ആധുനിക സംസ്കാരത്തെയും,നാണയ തുട്ടിനെയും മാത്രം സ്നേഹിക്കുന്ന പുതിയ തലമുറ അവര്‍ക്ക് മുന്നിലുള്ളത് സ്വന്തം മാതാപിതാക്കള്‍ ആണെങ്കില്‍ കൂടിയും ഉപയോഗമുള്ളതിനെ മാത്രം സ്വീകരിക്കുക അല്ലാത്തതിനെ ഉപേക്ഷിക്കുക എന്ന തത്വം മുറുകെ പിടിക്കുന്നതിനാല്‍ വിധിയെ പഴിച്ചു നരക ജീവിതം നയിക്കുവാന്‍ വൃദ്ധരായ മാതാപിതാക്കള്‍ നിര്‍ബന്ദ്ധിതരായിരിക്കുകയാണിപ്പോള്‍.
സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുവാനായ് വിദേശ വാസം സ്ഥിരമാക്കിയിരിക്കുന്നവരുടെ മാതാപിതാക്കളുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല.ഈ അടുത്ത കാലം വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും,കയറിക്കിടക്കാന്‍ ഒരിടവും നല്കാന്‍ മനസ് കാട്ടിയിരുന്ന മക്കളും,മരുമക്കളും ജീവിക്കുക എന്ന ആവശ്യത്തിനപ്പുറം എല്ലാം വെട്ടിപ്പിടിക്കണമെന്നുള്ള ദുരാഗ്രഹത്തില്‍ നെട്ടോട്ടമോടുമ്പോള്‍ പ്രായം ചെന്ന മാതാപിതാക്കള്‍ അവര്‍ക്കൊരു ഭാരമായി തോന്നിയിരിക്കുന്നു.തങ്ങള്‍ക്ക് ജന്മം നല്കി,സ്നേഹത്തോടെ പോറ്റി വളര്‍ത്തി ജീവിക്കാന്‍ പ്രാപ്തരാക്കിയവരുടെ അവസാന ചില്ലിക്കാശും കൈക്കലാക്കി നിര്‍ദാര്‍ഷിണ്യം വൃദ്ധസദനങ്ങളിലേക്ക് അയക്കപ്പെടുന്നു.
ബാല്യവും,യൗവ്വനവും,കൗമാരവുമെന്നപൊലെ വാര്‍ദ്ധക്യവും ജീവിതത്തിന്റെ ഭാഗമാണന്നും നാളെ നമ്മളും ഈ ഒരവസ്ഥയിലൂടെ കടന്നു പോകേണ്ടവരാണന്നും മനസിലാക്കാതെ വൃദ്ധരായ മാതാപിതാക്കളെ വെറുക്കപ്പെടുന്ന അവസ്ഥയാണിന്നെവിടെയും.പ്രത്യക്ഷമായോ,പരോക്ഷമായോ നമ്മള്‍ യു.കെ മലയാളികളും ഈ ഒരവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട് താനും.അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ 20 ഞായറാഴ്ച ക്രോയ്ടോണില്‍ നടക്കുന്ന പൊന്നോണം 2015-ല്‍ അവതരിപ്പിക്കുന്ന ‘സ്നേഹാലയം’ എന്ന നാടകത്തിന്റെ പ്രസക്തിയും, ഇതിവൃത്തവും ശ്രദ്ധേയവുമാണ്.കഷ്ടപ്പാടുകളും,ബുദ്ധിമുട്ടുകളും ഏറെ സഹിച്ചു മക്കള്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസം നല്കി ഉന്നത പദവിയിലെത്തിക്കുന്ന വൃദ്ധരായ മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാനിക്കാതെ സ്വമേധയാ വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ഏറെ കഴിയും മുന്‍പ് തന്നെ അവളുടെ വാക്കുകള്‍ക്കു വശം വദനായി സ്വന്തം മാതാപിതാക്കളെ നിര്‍ബന്ധപൂര്‍വം വൃദ്ധ സദനങ്ങളിലേക്ക് പറഞ്ഞയക്കുന്നതുള്‍പ്പെടെ നമ്മുടെ സമൂഹത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും,നാളെയൊരു സാമൂഹിക വിപത്തായി മാറാവുന്നതുമായ സംഭവത്തിന്റെ നാടാകാവിഷ്കാരമാണ് സ്നേഹാലയം. സംഘര്‍ഷ ഭരിതമായ മനസുകളുടെ ആത്മ നൊമ്പരത്തിന്റെ കഥ പറയുന്ന ഈ നാടകത്തില്‍ സ്നേഹത്തിന്റെ,ത്യാഗത്തിന്റെ,ലാളനയുടെ അമൂര്‍ത്ത ഭാവങ്ങള്‍ ഉള്‍ക്കൊണ്ടു അമ്മയും,ഭാര്യയും,സഹോദരിയും,കാമുകിയുമാകുന്ന സ്ത്രീ ഒരു ശക്തി ദുര്‍ഗയായി മാറുമ്പോള്‍ കുടുംബ ബന്ദ്ധത്തിലുണ്ടാകുന്ന മാനസിക സംഘര്‍ഷവും,അസഹിഷ്ണുതയും പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതോടൊപ്പം പഴകിയ വസ്ത്രങ്ങള്‍ കുപ്പത്തൊട്ടിയില്‍ നിര്‍ദാര്‍ഷിണ്യം ഉപേക്ഷിക്കും പോലെ പ്രായം ചെന്ന മാതാപിതാക്കളെ നിഷ്കരുണം പെരു വഴികളില്‍ ഉപേക്ഷിക്കുന്ന ആധുനിക കാലത്തിന് നന്മകൊണ്ടു ഉത്തരം കണ്ടെത്തുവാനുള്ള എളിയ ശ്രമം കൂടി നടത്തുകയാണ് പൊന്നോണം 2015 ന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ‘സ്നേഹാലയം’ എന്ന നാടകം.
കെ.സി.ഡബ്ല്യു.എ ട്രസ്റ്റും,സംഗീത ഓഫ് ദി യു.കെയും,ഫ്രണ്ട്സ് ഓഫ് കേരളയും സംയുക്തമായി ഒരുമിച്ചു ഒരു കുടക്കീഴില്‍ അണിനിരന്ന് കൊണ്ട് സെപ്റ്റംബര്‍ 19-20 ശനി,ഞായര്‍ ദിവസങ്ങളിലായി ക്രോയ്ഡോണ്‍ ആര്‍ച്ച് ബിഷപ് ലാന്‍ ഫ്രാങ്ക് അക്കാഡമിയില്‍ വച്ചു നടത്തുന്ന യു.കെയിലെ ഏറ്റവും മികച്ച ഓണാഘോഷ പരിപാടികളില്‍ രണ്ടാം ദിവസമായ ഞായറാഴ്ച നാടകത്തിന് പുറമേ മലയാള ചലച്ചിത്ര ഗാന രംഗത്തെ പ്രശസ്ഥരായ ഗായകര്‍ അന്‍വര്‍ സാദത്ത്,സിതാര,രാഗേഷ് ബ്രഹ്മാനന്ദന്‍,ശബരീഷ് എന്നിവരുടെ ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയുള്ള ഗാനമേളയും,യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും,കേരളത്തിന്റെ തനതു കലാ രൂപങ്ങളായ തിരുവാതിര,ചെണ്ട മേളം,തെയ്യം തുടങ്ങിയ വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
On Saturday 19/09/2015 & Sunday 20/09/2015