോട്ട് ക്ലബ്ബിന്റെ രക്ഷാധികാരികളില്‍ ഒരാള്‍ കൂടിയായ കൃഷ്ണരാജ് മോഹനന്‍ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ടീമിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് മത്സരത്തില്‍ വിജയിക്കാനായത് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും പ്രസിഡന്റ് ജോണ്‍ താമരവേലി പറഞ്ഞു. ഒക്ടോബര്‍ 3ന് ഫ്‌ലോറിഡയില്‍ വച്ച് കേരള സമാജം സംഘടിപ്പിക്കുന്ന പത്താമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുത്തു വിജയം കൈവരിക്കാന്‍ ഭാരത് ബോട്ട് ക്ലബ് റെഡിയായിക്കഴിഞ്ഞു വെന്ന് ക്യാപ്റ്റന്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള അറിയിച്ചു.
ന്യൂ യോര്‍ക്കില്‍ നേടിയ വിജയം ഫ്‌ലോറിഡായിലും ആവര്‍ത്തിക്കണമെങ്കില്‍ കൂട്ടായും യോജിപ്പോടുകൂടിയുമുള്ള അദ്ധ്വാനം ഒന്നുകൊണ്ടു മാത്രമേ കഴിയുകയുള്ളു എന്ന് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ടീമിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.
തുടര്‍ന്ന് സെക്രട്ടറി ചെറിയാന്‍ ചാക്കാലപ്പടിക്കല്‍ ടീമിനെ അനുമോദിക്കുകയും ഫ്‌ലോറിഡയിലെ മത്സരത്തില്‍ വിജയം മാത്രമാണ് ലക്ഷ്യം ഇടുന്നത് എന്നും പറഞ്ഞു.
ടീം മാനേജര്‍ കോശി ചെറിയാന്‍, ടീമംഗങ്ങളെ അഭിനന്ദിക്കുകയും ഫ്‌ലോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ വിജയശ്രീലാളിതരായി മടങ്ങിവരാന്‍ എല്ലാവരും ആശീര്‍വദിക്കണം എന്നും അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് നടന്ന സജീവ ചര്‍ച്ചയില്‍ കെ.ജി. ജനാര്‍ദ്ദനന്‍, പ്രൊഫ. ജോസഫ് ചെറുവേലി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ അലക്‌സ് തോമസ്, ജയപ്രകാശ് നായര്‍, കോക്യാപ്റ്റന്‍ എബ്രഹാം തോമസ്, ട്രഷറര്‍ വിശാല്‍ വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൃഷ്ണരാജ് മോഹനന്‍ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം യോഗം പിരിഞ്ഞു.
ജയപ്രകാശ് നായര്‍